ADVERTISEMENT

2023 നോട് ഗുഡ് ബൈ പറഞ്ഞു 2024 നെ വരവേൽക്കാൻ സാമ്പത്തിക ലോകവും ഒരുങ്ങുകയാണ്. ഓരോ പുതുവർഷവും നവമായ തീരുമാനങ്ങളെടുക്കാൻ പറ്റിയ സമയം ആണ്. 2024 ൽ നമുക്ക് വ്യക്തിപരമായി സാമ്പത്തിക സ്വാതന്ത്ര്യം നേടണം. അതിനായി വരവും ചെലവും ഒത്തുപോകണം. കടത്തെ ക്രമപ്പെടുത്തണം. ആരെയും ആശ്രയിക്കാതെ ജീവിക്കണം. ഇതൊക്കെ എല്ലാവർഷവും നമ്മൾ ആഗ്രഹിക്കും. എന്നാൽ പ്രാവർത്തികമാക്കുന്നതിൽ വിമുഖരാണ്. ഈ വർഷം ഈ നിസംഗത ഉണ്ടാകാതെ നിങ്ങളുടെയും നിങ്ങളോടു പറ്റിച്ചേർന്നുനിൽക്കുന്ന കുടുംബാംഗങ്ങളുടെയും തൊഴിൽ മേഖലയുടെയും സാമ്പത്തിക സുസ്ഥിരതയും വളർച്ചയും ലക്ഷ്യമാകട്ടെ. ഇത് വെറുതെ വായിച്ചു കൊണ്ടിരിക്കാതെ വ്യക്തിപരമായ സാമ്പത്തിക ആസൂത്രണത്തിനായി കൃത്യമായ വാർഷിക സാമ്പത്തിക പ്ലാൻ തയ്യാറാക്കാം

നവവത്സരത്തിൽ  പുതു തീരുമാനങ്ങളുമായി

 1. ആദ്യം തന്നെ ഒരു ഡയറി എടുക്കാം. മുൻവർഷങ്ങളിൽ എഴുതിശീലിച്ചവർ പഴയതിനോട് കൂട്ടിച്ചേർക്കാം.

2. ഈ വർഷത്തെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങൾ ഏതെല്ലാം എന്ന് എഴുതുക. മക്കളുടെ വിദ്യാഭ്യാസം, ജീവിതപങ്കാളിക്ക് അല്ലലില്ലാത്ത ജീവിത സാഹചര്യം, മാതാപിതാക്കൾക്ക് ശാന്തമായ ജീവിത സായാഹ്നം, തുടങ്ങിയവ ലക്ഷ്യമാകണം.

FP2

3. ഇനി നമ്മുടെ ആസ്തിയുടെ വിശദാംശങ്ങൾ എഴുതാം. വീട്, സ്വത്ത്, ജോലി, വരുമാന മാർഗ്ഗങ്ങൾ, ചിട്ടികൾ, ബന്ധുക്കൾ, മിത്രങ്ങൾ ഇവയെല്ലാം ഈ പേജിൽ ഉണ്ടാകട്ടെ. ഇതിൽ സംഖ്യാപരമായി അളക്കാനാവുന്നതും അല്ലാത്തതും പ്രത്യേകം വേർതിരിക്കുക

 4. പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാകാൻ എന്തെല്ലാം സാധ്യതകൾ, പരിശ്രമങ്ങൾ വേണമെന്ന് കണ്ടെത്തുക ഒരു സ്ഥിര വരുമാനത്തോടൊപ്പം ഒരു വ്യതിയാന വരുമാനവും (ഫ്ളക്സിബിൾ) ഉണ്ടാകുവാൻ പരിശ്രമിക്കുക.

FP-3-

5. നിങ്ങൾ ഒരു ബിസിനസുകാരൻ ആണെങ്കിൽ ഉൽപ്പന്നത്തെ കെട്ടിലും മട്ടിലും അവതരണത്തിലും എപ്രകാരം പുതുമയുള്ളതാക്കാം, പുതിയ വിപണികൾ എങ്ങനെ കണ്ടെത്താം തുടങ്ങിയവ കുറിക്കാം. 

fp-2-

6. തുടർന്ന് ബാധ്യതകൾ എന്തെല്ലാമെന്ന് കണ്ടെത്താം. ഉദാഹരണത്തിന് ലോൺ, ഇ.എം.ഐ, പിടിച്ച ചിട്ടികൾ എന്നിവ.  ഈ വർഷം തിരിച്ചടയ്ക്കേണ്ട തുക എഴുതാം. 

7. ക്രെഡിറ്റ് ലിമിറ്റിനെ കുറിച്ച് ബോധവാനാകാനും പുതിയ കടങ്ങൾ  എപ്പോൾ, എങ്ങനെ എന്ന് തീരുമാനിച്ചു തിരിച്ചടയ്ക്കാനുള്ള വഴികളും എഴുതുക. ക്രെഡിറ്റ്കാർഡ് ഉപയോഗത്തിന്റെ പരിധി നിശ്ചയിക്കുക.

