ADVERTISEMENT

കേരളം ഇന്ത്യയ്ക്കും ചിലപ്പോൾ ലോകത്തിനുതന്നെയും മാതൃകയായ ഒരു സംസ്ഥാനമാണ്. വിദ്യാഭ്യാസ, ആരോഗ്യമേഖലകളിൽ നമ്മുടെ പ്രവർത്തനം ഇന്ത്യയ്ക്കകത്തും പുറത്തും പെരുമ നേടിയിട്ടുണ്ട്. എന്നാൽ, കുറച്ചുകാലമായി സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം പ്രതിസന്ധികളിൽനിന്നു കൂടുതൽ പ്രതിസന്ധികളിലേക്കു കുതിച്ചുകൊണ്ടിരിക്കുകയാണ്. അതു നാം ഇതുവരെ കൈവരിച്ച പല നേട്ടങ്ങളെയും ഇല്ലായ്മ ചെയ്യുമോ എന്ന ഭീതിയിലാണ് കേരളീയ സമൂഹം.

വരുമാനവും ചെലവും

നികുതി–നികുതിയേതര വരുമാനങ്ങളിൽ വളർച്ചയുണ്ടായിട്ടുണ്ട്. എന്നാൽ, ഓരോ വർഷം കഴിയും തോറും കേരളത്തിന്റെ കടബാധ്യത കൂടിക്കൊണ്ടിരിക്കുകയാണ്. വരുമാനവും ചെലവും തമ്മിലുള്ള പൊരുത്തക്കേടാണ് സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളി. കേരളം ഭരിച്ച രണ്ടു മുന്നണികളും സംസ്ഥാനം നേരിടുന്ന പ്രതിസന്ധിക്കു കാരണക്കാരാണെങ്കിലും ഇന്നത്തെ ഗവൺമെന്റിന്റെ കെടുകാര്യസ്ഥതയും പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാനുള്ള കഴിവുകേടും പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിക്കൊണ്ടിരിക്കുന്നു. അതോടൊപ്പംതന്നെ കേന്ദ്രസർക്കാരിന്റെ ചിറ്റമ്മനയവും ധനകാര്യ കമ്മിഷനുകളുടെ സംസ്ഥാനത്തോടുള്ള സമീപനവും കേരളത്തിന്റെ ധനപ്രതിസന്ധിയെ മുൻപില്ലാത്തവിധം ഭയാനകമാക്കിയിരിക്കുന്നു. 

നോട്ടു നിരോധനം, വേണ്ടത്ര മുന്നൊരുക്കമില്ലാതെയുള്ള ജിഎസ്ടി നടപ്പിലാക്കൽ, തുടർച്ചയായ വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കം, കോവിഡ് മഹാമാരി, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ, ആഗോള സാമ്പത്തികമാന്ദ്യം തുടങ്ങിയവ കേരള സമ്പദ്ഘടനയ്ക്ക് ഉണ്ടാക്കിയ നഷ്ടം കനത്തതാണ്. ഇതോടൊപ്പം ഭരണാധികാരികളുടെ ദീർഘവീക്ഷണത്തിന്റെ അഭാവം കൂനിന്മേൽ കുരുവായി മാറിയിരിക്കുന്നു. 

kerala2

ഇപ്പോഴത്തെ ധനസ്ഥിതി

ഞാനിത് എഴുതിക്കൊണ്ടിരിക്കുമ്പോൾ കേരളം ഓവർഡ്രാഫ്റ്റിലാണ്. കേരളത്തിന്റെ ധനസ്ഥിതി അതീവ ഗുരുതരമെന്നർഥം. കേരളത്തിനു ലഭിക്കാനുള്ള 57,000 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചുവെന്നാണു കേരള ധനമന്ത്രി പറയുന്നത്. കേന്ദ്രം കേരളത്തോടു യാതൊരു വിവേചനവും കാണിച്ചിട്ടില്ലെന്നു കേന്ദ്രധനമന്ത്രിയും പറയുന്നു. കേരള സർക്കാർ കടം പറയാത്ത ആരുംതന്നെ കേരളത്തിലില്ല. സർക്കാർ സാമ്പത്തിക ബാധ്യതയിലാണെന്ന് കേരളീയം പരിപാടിയിൽ മുഖ്യമന്ത്രി സമ്മതിച്ചതാണ്. നികുതി സ്രോതസ്സുകളിൽനിന്നുള്ള വരുമാനം പൂർണമായി എടുത്താലും കുന്നു കൂടിയ കുടിശികകൾ എങ്ങനെ കൊടുത്തുതീർക്കുമെന്നാണ് സർക്കാർ ചിന്തിക്കുന്നത്.

