ADVERTISEMENT

ഇന്ത്യക്കാർക്ക് സ്വര്‍ണത്തിനോടുള്ള ഇഷ്ടം പണ്ടേ പ്രസിദ്ധമാണ്. ആഭരണം എന്ന നിലയിലും നിക്ഷേപത്തിനും കുടുംബത്തിലെ ശുഭകാര്യങ്ങൾക്കുള്ള തുടക്കം എന്ന നിലയിലും മതപരമായ ചടങ്ങുകൾക്കും വിവാഹം പോലുള്ള മംഗളങ്ങൾക്കും ഇന്ത്യക്കാർക്ക് സ്വർണമില്ലാതെ പറ്റില്ല. സമൂഹത്തിന്റെ മേൽത്തട്ടിലുള്ളവർ ഡിജിറ്റൽ സ്വർണത്തിലാണ് ഇപ്പോൾ കൂടുതൽ നിക്ഷേപിക്കുന്നതെങ്കിൽ താഴെ തട്ടുകാർ സ്വർണ ആഭരണങ്ങളിലാണ് നിക്ഷേപം നടത്തുന്നത്. സാധാരണക്കാർക്ക് സ്വർണം അല്ലാതെ മറ്റ് നിക്ഷേപ മാർഗ്ഗങ്ങൾ അത്ര പരിചിതമല്ലാത്തതാണ്  സ്വർണത്തിലേക്ക് പണമൊഴുക്കാനുള്ള ഒരു പ്രധാന കാരണം. 

ഡോളർ ശക്തിപ്പെട്ടാൽ സ്വർണ വില കുറയും 

ഒരു ആസ്തി എന്ന നിലയിൽ സ്വർണ വില ഡോളർ വിലയുമായി  വിപരീതമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വർണ്ണത്തിന്റെ വില ഡോളറിലായതിനാൽ, ഡോളറിന്റെ വർദ്ധനവ് സ്വർണത്തെ  നിക്ഷേപമെന്ന നിലയിൽ ശ്രദ്ധേയമാക്കും, ഡോളർ വില കൂടിയാൽ സ്വർണത്തിന്റെ ഡിമാൻഡ് കുറയും.  എന്നാൽ  ഡോളർ വില കുറഞ്ഞാൽ സ്വർണത്തിനു ഡിമാൻഡ് കൂടും. 

goldnew7

ആഗോള അനിശ്ചിതത്വം

ആഗോളതലത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നത് സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടുന്നുണ്ട്. കേന്ദ്ര ബാങ്കുകൾ എല്ലാം തന്നെ സ്വർണത്തിൽ നിക്ഷേപിക്കാൻ ഈ വര്‍ഷം പ്രത്യേകം താല്‍പ്പര്യപ്പെട്ടിരുന്നു. കാലാകാലങ്ങളായി യുദ്ധം, ക്ഷാമം, സാമ്പത്തിക അസ്ഥിര അന്തരീക്ഷം എന്നിവയെല്ലാം അതിജീവിക്കാൻ സ്വർണത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ വ്യക്തികളും, ധനകാര്യ സ്ഥാപനങ്ങളും, കേന്ദ്ര ബാങ്കുകളും ശ്രദ്ധിച്ചിരുന്നു. ഇസ്രായേൽ ഹമാസ് സംഘർഷം തുടരുന്നതും, റഷ്യ യുക്രെയ്ൻ യുദ്ധം അവസാനിക്കാത്തതും, പണപ്പെരുപ്പം ഒരു രീതിയിലും മെരുങ്ങാത്തതും സ്വർണത്തിന്റെ തിളക്കം വരും വർഷങ്ങളിൽ വർധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അടുത്ത വർഷം  അക്ഷയ തൃതീയ ആകുന്നതോടെ സ്വർണം 10 ഗ്രാമിന് 68000 രൂപയിലെത്തുമെന്ന് 'എയ്ഞ്ചൽ വണ്ണിന്റെ' റിപ്പോർട്ടിൽ പറയുന്നു. ഇപ്പോഴത്തെ 63000 നിലയിൽ നിന്ന് പ്രതികൂല  സാഹചര്യങ്ങൾ ഉണ്ടായാൽ കൂടി  10 ഗ്രാമിന് 57000 രൂപ വരെയേ ഇടിയാൻ സാധ്യതയുള്ളൂ എന്നും ഈ റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു. 

അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ ശക്തി 

അമേരിക്കയിൽ ബാങ്കുകൾ തകര്‍ന്നതും ഈ വർഷം സ്വർണ ഡിമാൻഡ് കൂട്ടിയ കാര്യങ്ങളാണ്. അമേരിക്കൻ സമ്പദ് വ്യവസ്ഥയിലെ ഉപഭോക്തൃ ഡിമാൻഡ് കുറഞ്ഞാലും സ്വർണം ശക്തിപ്പെടും. ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിച്ചിരുന്ന പലരും കൈപൊള്ളി തിരിച്ച് സ്വർണത്തിലേക്ക് തിരിച്ചു വന്നതും ഈ വർഷം  സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടി.

ലോകം ഈ വർഷം  അവസാനം മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്ന പ്രവചനങ്ങളും സ്വർണത്തിന്റെ ഡിമാൻഡ് കൂട്ടി. എന്നാൽ ഇപ്പോഴുള്ള സാമ്പത്തിക അനിശ്ചിതത്വം 2030 വരെയെങ്കിലും തുടരുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ 2023 -30 കാലയളവിൽ സ്വർണം  12 ശതമാനം വളർന്ന്   2030-ഓടെ ഗോൾഡ് ബുള്ളിയൻ വിപണി 13155 കോടി ഡോളർ മൂല്യം കൈവരിക്കുമെന്ന് SkyQuest പ്രവചിക്കുന്നു.

goldnew1

സാമ്പത്തിക അനിശ്ചിതത്വം ഒരു സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണതിന്റെ  ആവശ്യകതയെ വര്‍ധിപ്പിക്കുന്നതോടൊപ്പം  സാമ്പത്തിക അസ്ഥിരതയുടെയോ മാന്ദ്യത്തിന്റെയോ കാലഘട്ടത്തിൽ, നിക്ഷേപകർ സ്വർണ്ണം വാഗ്ദാനം ചെയ്യുന്ന സ്ഥിരതയും മൂല്യ സംരക്ഷണവും തേടുന്നുണ്ട് . ഇതും  സ്വർണ്ണ ബുള്ളിയൻ വിപണിയുടെ വളർച്ചയ്ക്ക് കരുത്തേകും. അമേരിക്കയിലെ ഗാർഹിക നിക്ഷേപം കുറയുന്നതും , ക്രെഡിറ്റ് കാർഡ് കടം കൂടുന്നതും ഡോളർ ക്ഷയിക്കുന്നതും സ്വർണ വില ഉയർത്തുമെന്നാണ് മറ്റ്  കണക്കു കൂട്ടലുകൾ.

English Summary:

Why Gold is Favourite for All

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com