ADVERTISEMENT

ഇഷ്ടദാനമെന്നൊക്കെയുള്ള ഓമനപ്പേരുകളിൽ വസ്തുവകകൾ കൈക്കലാക്കുകയും പ്രായാധിക്യത്താൽ സാമ്പത്തികവും ശാരീരികവും മാനസികവുമായി തളരുന്ന ഘട്ടത്തിൽ അച്ഛനമ്മമാരെ ഉപേക്ഷിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണ്. എന്നാൽ, ഇത്തരക്കാർ അറിയേണ്ട ഒന്നുണ്ട്. അനന്തരാവകാശികൾ ഉയർത്തുന്ന കുടിയൊഴിപ്പിക്കൽ ഉൾപ്പെടെയുള്ള ഭീഷണികളിൽനിന്നു മുതിർന്ന പൗരൻമാർക്കു സംരക്ഷണം ഉറപ്പാക്കുന്ന ശക്തമായ നിയമം രാജ്യത്തും സംസ്ഥാനത്തും നിലവിലുണ്ട്, അതും നടപടിക്രമങ്ങളുടെ നൂലാമാലകളൊന്നും ഇല്ലാതെ തന്നെ. ഈ നിയമത്തിന്റെ പ്രധാന വകുപ്പുകൾ മനസ്സിലാക്കുന്നത് മുതിർന്ന പൗരൻമാർക്ക് ഗുണം ചെയ്യും.

മൂർച്ചയുള്ള സംരക്ഷണനിയമം

മുതിർന്ന പൗരൻമാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാനായാണ് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ വകുപ്പ് 2007ൽ മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഈ കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ച് കേരളത്തിലും സംരക്ഷണ നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു കഴിഞ്ഞു. മക്കളും കൊച്ചുമക്കളും ഉൾപ്പെടെ അനന്തരാവകാശികളിൽ നിന്നും ജീവനാംശം നേടിയെടുക്കാനും അവർ വസ്തുവകകൾ തട്ടിയെടുത്തിട്ടുണ്ടെങ്കിൽ അവ തിരികെ നേടാനും സഹായകമായ വകുപ്പുകൾ നിയമത്തിലുണ്ട്. മറ്റു നിയമങ്ങളെക്കാൾ മേൽക്കോയ്മ നൽകുന്ന രീതിയിലാണ് സംരക്ഷണ നിയമം നടപ്പിലാക്കുന്നത്. അതുകൊണ്ടുതന്നെ സംരക്ഷണ നിയമലംഘനത്തിന് എതിരെ, കോടതി ഇടപെടലുകളില്ലാതെ അന്വേഷണം നടത്താനും അറസ്റ്റ് രേഖപ്പെടുത്താനും കഴിയും. അതായത്, കൊഗ്‌നെസബിൾ കുറ്റമെന്നനിലയിൽ ശക്തമായ നടപടി സ്വീകരിക്കാൻ നിയമം പ്രാപ്തമാണ്. 

ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിക്കു സമാന അധികാരങ്ങളോടെയാണ് സംരക്ഷണ നിയമ പ്രകാരമുള്ള ട്രിബ്യൂണലുകൾ പ്രവർത്തിക്കുന്നത്.

വസ്തു കൈമാറ്റം റദ്ദാക്കാം

aged-hand

വയസ്സുകാലത്തു സംരക്ഷിക്കുമെന്ന പ്രതീക്ഷയിൽ മക്കൾക്കും അനന്തരാവകാശികൾക്കും ഇഷ്ടദാനമായോ അല്ലാതെയോ വസ്തുവകകൾ എഴുതി നൽകിയ മുതിർന്ന പൗരൻമാർക്ക് അത് എപ്പോൾ വേണമെങ്കിലും റദ്ദാക്കാം. അതാണ് ഈ സംരക്ഷണ നിയമത്തിന്റെ ഒരു പ്രധാന വശം. പ്രശ്നം നേരിടുന്നവർക്ക് സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള ട്രിബ്യൂണലിൽ മാത്രമല്ല, അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻമാർക്കും അപേക്ഷ നൽകാം. ഇഷ്ടദാനം റദ്ദു ചെയ്ത്, തട്ടിയെടുത്ത ഭൂമിയും വസ്തുവകകളും തിരികെ നേടിയെടുക്കാൻ ട്രിബ്യൂണലുകൾക്ക് അപേക്ഷ നൽകാം. 

അപേക്ഷയില്ലാതെതന്നെ സ്വമേധയാ നടപടി സ്വീകരിക്കാനും സാമൂഹിക നീതിവകുപ്പിന് അധികാരമുണ്ട്. എന്നിരിക്കിലും മാതാപിതാക്കളും മുതിർന്ന പൗരൻമാരും സ്വത്തുക്കൾ എഴുതി നൽകുമ്പോൾ ‘സ്നേഹ വാത്സല്യം’ എന്ന പദപ്രയോഗത്തോടൊപ്പം സംരക്ഷണ നിയമത്തിന്റെ വകുപ്പ് 23 പ്രകാരം സംരക്ഷിച്ചു കൊള്ളണമെന്ന നിബന്ധനയോടെയാണ് വസ്തു നൽകുന്നതെന്നു വ്യക്തമായി ആധാരത്തിൽ രേഖപ്പെടുത്താൻ ശ്രദ്ധിക്കുക. അങ്ങനെയെങ്കിൽ നിയമലംഘനമുണ്ടായാൽ പരിഹാര നടപടികൾ സുഗമമാക്കാം. 

