ADVERTISEMENT

2001 മാർച്ച് അവസാനം കേരളത്തിന്റെ മൊത്തം കടബാധ്യത 25,754 കോടി രൂപയായിരുന്നു. 2016 മാർച്ച് അവസാനിക്കുമ്പോൾ ഇത് 1,60,638 കോടി രൂപയായി ഉയർന്നു. 2024 മാർച്ച് അവസാനിക്കുമ്പോൾ സംസ്ഥാനത്തിന്റെ മൊത്തം ബാധ്യത 4,18,727 കോടി രൂപയാകും. 2023–’24ലെ ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച് പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ശേഷം കേരളത്തിന്റെ കടബാധ്യത 2,58,089 കോടി രൂപ വർധിച്ചിട്ടുണ്ട്. ആർബിഐയുടെ കണക്കനുസരിച്ച് കേരളത്തിന്റെ മൊത്തം കടബാധ്യത സംസ്ഥാന ജിഡിപിയുടെ 38 ശതമാനത്തോളം വരും. 2001നും 2024നുമിടയിൽ നമ്മുടെ സംസ്ഥാനത്തിന്റെ കടബാധ്യത 1,526% ഉയർന്നു. 

 കിഫ്ബി

കിഫ്ബി 82,383 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. പദ്ധതികൾക്കായി കിഫ്ബി ചെലവഴിച്ചത് 29,926 കോടി രൂപയാണ്. സർക്കാരിൽനിന്നു കിഫ്ബിക്കു കിട്ടിയത് 16,063 കോടി രൂപയാണ് (2023 ജൂൺവരെ). കിഫ്ബി വായ്പ എടുത്തത് 19,634 കോടി രൂപയാണ്. ആകെ മൊത്തം കിഫ്ബിക്കു കിട്ടിയത് 35,697 കോടി രൂപ. കിഫ്ബി 2023 സെപ്റ്റംബർ വരെ 82293.93 കോടി രൂപ വരുന്ന 1,073 പ്രോജക്ടുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. അംഗീകാരം നൽകിയ പദ്ധതികൾ പൂർത്തീകരിക്കാൻ നീണ്ടകാലം വേണ്ടിവരും. ഇന്നത്തെ ചുറ്റുപാടിൽ എങ്ങനെ പണം കണ്ടെത്തുമെന്നത് വലിയൊരു ചോദ്യചിഹ്നമാണ്. ഉദാരവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും പാത കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് പിന്തുടരേണ്ടി വരുമോ? ചരിത്രം സാക്ഷി. 

planing-up

കേന്ദ്രത്തിന്റെ പിഴവുകൾ

കേരള ധനമന്ത്രി ബാലഗോപാൽ പറയുന്നത് രാജ്യത്തെ ചെലവിന്റെ 62.4% സംസ്ഥാനങ്ങൾ നിർവഹിക്കുമ്പോൾ കേന്ദ്രത്തിന്റെ ബാധ്യത  37.6 ശതമാനമാണെന്നാണ്. അതേസമയം വരുമാനത്തിന്റെ 62.2 % കൈയ്യടക്കുന്നത് കേന്ദ്രമാണെന്നും അദ്ദേഹം പറയുന്നു. ഇത് ശരിയാണെങ്കിൽ തിരുത്തപ്പെടേണ്ടതുതന്നെയാണ്. 

14–ാം ധനകാര്യ കമ്മീഷൻ നികുതി വരുമാനത്തിന്റെ 42% സംസ്ഥാനങ്ങൾ വീതിച്ചു നൽകുന്നതിന് ശുപാർശ ചെയ്തിരുന്നു. ഇതു സർക്കാരിന് ഇഷ്ടമായിരുന്നില്ലെങ്കിലും അംഗീകരിക്കാൻ നിർബന്ധിതരായി. എന്നാൽ, ഇതു മറികടക്കാൻ കേന്ദ്രസർക്കാർ രണ്ടു മാർഗങ്ങളാണു സ്വീകരിച്ചത്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്രവിഹിതം വെട്ടിക്കുറച്ച് സംസ്ഥാനവിഹിതം കൂട്ടി. മറ്റൊന്ന് സംസ്ഥാനങ്ങൾക്കു വിഭജിച്ചു നൽകേണ്ടതല്ലാത്ത സെസും സർചാർജും നികുതിക്കുമേൽ ചുമത്തി കേന്ദ്രവരുമാനം കൂട്ടാൻ തുടങ്ങി. ഇതു രണ്ടുംകൂടി മൊത്തം നികുതിവരുമാനത്തിന്റെ 25 ശതമാനത്തോളം വരും. ഈ നിലപാട് ഒരു ഫെഡറൽ ജനാധിപത്യ സംവിധാനത്തിനു ചേർന്നതല്ല. 

ധനകാര്യക്കമ്മിഷൻ സംസ്ഥാനങ്ങൾക്ക് നികുതി വരുമാനം കൈമാറുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതുമൂലം മുമ്പ് കിട്ടിയിരുന്ന 3.58% ഇപ്പോൾ 1.925 ശതമാനമായി കുറഞ്ഞതായി ബാലഗോപാൽ പറയുന്നു. പിന്നാക്ക സംസ്ഥാനങ്ങൾക്കുള്ള വിഹിതം കൂട്ടുമ്പോൾ ചില സംസ്ഥാനങ്ങൾ ഒഴുക്കിനെതിരെ നീന്തി കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കുന്ന തരത്തിലുള്ള നടപടികൾ കേന്ദ്രത്തിന്റെയും ധനകാര്യ കമ്മിഷനുകളുടെയും ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാ. 

2021–’22 മുതൽ 2025–’26 കാലത്തേക്ക് കേരളത്തിന് 37,814 കോടി രൂപയാണ് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റായി പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്തിരുന്നത്. ഇതിൽ 34,648 കോടി രൂപ കേരളത്തിനു നൽകിക്കഴിഞ്ഞുവെന്ന് ബന്ധപ്പെട്ട കേന്ദ്രമന്ത്രി എൻ.കെ. പ്രേമചന്ദ്രൻ എംപിയെ അറിയിച്ചിട്ടുണ്ട്. 

ധനദൃഢീകരണം (Fiscal Consolidation) അനിവാര്യമാണ്. അതിന്റെ പേരിൽ സംസ്ഥാനങ്ങൾ ക്രൂശിക്കപ്പെടരുത്. അതേസമയം സംസ്ഥാനങ്ങൾ വളഞ്ഞ വഴിയിലൂടെ ധനസമാഹരണത്തിനു ശ്രമിക്കുകയുമരുത്. 

കേന്ദ്രവും കേരളവും തമ്മിലുള്ള പോര് അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ചർച്ചയിലൂടെയും സമവായത്തിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. 

ലേഖകൻ സംസ്ഥാന ആസൂത്രണ ബോർഡ് മുൻഡെപ്യൂട്ടി ഡയറക്ടറാണ്

English Summary:

Kerala State's Debt Trap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com