റെക്കോർഡ് നിരക്കിൽ നിന്ന് സ്വർണവില താഴേയ്ക്ക്

Mail This Article
സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ നിന്നും സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു ഗ്രാമിന് 5,750 രൂപയിലും പവന് 46,000 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ചു ഗ്രാമിന് 5,810 രൂപയിലും പവന് 46,480 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇത് സർവകാല റെക്കോർഡ് നിരക്കാണ്. ഒക്ടോബർ 28,29 തീയതികളിൽ രേഖപ്പെടുത്തിയ റെക്കോർഡ് നിരക്കായ ഗ്രാമിന് 5,740 രൂപയെയും പവന് 45,920 രൂപയെയുമാണ് ഇന്നലത്തെ വില മറി കടന്നത്.
നവംബർ ഒന്നിന് 45,120 രൂപയായിരുന്ന സ്വർണം ഇത് വരെ രേഖപ്പെടുത്തിയ രണ്ടാമത്തെ ഏറ്റവും വലിയ വിലയിലാണ് മാസാവസാനവും വ്യാപാരം.
യുഎസ് കടപ്പത്ര വരുമാനം കുറഞ്ഞതും, യുദ്ധ പ്രതിസന്ധി നിലനിൽക്കുന്നതും, ചൈനയിലെ ആരോഗ്യ മേഖലയിലെ സുഖകരമല്ലാത്ത വാർത്തകളും രാജ്യാന്തര സ്വർണവില വർധിക്കാൻ കാരണമായി. ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്വർണവില ട്രോയ് ഔൺസിന് 2100 ഡോളർ വരെ എത്തിയേക്കാം എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. അതേ സമയം നവംബർ 13ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,545 രൂപയും പവന് 44,360 രൂപയുമാണ് സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണവില ഉയരുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ സ്വർണാഭരണ വില്പന മന്ദഗതിയിലാണ്. വിവാഹങ്ങൾക്കുള്ള അത്യാവശ്യ പർച്ചേസ് മാത്രമാണ് ഇപ്പോൾ നടക്കുന്നത്. നൂലുകെട്ട് പോലെയുളള ചെറിയ ചടങ്ങുകൾക്കുള്ള ആഭരണ വിൽപ്പന വളരെ കുറവാണ് എന്ന് വ്യപരികൾ പ്രതികരിച്ചു.