നിന്ദ, വഞ്ചന, ബലാൽക്കാരം 

ശാരീരിക ഉപദ്രവം, മാനസിക അവഹേളനം, സാമ്പത്തിക അപമാനം, ലൈംഗിക അതിക്രമങ്ങൾ തുടങ്ങിയവയിൽ മാത്രമല്ല, സംരക്ഷണ നിയമത്തിന്റെ വകുപ്പുകൾ പ്രയോഗിക്കാവുന്നത്. വഞ്ചനാ പ്രവർത്തനങ്ങൾക്കെതിരെയും ഉപയോഗിക്കാം. ഉണ്ടായിരുന്നതൊക്കെ കൈക്കലാക്കിയ ശേഷം മാതാപിതാക്കളെ കയ്യൊഴിയുകയും അവഗണിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നതും തട്ടിപ്പ്, വഞ്ചന എന്നിവയായി കണക്കാക്കും. തങ്ങളുടെ ജീവിത സമ്പാദ്യങ്ങളിൽനിന്നും കിടപ്പാടങ്ങളിൽനിന്നും ആട്ടിയിറക്കപ്പെടുന്നതിന് തടയിടാനും സംരക്ഷണ നിയമത്തിലൂടെ സാധിക്കും.

മാതാപിതാക്കൾക്കും ജീവനാംശം

agedlady

സ്വന്തം മക്കൾ, കൊച്ചുമക്കൾ, എടുത്തു വളർത്തിയ കുട്ടികൾ എന്നിവർക്കെല്ലാം അച്ഛനമ്മമാർക്ക് സാധാരണ ജീവിതം തുടരുന്നതിനു യുക്തമായ ജീവനാംശം നൽകി സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ട്. ഇവരുടെ വസ്തുവകകൾ ലഭിച്ചവരുടെ കാര്യത്തിൽ ഈ ഉത്തരവാദിത്തം കൂടുതൽ ശക്തമാവുകയാണ്. സംരക്ഷണ നിയമം ലംഘിക്കുന്നവർക്കെതിരെ ജീവനാംശം നേടാനും നിയമനടപടികളുടെ ഊരാക്കുടുക്കുകളില്ലാതെ സാമൂഹിക നീതിവകുപ്പിലെ ട്രിബ്യൂണലിനെയും അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരെയും സമീപിക്കാം. ജീവനാംശം നൽകാൻ ട്രിബ്യൂണൽ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പാലിക്കാത്തവർക്കെതിരെ വാറന്റുകൾ പുറപ്പെടുവിക്കാനും ജയിലിലടയ്ക്കാനും നിയമം അനുശാസിക്കുന്നുണ്ട് 

കേരളത്തിലും നിയമം പ്രാബല്യത്തിൽ

കേന്ദ്ര സംരക്ഷണ നിയമത്തിന്റെ വിശദമായ മാർഗരേഖ സംസ്ഥാന സാമൂഹിക നീതിവകുപ്പ് പുറപ്പെടുവിക്കുകയും സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തർക്കമുണ്ടാകുന്നതു മിക്കപ്പോഴും രക്തബന്ധമുള്ളവർ തമ്മിലായതിനാൽ അനുരഞ്ജന ചർച്ചകളും ഒത്തുതീർപ്പുകളും നടത്താൻ റിക്കൺസ്‌ലിയേഷൻ ഉദ്യോഗസഥരും പ്രിസൈഡിങ് ഉദ്യോഗസ്ഥരും അടങ്ങുന്ന ട്രിബ്യൂണലുകൾ സ്ഥാപിച്ചിട്ടുണ്ട്. വിധി തൃപ്തികരമല്ലായെങ്കിൽ അപ്പീൽ നൽകാൻ അപ്പലേറ്റ് ട്രിബ്യൂണലുകളും നിലവിലുണ്ട്. മുതിർന്ന പൗരൻമാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനായി ജില്ലാ പൊലീസ് മേധാവികളെയും നഗരപ്രദേശങ്ങളിലെ പൊലീസ് കമ്മിഷണർമാരെയും പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുമുണ്ട്. സംരക്ഷണ നിയമത്തിന്റെ ഏകോപനത്തിനും നിരീക്ഷണത്തിനുമായി ജില്ലകൾതോറും കമ്മിറ്റികളുണ്ട്. ഒപ്പം സാമൂഹിക നീതിവകുപ്പ് മന്ത്രി അധ്യക്ഷനായി സംസ്ഥാനതല ഉന്നത കമ്മിറ്റിയും പ്രവർത്തിക്കുന്നു.

പ്രമുഖ കോളമിസ്റ്റും ലോകബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ

2023 ഡിസംബർ ലക്കം സമ്പാദ്യം മാഗസിനിൽ പ്രസിദ്ധീകരിച്ചത്

English Summary:

Senior Citizens and Protection for Their Assets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com