 8. ഈ വർഷം പുതുതായി പൂർത്തീകരിക്കേണ്ട സാമ്പത്തിക പദ്ധതികൾ കണ്ടെത്തുക. കഴിഞ്ഞ വർഷം ആഗ്രഹിച്ചിട്ടും പരിശ്രമിച്ചിട്ടും നടക്കാതെപോയതും നടന്നതുമായ ലക്ഷ്യങ്ങളും പ്രത്യേകം എഴുതുക. ഉദാഹരണം പുതിയ ജോലി, വീട് പണി തുടങ്ങിയവ

fp-newyear

9. ആരോഗ്യപരിപാലനത്തിനായി നിശ്ചിത തുക മാറ്റിവെക്കുക അതോടൊപ്പംതന്നെ എമർജൻസി ഫണ്ട് എന്ന പുതിയ സമ്പാദ്യശീലത്തിന് തുടക്കമിടുകയോ പഴയതിനോട് കുറച്ചുകൂടി തുക കൂട്ടിച്ചേർക്കുകയോ ചെയ്യുക

10. ഈ വർഷം ഒരാളെയെങ്കിലും സാമ്പത്തികമായി സഹായിക്കുമെന്ന് തീരുമാനിക്കുക. അത് തൊഴിൽ കൊടുത്തോ വിദ്യാഭ്യാസപരമോ വിവാഹപരമോ മറ്റെന്തെങ്കിലും ആവശ്യത്തിന് സഹായം നൽകിയോ ആവാം. അതൊരിക്കലും ഔദാര്യമല്ല, മറ്റൊരുവന്റെ അവകാശമാണ്. ഇത് സ്ഥാപനങ്ങൾ സി എസ് ആർ എന്നും വ്യക്തികൾ ദശാംശം എന്നും ഒക്കെ പറഞ്ഞ് മാറ്റിവയ്ക്കുന്ന  തുകയാണ്.

11. എനർജി പൂൾസ്, എനർജി ലീക്സ്  എന്നീ പദങ്ങൾ സാമ്പത്തിക ആസൂത്രണത്തിൽ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ ഊർജ്ജം സംരക്ഷിക്കാനും വളർത്താനും ഉതകുന്ന പ്രവർത്തികളാണ് എനർജി പൂൾസ്.  ഉദാഹരണം ഹോബി, വ്യായാമം, യാത്ര, വിനോദം, തീർഥാടനം. ഊർജം നഷ്ടപ്പെടുത്തുന്ന സാമ്പത്തിക ഇടപെടലുകളിൽനിന്നും ബോധപൂർവം അകലാൻ തീരുമാനമെടുക്കുക. ഇത് രണ്ടും കണ്ടെത്തുന്നത് പ്രധാനപ്പെട്ടതാണ്

12. കഴിഞ്ഞ വർഷം സാമ്പത്തിക മേഖലയിൽ നിങ്ങൾക്ക് ഒരു പക്ഷേ പല ആഘാതങ്ങളും തിരിച്ചടികളും ഉണ്ടായെന്നിരിക്കാം. ഓരോ പരാജയവും നേട്ടമാകണം. അത് സൃഷ്ടിച്ച വ്യക്തികളോടുള്ള അമർഷം മാറ്റിവെച്ച് അതിൽനിന്ന് പുതിയ പാഠങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ പരിശ്രമിക്കണം. പരാജയങ്ങളും തോൽവികളും എന്നും അല്ല അധ്യാപകരാണ്. 

2024 ൽ ഒരു സാമ്പത്തിക മേക് ഓവർ 

സാമ്പത്തിക ആസൂത്രണ വിദ്യാഭ്യാസം നമുക്ക് ലഭിക്കുന്നില്ല എന്നത് ഔദ്യോഗിക വിദ്യാഭ്യാസത്തിൻറെ വലിയ ന്യൂനതയാണ്. പണം മാന്യമായി കൈകാര്യംചെയ്യാനാവുക എന്നത് ശാസ്ത്രീയമായി അഭ്യസിച്ച് എടുക്കേണ്ട കലയാണ്. പണത്തെ കൈകാര്യം ചെയ്യാൻ അറിയാൻ പാടില്ലാത്തവർ അത് അറിയാവുന്നവർക്ക് വേണ്ടി എന്നും പണിയെടുത്തുകൊണ്ടേയിരിക്കും. അപരന്റെ കയ്യിലെ പണത്തെക്കുറിച്ചും, തനിക്ക് ഇല്ലല്ലോ  എന്നും ചിന്തിച്ചു കൊണ്ടിരിക്കും.  ഈ അവസ്ഥയിൽ നിന്ന് നമുക്ക് മോചിതരാകാം 2024 ശുഭകരം ആകട്ടെ

English Summary:

Plan Your Financial Activities in 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com