സ്വർണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു
Mail This Article
സംസ്ഥാനത്ത് വെള്ളിയാഴ്ചയും സ്വർണവിലയിൽ മാറ്റമില്ല. നാല് ദിവസമായി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നു. ഗ്രാമിന് 5,685 രൂപയിലും പവന് 45,480 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു ചൊവ്വാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്. രാജ്യാന്തര ഓഹരി വിപണികൾ ഇടിഞ്ഞാൽ സ്വർണം വീണ്ടും കുതിച്ചേക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വെള്ളി ഒരു ഗ്രാമിന് 79 രൂപയാണ് ഇന്ന് വില. ഇതിനിയിൽ വെള്ളിയാഭരണങ്ങൾക്ക് ഹാൾമാർക്കിംങ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS)കൊച്ചി ഓഫീസിൽ വ്യാപാരികളുമായി ചർച്ച നടത്തി.
വെള്ളിയാഭരണങ്ങളിൽ ഹാൾമാർക്ക് സംവിധാനം ഏർപ്പെടുത്തുമ്പോൾ 92.5%, 90%, 80%, 70% തുടങ്ങിയ സ്റ്റാൻഡേർഡുകളിൽ ആഭരണങ്ങൾ വിൽക്കുവാനുള്ള അനുമതി ഉണ്ടാകണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നത് ഈ സ്റ്റാൻഡേർഡിൽ ഉള്ളതാണെന്ന്ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്ത സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു. സ്വർണ്ണത്തിന് ഹാൾമാർക്കിംങ് സംവിധാനം ഏർപ്പെടുത്തിയപ്പോൾ ഏതെല്ലാം കാരറ്റിൽ സ്വർണാഭരണങ്ങൾ നിർമ്മിക്കാൻ കഴിയുമോ ആ കാരറ്റുകൾക്ക് എല്ലാം അനുമതി നൽകുകയാണ് ഉണ്ടായത്. നിഷ്കർഷിക്കുന്ന കാരറ്റുകളിൽ പരിശുദ്ധി ഉണ്ടായിരിക്കണമെന്നുള്ള നിബന്ധന മാത്രമാണ് വെച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ ആഭരണങ്ങൾ വിറ്റഴിക്കപ്പെടുന്ന കാരറ്റുകളിൽ ഹാൾ മാർക്കിങ് പരിശുദ്ധി രേഖപ്പെടുത്തി നൽകണമെന്ന് ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ ആവശ്യപ്പെട്ടു.