ADVERTISEMENT

രണ്ടാം മോദി സര്‍ക്കാര്‍ പ്രധാനമായും അടിസ്ഥാന സൗകര്യം, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഗണ്യമായ നിക്ഷേപം നടത്തിയപ്പോള്‍ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ചെലവ്‌ വെട്ടിക്കുറയ്‌ക്കുകയാണ്‌ ചെയ്‌തത്‌. 2023ലെ ബജറ്റില്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ്‌ പദ്ധതിയ്‌ക്കായി വകയിരുത്തിയത്‌ കഴിഞ്ഞ നാല്‌ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തുകയാണ്‌. ഈ സമീപനം തന്നെയാകുമോ അടുത്ത ബജറ്റിലും കേന്ദ്രസര്‍ക്കാര്‍ തുടരുന്നത്‌?

അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ വന്‍തുക ചെലവിട്ടത്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലക്ഷ്യമാക്കുന്ന വികസനത്തിന്‌ വലിയൊരു തള്ളല്‍ ആണ്‌ നല്‍കുന്നത്‌ എന്നതില്‍ സംശയമില്ല. അടിസ്ഥാന സൗകര്യ വികസനത്തില്‍ നമുക്ക്‌ ഏറെ മുന്നോട്ടുപോകാനുണ്ടെന്നിരിക്കെ ഈ മേഖലയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഒഴിവാക്കാനാകാത്തതു തന്നെയാണ്‌. അതേ സമയം സമൂഹത്തിലെ താഴെ തട്ടിലുള്ള ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ക്ഷേമപദ്ധതികള്‍ക്കുള്ള തുക വെട്ടിക്കുറച്ചാകരുത്‌ വികസന അജണ്ടയുമായി മുന്നോട്ടുപോകേണ്ടത്‌. ഇത്‌ രണ്ടിനുമിടയില്‍ ബാലന്‍സിങ് ആവശ്യമാണ്‌.

economy10

2023ലെ ബജറ്റില്‍ 60,000 കോടി രൂപയാണ്‌ ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ്‌ പദ്ധതിയ്‌ക്കായി വകയിരുത്തിയത്‌. മുന്‍വര്‍ഷം ഇത്‌ 73,000 കോടി രൂപയായിരുന്നു. പ്രതിരോധത്തിനും മറ്റുമുള്ള വകയിരുത്തല്‍ വര്‍ധിപ്പിച്ചപ്പോഴാണ്‌ രാജ്യത്തെ സുപ്രധാനമായ ക്ഷേമ പദ്ധതിയ്‌ക്കുള്ള തുക വെട്ടിക്കുറച്ചത്‌. 2023ല്‍ ഈ പദ്ധതിയ്‌ക്കായുള്ള തുക മുന്‍വര്‍ഷത്തേതില്‍ നിന്നും 18 ശതമാനം വെട്ടിക്കുറച്ചപ്പോള്‍ മുന്‍വര്‍ഷം വെട്ടിക്കുറച്ചത്‌ 25 ശതമാനമായിരുന്നു.

ഈ വര്‍ഷം ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ്‌ പദ്ധതിയ്‌ക്കായി വകയിരുത്തിയ തുക സാമ്പത്തിക വര്‍ഷം തുടങ്ങി എട്ട്‌ മാസത്തിനകം തന്നെ പൂര്‍ണമായി ചെലവിട്ടു കഴിഞ്ഞു. തൊഴിലിനുള്ള ആവശ്യം വര്‍ധിച്ചതിനാല്‍ 10,000 കോടി രൂപ കൂടി സര്‍ക്കാര്‍ പദ്ധതിയ്‌ക്കായി വകയിരുത്തേണ്ടി വന്നു. നവംബറിനേക്കാള്‍ ഡിസംബറില്‍ തൊഴിലിനുള്ള ആവശ്യം 15 ശതമാനമാണ്‌ വര്‍ധിച്ചത്‌. നടപ്പു സാമ്പത്തിക വര്‍ഷം തുടര്‍ന്നുള്ള മാസങ്ങളിലെ തൊഴില്‍ ആവശ്യം നിറവേറ്റാന്‍ അധികമായി വകയിരുത്തിയ തുക മതിയാകില്ലെന്ന്‌ വ്യക്തം.