നാടിന് നാണക്കേട്

50,000 കോടി രൂപയിലധികം കുടിശികയാണ് കേരള സർക്കാരിന് കൊടുത്തു തീർക്കാനുള്ളത്. ശമ്പളം, പെൻഷൻ പരിഷ്കരണത്തിന്റെ രണ്ടു ഗഡുവും പതിനെട്ടു ശതമാനത്തോളം ക്ഷാമബത്തയും സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുണ്ട്. ഇത് 25,000 കോടി രൂപയിലധികം വരും. കരാറുകാർക്ക് 16,000 കോടി രൂപയോളം കൊടുത്തുതീർക്കാനുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സപ്ലൈകോ, കാരുണ്യനിക്ഷേപപദ്ധതി, ക്ഷേമപെൻഷനുകൾ, ജൽ ജീവൻ മിഷൻ, കർഷകർ തുടങ്ങി എത്രയെത്ര!  ഈ ഊരാക്കുടുക്കിൽനിന്ന് എങ്ങനെ രക്ഷപ്പെടും? കഴുത്തറ്റം കുടിശികയായിട്ടും ധൂർത്തിനു വലിയ കുറവൊന്നുമില്ല. ദൈനംദിനച്ചെലവുകൾക്കു സർക്കാർ കഷ്ടപ്പെടുകയാണെന്നു ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നു. 

സർക്കാർ‌ ഗാരന്റിയുടെ അടിസ്ഥാനത്തിൽ കെടിഡിഎഫ്സിയിൽ നിക്ഷേപം നടത്തിയവരോടു പണം തിരികെ തരാനുള്ള ബാധ്യത സർക്കാരിനില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നു. നിക്ഷേപത്തിനു ഗാരന്റി നൽകിയിട്ട് ബാധ്യതയില്ലെന്നു പറയുന്നത് നാടിനു നാണക്കേടാണെന്ന് ഹർജി പരിഗണിച്ച ഹൈക്കോടതി ജഡ്ജി തുറന്നടിച്ചു. ഇങ്ങനെയാണെങ്കിൽ ആരെങ്കിലും കിഫ്ബിയിൽ പണം നിക്ഷേപിക്കുമോ?

സിഎജി പറയുന്നത് 28,258 കോടി രൂപയുടെ നികുതി കുടിശിക കേരളം പിരിച്ചെടുക്കാനുണ്ടെന്നാണ്. അതിനുള്ള തീവ്രമായ ശ്രമം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നു കാണുന്നില്ല.   

സംസ്ഥാനത്തിന്റെ വരവും ചെലവും

2023–’24 ലെ ബജറ്റ് മതിപ്പു പ്രകാരം സംസ്ഥാനത്തിന്റെ മൊത്തം വരുമാനവും ചെലവും 1,76,088.95 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ മൊത്തം റവന്യു വരുമാനം 1,35,418.67 കോടി രൂപയാണ്. ഇതിൽ സംസ്ഥാനത്തിന്റെ  വിഹിതം 98,127.39 കോടി രൂപയും കേന്ദ്രവിഹിതം 53,157.31 കോടി രൂപയുമാണ്. കേന്ദ്രവിഹിതം സംസ്ഥാനത്തിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ 39.25 %. സംസ്ഥാനത്തിന്റെ മൊത്തം റവന്യു ചെലവ് സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തെക്കാൾ 23942.26 കോടി രൂപ അധികമാണ്. അതാണ് സംസ്ഥാനത്തിന്റെ റവന്യുകമ്മി. ഇതു സംസ്ഥാന ജിഡിപിയുടെ 2.11% ആണ്. സംസ്ഥാനത്തിന്റെ ധനക്കമ്മി 39662.23 കോടി രൂപയാണ്. ഇതു സംസ്ഥാന ജിഡിപിയുടെ 3.5 ശതമാനമാണ്. സംസ്ഥാന ബജറ്റിലെ മൂലധനച്ചെലവ് 14,605.53 കോടി രൂപ മാത്രമാണ്. ഇതു ജിഡിപിയുടെ 1.29% മാത്രമാണ്. ഇത്രയും കുറഞ്ഞ മൂലധനച്ചെലവിനു പരിഹാരം കാണുന്നത് ബജറ്റിനു പുറത്ത് കിഫ്ബി വഴി കടമെടുത്താണ്. കേന്ദ്രസർക്കാർ ഇതിനെതിെര വാൾ വീശിക്കഴിഞ്ഞു. 

money

സംസ്ഥാനത്തിന്റെ റവന്യുച്ചെലവിലെ പ്രധാന ഇനങ്ങൾ ശമ്പളം, പെൻഷൻ, പലിശ എന്നിവയാണ്. കേരളത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിൽ 69.80% ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കാണു വിനിയോഗിക്കുന്നത്. എന്നാൽ, സംസ്ഥാനത്തിന്റെ മൊത്തം, തനതുവരുമാനത്തിന്റെ 69.58% ശമ്പളവും പെൻഷനും നൽകാനും 26.75% പലിശ നൽകാനുമാണ് വിനിയോഗിക്കുക. സംസ്ഥാന ജിഡിപിയുടെ 2.32% പലിശ നൽകാനാണ് വിനിയോഗിക്കുന്നത്. സംസ്ഥാനത്തിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ 8.58 % എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശമ്പളത്തിനാണു വിനിയോഗിക്കുന്നത്. 

സാമ്പത്തിക വിദഗ്ധനാണ് ലേഖകൻ

English Summary:

Kerala Budget 2024 and State's Economic Situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com