ഡയറി ഫാമിലെ വരുമാനത്തിന് ആദായനികുതി നൽകണോ ?

Mail This Article
ചോദ്യം: 10 പശുക്കളുള്ള ഡയറി ഫാം നടത്തുന്ന വനിതയാണ്. വീടുകളിലും സൊസൈറ്റിയിലുമാണ് വിൽപന. അത്യാവശ്യം നല്ല വരുമാനം നേടുന്നുണ്ടെങ്കിലും കാർഷികവൃത്തിയായതിനാൽ ഇതുവരെ ആദായനികുതി നൽകിയിട്ടില്ല. അതിൽ തെറ്റുണ്ടോ? പശുക്കളുടെ എണ്ണം കൂട്ടാനും പാക്കറ്റിലാക്കി പാലും നെയ്യും മോരും വിൽക്കാനും ആലോചനയുണ്ട്. അങ്ങനെ ചെയ്താൽ എത്ര വരുമാനം മുതൽ നികുതി നൽകണം? ഏതു നിരക്കാണ് ബാധകമാകുക?
മറുപടി: ഡയറി ഫാമിൽ നിന്നുള്ള വരുമാനത്തിന് നികുതിയിളവ് ബാധകമല്ല. കൃഷിക്കായി ഉപയോഗിക്കുന്ന ഭൂമിയിൽ കൃഷി ചെയ്തു ലഭിക്കുന്ന വരുമാനത്തിനു മാത്രമേ കാർഷികവരുമാനം എന്ന അടിസ്‌ഥാനത്തിൽ നികുതി ഇളവ് ലഭിക്കൂ.
ഡയറി ഫാമിൽ നിന്നുള്ള വരുമാനം ബിസിനസ് വരുമാനമായി കണക്കാക്കേണ്ടതുണ്ട്. ആദ്യം ബിസിനസ്സിൽ നിന്നുള്ള ലാഭം കണക്കാക്കണം. ബിസിനസ് കൂടാതെ പലിശ വരുമാനം വാടക തുടങ്ങിയ മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിൽ അവ കൂടെ ചേർത്ത് ഒരു സാമ്പത്തികവർഷത്തെ മൊത്തം വരുമാനം കണക്കാക്കണം. ഈ മൊത്തവരുമാനത്തിന്മേൽ വ്യക്തികളായ നികുതിദായകർക്ക് ബാധകമായ സ്ലാബ് പ്രകാരമാണ് നികുതി കണക്കാക്കേണ്ടത്.
അറിയം സ്ലാബും നിരക്കും
ഇവിടെ ആദ്യം അറിയേണ്ടത് നിങ്ങൾക്കു ബാധകമായ നികുതി സ്ലാബും അതിലെ നിരക്കുകളും ആണ്. ഈ വർഷം നിലവിൽ പഴയതെന്നും പുതിയതെന്നും രണ്ടു സ്ലാബുകളുണ്ട്. അതില്‍ രണ്ടിലും വിവിധ പ്രായക്കാർക്കുള്ള നിരക്കുകൾ പട്ടികയിൽ കാണുക.


ഈ വർഷം 5 ലക്ഷം രൂപയിൽ കുറവാണു നിങ്ങളുടെ നികുതി ബാധ്യതയെങ്കിൽ നികുതി അടയ്ക്കാൻ ബാധ്യസ്ഥനല്ല. കാരണം 12,500 രൂപ റിബേറ്റിന് അർഹതയുണ്ട്. പഴയതും പുതിയതുമായ സ്ലാബിൽ ഈ റിബേറ്റ് ലഭ്യമാണ്. ആദായ നികുതി ഇല്ല എന്ന് കരുതി ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാതിരിക്കരുത്. 2.5 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ളവരെല്ലാം റിട്ടേൺ സമർപ്പിക്കാൻ ബാധ്യസ്ഥരാണ്.
മറുപടി നൽകിയിരിക്കുന്നത് പ്രശാന്ത് കെ. ജോസഫ് (ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്). മലയാള മനോരമ സമ്പാദ്യം ഡിസംബർ ലക്കം "ഇൻകം ടാക്സ്" പംക്തിയിൽ പ്രസിദ്ധീകരിച്ചത്. ആദായനികുതി സംശയങ്ങൾക്ക് ഈ പംക്തിയിലൂടെ മറുപടി ലഭിക്കും. sampadyam@mm.co.in ലോ 9207749142 എന്ന വാട്സാപ് നമ്പറിലോ ചോദ്യങ്ങൾ അയയ്ക്കാം. ഉത്തരങ്ങൾ സമ്പാദ്യത്തിലൂടെ മാത്രം.