bangladesh2

ഗ്രാമീണ സമ്പദ്‌വ്യവസ്ഥ നേരിടുന്ന മാന്ദ്യത്തെ കുറിച്ചുള്ള വ്യക്തമായ സൂചനയാണ്‌ എഫ്‌എംസിജി ഉല്‍പ്പന്നങ്ങളുടെ ഡിമാന്റിലുണ്ടായ ഇടിവ്‌ നല്‍കുന്നത്‌. ഗ്രാമീണ മേഖലയിലെ എഫ്‌എംസിജി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടപ്പു സാമ്പത്തിക വര്‍ഷം ആദ്യത്തെ രണ്ട്‌ ത്രൈമാസങ്ങളില്‍ 20-30 ശതമാനം കുറഞ്ഞു. കാര്‍ഷിക ഉല്‍പ്പാദനം ഗണ്യമായി നടക്കുന്ന സംസ്ഥാനങ്ങളില്‍ മഴയുടെ ലഭ്യത കുറഞ്ഞത്‌ ഗ്രാമീണ മേഖലയിലെ ഡിമാന്റ്‌ കുറയാന്‍ പ്രധാന കാരണമായി. കാര്‍ഷിക ഉല്‍പ്പാദനം കുറഞ്ഞത്‌ മൂലമാണ്‌ വലിയൊരു വിഭാഗം ഗ്രാമീണര്‍ തൊഴില്‍ ഉറപ്പ്‌ പദ്ധതിയെ ആശ്രയിക്കേണ്ടി വന്നത്‌.

ഗ്രാമീണരെയും കര്‍ഷകരെയും അവഗണിച്ചുകൊണ്ടുള്ള ഏതൊരു വികസന അജണ്ടയും ഇന്ത്യ പോലൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അപൂര്‍ണമായിരിക്കും. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി)ത്തിന്റെ 13 ശതമാനം കൃഷിയും അനുബന്ധ മേഖലകളുമാണ്‌ സംഭാവന ചെയ്യുന്നത്‌. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ തൊഴിലവസരം നല്‍കുന്ന മേഖല കൃഷിയും അനുബന്ധ ബിസിനസുകളുമാണ്‌. 140 കോടി വരുന്ന ഇന്ത്യയിലെ ജനസംഖ്യയുടെ 50 ശതമാനവും തൊഴിലിനായി ആശ്രയിക്കുന്നത്‌ കാര്‍ഷിക – കൃഷി അടിസ്ഥാന മേഖലകളെയോ ആണ്‌. അതുകൊണ്ടുതന്നെ കാര്‍ഷിക മേഖല തിരിച്ചടി നേരിടുന്ന സന്ദര്‍ഭങ്ങളിലൊക്കെ ക്ഷേമപദ്ധതികളുമായി ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്‌ക്ക് താങ്ങ്‌ നല്‍കേണ്ടത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്‌.

INDIA-ECONOMY-AGRICULTURE

ഈ ഉത്തരവാദിത്തം അടുത്ത ബജറ്റിലെങ്കിലും ധനമന്ത്രി നേരാം വണ്ണം നിറവേറ്റുമോ എന്നാണ്‌ ഇനി അറിയാനുള്ളത്‌. വികസനത്തിനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള ചെലവിടലിനും ഇടയിൽ ബാലന്‍സിങ് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന്‌ സാധിക്കേണ്ടതുണ്ട്.

(ഹെഡ്‌ജ്‌ ഗൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമാണ്‌ ലേഖകന്‍)

English Summary:

Union Budget 2024 and Poverty Eradication

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com