ADVERTISEMENT

ബജറ്റ് ഒരു വാർഷിക കലാപരിപാടിയാണ്. ഈ വർഷത്തെ ബജറ്റിൻ്റെ പ്രത്യേകത ഒരു വർഷത്തേക്കുള്ള കണക്കവതരണം അല്ലായെന്നതാണ്. കേവലം, ഒരു ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്.

വലിയവൻ പിറകെ വരും; തെരഞ്ഞെടുപ്പിന് ശേഷം

തെരഞ്ഞെടുപ്പിനുശേഷം വരുന്ന പുതിയ സർക്കാർ അവതരിപ്പിക്കുന്ന സമ്പൂർണ ബജറ്റിൽ മാത്രമേ ശരിയായ ചിത്രം അനാവരണം ചെയ്യപ്പെടൂ. എന്നാൽ സൂചനകൾ ഉണ്ട്. Reform and Perform എന്ന പ്രഖ്യാപിത നയം തന്നെയാണത്.

ജനകീയ ചിത്രം

തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു കൊണ്ടുള്ള നിർദ്ദേശങ്ങൾ ബജറ്റിൽ ഉണ്ട്. നേട്ടങ്ങൾ എണ്ണിയെണ്ണി പറയുകയും അത് തുടരുമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് തന്നെയാണ്. അധികാരത്തിൽ തിരിച്ചു വരുമെന്നുള്ള അമിത ആത്മവിശ്വാസവും ധനമന്ത്രി ആവർത്തിക്കുന്നു.

300 യൂണിറ്റ് സൗജന്യ വൈദ്യുതി, പി. എം. ആവാസ് പദ്ധതി പ്രകാരം ഉടൻ 2 കോടി കുടുംബങ്ങൾക്ക് വീട്, മധ്യവർഗത്തിന് പുതിയ പർപ്പിട പദ്ധതി, കിസാൻ പദ്ധതിയുടെ വ്യാപനം, വനിതകൾക്കുള്ള മുദ്ര യോജന പദ്ധതി, യുവാക്കളുടെ വൈദഗ്ധ്യ വികസനം  എന്നിവ ജനകീയ നിർദേശങ്ങളുടെ പാതയിൽ തന്നെ.

solarplant-jpeg

800 ദശലക്ഷം ഗുണഭോക്താക്കൾക്ക് സൗജന്യ ഭക്ഷ്യധാന്യം പൊതുവിതരണ സമ്പ്രദായത്തിലൂടെ നൽകുമെന്ന് പ്രഖ്യാപിച്ചത് പുതിയ കണക്കല്ല. ഏതായാലും 2019 ലെ ബജറ്റ് പോലെ വാരിക്കോരിയുള്ള ജനകീയ നിർദ്ദേശങ്ങൾ ഇല്ല. 

പ്രതിബദ്ധത, പരിഷ്കാരങ്ങളോട് തന്നെ

ധനക്കമ്മി കുറക്കുക, സ്വകാര്യ നിക്ഷേപം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ ബജറ്റിൻ്റെ മുദ്രാവാക്യമാണ്. രാജ്യാന്തര ഏജൻസികളുടെ സമ്മർദ്ദവും, കോവിഡിൻ്റെ പ്രതിസന്ധി സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കരകയറുന്നതിൻ്റെ ആശ്വാസവും ധനക്കമ്മി കുറയ്ക്കാനുള്ള പ്രഖ്യാപനത്തിൽ പ്രതിഫലിക്കുന്നു. ധനക്കമ്മി 5.1 ശതമാനമായി കുറയ്ക്കുമെന്നും കാലക്രമത്തിൽ 4.5 ശതമാനത്തിൽ എത്തിക്കുമെന്നും  ഉള്ള പ്രഖ്യാപനം റേറ്റിങ് ഏജൻസികളെ സന്തോഷിപ്പിക്കും. ധനക്കമ്മിയിലെ ഓരോ 0.1% കുറവിനും 32,400കോടി രൂപ മൂലധന ചെലവിനായി ലഭ്യമാകും. ഇതിൻ്റെ പ്രതിഫലനം ഓഹരി വിപണിയിലും കണ്ടു. ഒരിക്കലും ലക്ഷ്യം കൈവരിക്കാത്ത disinvestment target ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടില്ല.

വളർച്ച തന്നെ ലക്ഷ്യം

∙വരും വർഷം 6.5 ശതമാനവും തുടർന്ന് 7 മുതൽ 7.5 ശതമാനവും വളർച്ച ലക്ഷ്യം വയ്ക്കുന്നു.

∙അതിനാവശ്യമായ നിർദ്ദേശങ്ങൾ ബജറ്റിൽ കാണാൻ കഴിയുന്നില്ല.

∙പതിവ് ശൈലിയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് ഊന്നൽ ഈ ബജറ്റിലും ഉണ്ട്.

∙റെയിൽവേയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്.

∙മറ്റു നിർദ്ദേശങ്ങൾക്കായി സമ്പൂർണ ബജറ്റ് വരെ കാത്തിരിക്കേണ്ടി വരും

GDP യുടെ 30% വും കയറ്റുമതിയിൽ 48% വും സംഭാവന ചെയ്യുകയും, 11 കോടി ജനങ്ങൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്ന MSME വിഭാഗത്തിൻ്റെ വളർച്ചയ്ക്ക് ഉതകുന്ന നിർദ്ദേശങ്ങൾ ഉണ്ട്. 2030 ഓടെ ഈ മേഖലയുടെ സംഭാവന 50% എത്തിക്കണമെന്ന് ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ ശക്തമായ നിർദ്ദേശങ്ങൾ ഇനിയും വരേണ്ടിയിരിക്കുന്നു.

ഈ മേഖലക്കായി കഴിഞ്ഞ ബജറ്റിൽ 10,000 കോടി രൂപ സാങ്കേതിക വികസനത്തിനും അടിസ്ഥാന സൗകര്യ പ്രോത്സാഹനത്തിനും മാറ്റിവെച്ചു. ഇപ്പോഴത്തെ തുക അറിയേണ്ടിയിരിക്കുന്നു.

എല്ലാർക്കും ഒപ്പം, എല്ലാർക്കും വികസനം

ബജറ്റിന്റെ മുഖമുദ്രയായി ധനമന്ത്രി ഇങ്ങനെ പറയുമ്പോൾ വർദ്ധിച്ചു വരുന്ന അസമത്വം മറച്ചു വയ്ക്കുന്നു. ഉയർന്ന വളർച്ച എല്ലാവരിലും എത്തുന്നില്ല എന്ന വിമർശനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. അത് പരിഹരിക്കണം. സാമൂഹിക നീതിയിലുന്നിയ സമീപനവും ദർശനവും അകലെയാണെന്ന് ധനമന്ത്രിയുടെ ശരീര ഭാഷ വെളിപ്പെടുത്തുന്നു. കണക്കുകളിലെ സത്യസന്ധതയും സംശയിക്കേണ്ടിയിരിക്കുന്നു

English Summary:

Highlights of Union Budget 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com