ADVERTISEMENT

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കുന്ന ഇടക്കാല ബജറ്റില്‍ വന്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് രാജ്യത്തെ ധനകാര്യ ടെക്‌നോളജി (ഫിന്‍ടെക്) സംരംഭങ്ങള്‍. ഇതിനോടകം തന്നെ സര്‍ക്കാര്‍ കൊണ്ടുവന്ന നിരവധി പരിഷ്‌കരണങ്ങള്‍ ഫിന്‍ടെക് മേഖലയ്ക്ക് കാര്യമായി ഗുണം ചെയ്തിട്ടുണ്ട്. അതിനാല്‍തന്നെ വരാനിരിക്കുന്ന ബജറ്റിലും മേഖല മികച്ച പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്. 

സാമ്പത്തിക ഉള്‍ച്ചേര്‍ക്കലില്‍ പ്രതീക്ഷ
 

സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പ്രോല്‍സാഹിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ ഫിന്‍ടെക് മേഖലയ്ക്കും ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. ഡിജിറ്റല്‍ ഇന്ത്യയിലേക്ക് മാറാന്‍ കേന്ദ്ര നടത്തിയ നീക്കങ്ങളെല്ലാം നേരത്തെ ഫിന്‍ടെക് മേഖലയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായി മാറിയിരുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) ശാക്തീകരിക്കാനുള്ള പദ്ധതികളും യുവതൊഴില്‍ ശക്തിക്ക് പ്രയോജനം ചെയ്യുന്നതിനുള്ള നൈപുണ്യ വികസന പദ്ധതികളുമെല്ലാം ഫിന്‍ടെക് മേഖലയുടെ മുന്നേറ്റത്തിലും പ്രതിഫലിക്കും. 

nirmala-union-budget-11

ആധാര്‍, പിഎം ജന്‍ ധന്‍ യോജന, വിഡിയോ കെവൈസി, യുപിഐ തുടങ്ങിയ വിവിധ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യ സംരംഭങ്ങള്‍ ഇന്ത്യയിലെ ഫിന്‍ടെക് സേവനങ്ങളെ പിന്തുണച്ചിട്ടുണ്ടെന്ന് 2023 ലെ കേന്ദ്ര ബജറ്റില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞത് സര്‍ക്കാര്‍ ഈ മേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു. വലിയ തോതില്‍ അല്ലെങ്കിലും ഫിന്‍ടെക് മേഖലയെ ഉന്നമിട്ടുള്ള നിര്‍ണായക പ്രഖ്യാപനങ്ങള്‍ അതിനാല്‍ ഇടക്കാല ബജറ്റിലുമുണ്ടായേക്കും. 

വരുമോ ഫിന്‍ടെക് ക്രെഡിറ്റ് ഫണ്ട്

മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യത്തില്‍ രാജ്യത്തെ ഡിജിറ്റല്‍ വായ്പാദാതാക്കളുടെ സംഘടനയായ ഡിജിറ്റല്‍ ലെന്‍ഡിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അടുത്തിടെ ആവശ്യപ്പെട്ടത് ഇന്ത്യ ഫിന്‍ടെക് ക്രെഡിറ്റ് ഫണ്ട് മേഖലയ്ക്ക് വേണമെന്നാണ്. മിതമായ നിരക്കില്‍ ഫിന്‍ടെക് കമ്പനികള്‍ക്ക് ധനസഹായം വാഗ്ദാനം ചെയ്യുകയെന്നതാണ് ഈ ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. ചെറുകിട, ഇടത്തരം ഡിജിറ്റല്‍ വായ്പാ സ്ഥാപനങ്ങള്‍ക്ക് അത് കാര്യമായ ഗുണം ചെയ്യും. വനിതകള്‍ ഉള്‍പ്പടെയുള്ള വിഭാഗങ്ങള്‍ക്ക് അതിവേഗം വായ്പ അനുവദിക്കാന്‍ ഇത് കമ്പനികള്‍ക്ക് പ്രേരകമാകുമെന്നാണ് പ്രതീക്ഷ.

നികുതി ഇളവ് 
 

സാമ്പത്തിക ശാക്തീകരണ ദൗത്യത്തിന്റെ കൂടി ഭാഗമായി പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക 5% ജിഎസ്ടി നിരക്ക് വേണമെന്ന ആവശ്യവും മേഖലയില്‍ നിന്ന് ഉയരുന്നുണ്ട്. ചെറിയ തോതിലുള്ള ജിഎസ്ടി സബ്‌സിഡി നല്‍കുന്നതുപോലും ധനകാര്യസേവനങ്ങളുടെ വ്യാപനം കൂട്ടുന്നതില്‍ വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തല്‍. ഫിന്‍ടെക് മേഖലയുമായി ബന്ധപ്പെട്ട ജിഎസ്ടി നികുതി നിരക്കുകള്‍ കൂടുതല്‍ യുക്തിസഹമാക്കണമെന്നും ഈ രംഗത്തുള്ളവര്‍ വാദിക്കുന്നു. ഗെയിമിങ് കമ്പനികള്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 28 ശതമാനം ജിഎസ്ടി നിരക്ക് ഫിന്‍ടെക് കമ്പനികളെയും കാര്യമായി ബാധിക്കുന്നുണ്ട്. ബിസിനസ് കറസ്‌പോണ്ടന്റ് ഔട്ട്‌ലെറ്റുകളിലൂടെയുള്ള ധനകാര്യ സേവനങ്ങള്‍ക്ക് ജിഎസ്ടി ബാധകമാക്കരുതെന്നും അടുത്ത ഏഴ് വര്‍ഷത്തേക്ക് ആദായനികുതി ഇളവുകള്‍ വേണമെന്നും ധനകാര്യ സേവന ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നുമെല്ലാമാണ് മേഖലയില്‍ നിന്ന് ഉയരുന്ന മറ്റ് ആവശ്യങ്ങള്‍. 

ഫിന്‍ടെക് മേഖലയെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടക്കൂട് നിലവില്‍ വരുത്തുന്നിതനുള്ള നീക്കങ്ങളും ബജറ്റിലുണ്ടായേക്കും. ഇതിന്റെ കരട് നേരത്തെ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.

What are the priorities for the fintech industry?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com