40 ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥ; ഇന്‍ഫ്ര മേഖലയ്ക്ക് വേണ്ടതെന്ത്?
Mail This Article
അതിവേഗം വികസിത സമ്പദ് വ്യവസ്ഥയായി മാറാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതികളും പ്രഖ്യാപനങ്ങളും ഓരോ ബജറ്റിലും പ്രകടമാകാറുണ്ട്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കുന്ന ഇടക്കാല ബജറ്റില്‍ നയപരമായ വലിയ പ്രഖ്യാപനങ്ങളുണ്ടാകാന്‍ സാധ്യതയില്ല. എങ്കിലും വികസിത സാമ്പത്തിക ശക്തിയായി രാജ്യം മാറാനുള്ള ദിശയില്‍ സുപ്രധാന കാഴ്ച്ചപ്പാടുകളും തന്ത്രപ്രധാന പദ്ധതികളും ധനമന്ത്രി പങ്കുവച്ചേക്കും.
ഇന്‍ഫ്രയാണ് പ്രധാനം
അടിസ്ഥാന സൗകര്യ മേഖലയാണ് രാജ്യത്തിന്റെ വികസനയാത്രയില്‍ ഏറ്റവും നിര്‍ണായകമായത്. ഇത് കഴിഞ്ഞ ബജറ്റുകളിലെല്ലാം തന്നെ പരിഗണിക്കാന്‍ കേന്ദ്ര ധനമന്ത്രി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. 2047 ആകുമ്പോഴേക്കും 40 ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയാകാന്‍ അതിശക്തമായ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അടിത്തറ വേണമെന്ന വസ്തുത അംഗീകരിച്ചുള്ള നീക്കങ്ങളാണ് കേന്ദ്രത്തിന്റേത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ അടിസ്ഥാന സൗകര്യ മേഖലയ്ക്കായുള്ള ചെലവിടല്‍ ജിഡിപിയുടെ 3.3 ശതമാനമായി ഉയര്‍ത്താന്‍ സര്‍ക്കാരിനായിരുന്നു. 2019-20 നെ അപേക്ഷിച്ച് മൂന്നിരട്ടിയായാണ് ഇത് വര്‍ധിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള മൂലധന ചെലവിടല്‍ മൊത്തം ചെലവിന്റെ ഏകദേശം 22 ശതമാനമാണ്, ഇത് കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
ലോജിസ്റ്റിക്‌സും പ്രതിരോധവും
കേന്ദ്ര സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ ചെലവിടല്‍ വിന്യാസം പ്രധാനമായും രണ്ട് വിശാലമായ മേഖലകളിലായാണ് നടക്കുന്നത്. ഒന്ന്, ലോജിസ്റ്റിക്‌സ് രംഗമാണ്. രണ്ടാമത്തേത് പ്രതിരോധവും. റെയില്‍വേ, ചരക്ക് ഇടനാഴികള്‍, റോഡുകള്‍, ഗതിശക്തി തുടങ്ങി നിരവധി കാര്യങ്ങളാണ് ലോജിസ്റ്റിക്‌സ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. അതിര്‍ത്തി റോഡുകള്‍, എയര്‍ഫീല്‍ഡുകള്‍ മുതലായവയാണ് പ്രതിരോധത്തില്‍ വരുന്നത്. മൊത്തം മൂലധന ചെലവിടലിന്റെ 66 ശതമാനത്തോളം വകയിരുത്തുന്നത് ഈ രണ്ട് വിശാല മേഖലകള്‍ക്കായാണ്. ഇതിന് പുറമെ, നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ (എന്‍ഐപി) നിര്‍മ്മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായും സ്വകാര്യമേഖലയുമായും സഹകരിക്കുന്നുണ്ട്. 102 ലക്ഷം കോടി രൂപയുടെ എന്‍ഐപി പദ്ധതികളില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഏതാണ്ട് തുല്യമായ വിഹിതമുണ്ട് (39 ശതമാനവും 40 ശതമാനവും). സ്വകാര്യമേഖലയുടെ വിഹിതം 21 ശതമാനമാണ്.
ആവശ്യങ്ങള്‍ കൂടുതലാണ്
അടിസ്ഥാനസൗകര്യമേഖലയിലെ ചെലവിടല്‍ ഇനിയും കൂട്ടണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. കാരണം സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പ്രകാരം, 2047 ലെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ ഉയര്‍ന്ന വളര്‍ച്ചാ നിരക്കിലേക്ക് എത്തുന്നതിന്, അടുത്ത 23 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയ്ക്ക് അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഏകദേശം 880 ലക്ഷം കോടി രൂപ നിക്ഷേപിക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ മാത്രം ഇടപെടല്‍ കൊണ്ട് ഇത് സാധ്യമാകില്ല. സ്വകാര്യ മേഖലയെ കാര്യമായി സഹകരിപ്പിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണ് വരുംകാല ബജറ്റുകളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അടിസ്ഥാനസൗകര്യ മേഖലകളിലെ സ്വകാര്യ നിക്ഷേപത്തിന് മികച്ച റിട്ടേണ്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും സര്‍ക്കാരിന് സാധിക്കണം. എങ്കിലേ ഇത് വിജയകരമായ മാതൃകയായി മാറുകയുള്ളൂ.