മരണശേഷം കടങ്ങൾ എഴുതി തള്ളുമോ? അതോ മക്കൾ തിരിച്ചടയ്ക്കണോ?
Mail This Article
ഒരു വ്യക്തി മരിച്ച ശേഷം അയാൾക്കുള്ള കടങ്ങൾ ആര് തീർക്കുമെന്ന സംശയം പലർക്കുമുള്ളതാണ്. സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത വ്യക്തി ഈട് നൽകിയിരിക്കുന്ന വസ്തുവകകൾ ഉണ്ടാകും. ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും ഇവയിൽ നിന്ന് ലഭിക്കേണ്ട തുക തിരിച്ചു പിടിച്ചശേഷം ബാക്കി മാത്രം അവകാശികൾക്ക് കൊടുക്കും. മരിച്ചുപോയ വ്യക്തിയുടെ വിൽ പ്രകാരം മക്കൾക്കുള്ള വസ്തുവകകളായി കാണിച്ചിരിക്കുന്ന വസ്തുക്കളും ഈട് വെച്ചിട്ടുണ്ടെങ്കിലും കടം തീർത്തശേഷം ബാക്കിയുള്ളവ മാത്രമേ മക്കൾക്ക് അവകാശപ്പെടാനാകൂ. സഹാറ ഇന്ത്യ ഗ്രൂപ്പിന്റെ സ്ഥാപകനായ സുബ്രത റായിയുടെ മരണശേഷം ഇത്തരം ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. വിൽ പത്രം എഴുതാതെ മരിച്ചാൽ കാര്യങ്ങൾ കൂടുതൽ കുഴഞ്ഞുമറിയുന്ന രീതിയിലേക്ക് എത്തിച്ചേരും എന്നതിന് ഉദാഹരണങ്ങള്‍ പല ഇന്ത്യൻ ബിസിനസ് കുടുംബങ്ങളിലും സംഭവിച്ചിട്ടുണ്ട്.
ക്രെഡിറ്റ് കാർഡ് കടങ്ങൾ
ക്രെഡിറ്റ് കാർഡ് കടങ്ങളും മരണശേഷം അടച്ചു തീർക്കേണ്ടതായി വരും. പലരുടെയും കേസിൽ ക്രെഡിറ്റ് കാർഡ് ഉണ്ടെന്നുള്ളത് പോലും ജീവിത പങ്കാളിയും, കുട്ടികളും നാളുകൾക്ക് ശേഷമായിരിക്കും തിരിച്ചറിയുക. ഇത്തരം സാഹചര്യങ്ങളിൽ ക്രെഡിറ് കാർഡ് കടങ്ങൾ കുമിഞ്ഞു കൂടി വൻ ബാധ്യത ആയിട്ടുള്ള കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു വ്യക്തി മരിച്ചാലുടൻ ക്രെഡിറ്റ് കാർഡുകൾ ഫ്രീസ് ചെയ്യണം. അത്തരത്തിലുള്ള ബാധ്യതകൾ കൊടുത്ത് തീർക്കേണ്ടത് ജോയിന്റ് അക്കൗണ്ട് ഉടമയുടെയോ, നോമിനിയുടെയോ ഉത്തരവാദിത്തമാണ് .അതല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളും ഉണ്ട്. കൊടുത്ത കടം തിരിച്ചു പിടിക്കാൻ ആസ്തികൾ ഒന്നും ഇല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കടങ്ങൾ ബാങ്കുകൾക്ക് ഉപഭോക്താവിന്റെ മരണത്തോടെ എഴുതി തള്ളേണ്ടി വന്ന കേസുകളും ഉണ്ട്.
ഭവന വായ്പ
ഭവന വായ്പ അടച്ചു തീർക്കാതെ മരിച്ചാൽ ബാങ്കുകൾക്ക് അത് ബന്ധുക്കളോട് അടച്ചു തീർക്കാൻ ആവശ്യപ്പെടാം. മരിച്ച ആളുടെ ബന്ധുക്കൾ വായ്പ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബാങ്കിന് വീട് ജപ്തി ചെയ്യാൻ നിയമപരമായി അവകാശമുണ്ട്. ജപ്തി നടത്തി ബാങ്കിന് ലഭിക്കേണ്ട തുക എടുത്തശേഷം ബാക്കിയുള്ളത് ബന്ധുക്കൾക്ക് കൊടുക്കും.
വിദ്യാഭ്യാസ വായ്പ
വിദ്യാഭ്യാസ വായ്പ അടച്ചു തീർത്തിട്ടില്ലെങ്കിൽ വായ്പക്കായി കൂടെ ഒപ്പിട്ട വ്യക്തി കടം അടച്ചു തീർക്കേണ്ടതായി വരും. മരണ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ വായ്‌പ എടുത്ത വ്യക്തിക്ക് ലൈഫ് ഇൻഷുറൻസ് ഉണ്ടെങ്കിൽ അതിൽ നിന്നും വായ്പ തിരിച്ചു പിടിക്കും.
വാഹന വായ്പ
വാഹന വായ്പ എടുത്ത വ്യക്തി മരിച്ചാൽ കുടുംബാംഗങ്ങൾ വായ്പ അടച്ചു തീർക്കേണ്ടതായി വരും. വായ്പ കുടുംബാംഗങ്ങൾ അടച്ചില്ലെങ്കിൽ ബാങ്കുകൾക്ക് കാർ തിരിച്ചുപിടിക്കാൻ അധികാരം ഉണ്ട്. ലൈഫ് ഇൻഷുറൻസിൽ നിന്നും ഈ വായ്പ തിരിച്ചു പിടിക്കും.
പണം കടമെടുക്കുമ്പോൾ നമ്മുടെ തിരിച്ചടവ് കഴിവിനും മുകളിലായി കടമെടുപ്പ് നടത്തിയാൽ മരിച്ചശേഷം കുടുംബാംഗങ്ങൾക്ക് അത് ബാധ്യതയായി മാറും. അതുകൊണ്ടു കടമെടുത്താലും അതിനനുസരിച്ചുള്ള ലൈഫ് ഇൻഷുറൻസ് കവറേജ് കൂടി എടുക്കാൻ ശ്രദ്ധിക്കണം. വിൽ എഴുതി വെക്കുമ്പോഴും ഈ കാര്യങ്ങൾ വ്യക്തമാക്കണം. അതല്ലെങ്കിൽ മക്കളിലേക്കും കട ബാധ്യത വന്നു ചേരും.