1,200 രൂപ ദിവസക്കൂലിക്കാരന് വേണ്ടി ഒരു ഫിനാൻഷ്യൽ പ്ലാൻ ഇതാ
Mail This Article
1,200 രൂപ ദിവസക്കൂലിക്കു ജോലി ചെയ്യുന്ന എനിക്ക് മാസത്തിൽ 15 ദിവസമേ പണി ഉണ്ടാകാറുള്ളൂ. 2 ആൺമക്കൾ ആണ് ഉള്ളത്. ഭാര്യ ഇല്ല. വാടക വീട്ടിലാണു താമസം (മാസവാടക–5,000 രൂപ). മാസം 5,000 രൂപ വാഹന വായ്പാ അടവുണ്ട്. ഒരു രൂപപോലും സമ്പാദ്യം ഇല്ല. ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ആവശ്യമായ നിർദേശം തരാമോ?
A
വളരെ കുറച്ചു വിവരങ്ങളേ താങ്കൾ നൽകിയിട്ടുള്ളൂ. ഒരു മാസം ഏകദേശം 18,000 രൂപ വരുമാനം ഉണ്ടെന്നും അതു മുഴുവനും വായ്‌പ അടവിനും മറ്റു ചെലവുകൾക്കുമായി പോകുമെന്നാണു മനസ്സിലാകുന്നത്. 40 വയസ്സിനുള്ളിലാണ് താങ്കളുടെ പ്രായമെങ്കിൽ ആദ്യമായി ചെയ്യേണ്ടത് കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് യോജന എന്ന മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ ചേരുക എന്നതാണ്. അഞ്ചു ലക്ഷം രൂപ വരെയുള്ള ആശുപത്രി ചികിത്സ ചെലവുകൾ ഒരു വർഷം താങ്കൾക്കും കുടുംബത്തിനും ലഭിക്കും. അടുത്തതായി വാർധക്യകാല പെൻഷൻ പദ്ധതിയായ അടൽ പെൻഷൻ യോജനയിൽ ചേരുക. പ്രതിമാസം ഏകദേശം ആയിരം രൂപ അതിലേക്ക് അടച്ചു പോയാൽ 60 വയസ്സുതൊട്ട് മരിക്കുന്നതുവരെ പ്രതിമാസം 5,000 രൂപ പെൻഷൻ ലഭിക്കും. താങ്കളുടെ അഭാവത്തിൽ അക്കൗണ്ടിലുള്ള തുക താങ്കളുടെ അവകാശികൾക്കു ലഭിക്കും.
ഇപ്പോഴത്തെ ചെലവുകൾ ചെറുതായി കുറച്ചാൽ ഇതൊക്കെ നടപ്പിലാക്കാൻ പ്രയാസമുണ്ടാവില്ല. വാഹന വായ്പയുടെ തിരിച്ചടവു കഴിഞ്ഞാലുടൻ കുട്ടികൾക്കുവേണ്ടി സമ്പാദ്യപദ്ധതി ആരംഭിക്കണം. ചെയ്യുന്ന ജോലിക്ക് അനുബന്ധമായി എന്തെങ്കിലും ജോലികൂടി ചെയ്യാനോ, അല്ലെങ്കിൽ അതിനാവശ്യമായ സാധനങ്ങളുടെ ബിസിനസ് ചെയ്യാൻ ശ്രമിച്ചാലോ അധികമായി വരുമാനം നേടാനാവും.
ഉദാഹരണത്തിന്, മുദ്ര ലോൺ എടുത്തു തട്ട് നിരത്താനുള്ള ഇരുമ്പു ഷീറ്റുകളും ഇരുമ്പു തൂണുകളും വാങ്ങുക. അത് മറ്റുള്ളവർക്കു വാടകയ്ക്കു കൊടുക്കാമല്ലോ. എത്രത്തോളം പ്രാവർത്തികം ആക്കാൻ പറ്റുമെന്ന് അറിയില്ല. താങ്കളെ ആ രീതിക്കു ചിന്തിക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഉദാഹരണം പറഞ്ഞുവെന്നു മാത്രം.
ലേഖകൻ PrognoAdvisor.com ന്റെ സ്ഥാപകനാണ്