ADVERTISEMENT

യുവജനങ്ങള്‍ക്ക് ആഹ്ലാദിക്കാനും അവരുടെ ഭാവി സ്വപ്‌നങ്ങള്‍ക്ക് ദിശാബോധം നല്‍കാനും പലതും ഈ ബജറ്റില്‍ ഉള്‍പ്പെടുത്തി ധനമന്ത്രി. വിദ്യാഭ്യാസ രംഗത്ത് മൂലധന പദ്ധതികള്‍ ആരംഭിക്കും എന്ന പ്രഖ്യാപനവും നിക്ഷേപം ആകര്‍ഷിക്കുന്ന സംസ്ഥാനത്തിന് പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉള്‍പ്പെടെ ചേര്‍ന്ന് പഠിക്കാവുന്ന നിയമ പരിഷ്‌കാരങ്ങള്‍ വരുത്തും എന്ന പ്രഖ്യാപനവും ഈ ദിശയിലുള്ളതാണ്.

കേരളത്തിലെ ചെറു പട്ടണങ്ങളിലുള്‍പ്പെടെ വ്യാപിച്ചു വളരുന്ന പുതുതലമുറ വ്യവസായങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും വര്‍ക്ക് നിയര്‍ ഹോം സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് മൂലധന സബ്സിഡിയും പലിശ സബ്‌സിഡിയും ഉള്‍പ്പടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന പ്രഖ്യാപനവും യുവജനങ്ങളെ ആഹ്ലാദിപ്പിക്കുന്നു.
 

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിതമായി 3 വര്‍ഷത്തിനകം 200 കോടി രൂപയുടെ സഹായം ദേശീയ രാജ്യാന്തര ഏജന്‍സികളില്‍ നിന്നും സമാഹരിക്കാന്‍ കഴിഞ്ഞു. 80ലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുന്നത് വഴി ഹാര്‍ഡ് വെയര്‍ ഉല്‍പ്പന്നങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ക്യുബേറ്ററായി മാറാന്‍ കഴിഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
 

250 കോടി രൂപയുടെ വികസന പദ്ധതികള്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ നടപ്പിലാക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. പ്രവര്‍ത്തനം തുടങ്ങി ആദ്യ വര്‍ഷം മുതല്‍ വരുമാനമുണ്ടാക്കുകയും സ്വയംപര്യാപ്തവുമായിക്കൊണ്ടിരിക്കുന്ന സ്ഥാപനം എന്ന നിലയില്‍ വായ്പകള്‍ എടുക്കാന്‍ സര്‍വ്വകലാശാലയ്ക്ക് അനുമതി നല്‍കും എന്നതും വായ്പകള്‍ക്ക് പലിശയിളവ് സഹായം സര്‍ക്കാര്‍ നല്‍കും എന്ന പ്രഖ്യാപനവും ഡിജിറ്റല്‍ മേഖലയില്‍ പുതിയ പഠനം ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ഗുണകരമാണ്.
 

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി അക്കാദമിക് സഹകരണത്തിനായി ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ ഗവേഷണം നടത്തുന്നതിനായി കേരള സ്‌പെസിഫിക് സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
 

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാണ്. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിങ് വഴി 5500 കോടി രൂപ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപമായി സമാഹരിക്കാനും സംസ്ഥാനം ലക്ഷ്യമിടുന്നു.
 

100 മുതല്‍ 150 വരെ ആളുകള്‍ക്ക് ഒരുമിച്ചിരുന്ന് തൊഴിലെടുക്കാന്‍ കഴിയുന്ന വര്‍ക്ക് നിയര്‍ ഹോം കേന്ദ്രങ്ങള്‍ കേരളത്തിലെ ചില ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി കാസര്‍ഗോഡ്, കൊട്ടാരക്കര, കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ ഇത്തരം ലീപ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ആലപ്പുഴ, മഞ്ചേരി, സുല്‍ത്താന്‍ബത്തേരി, ചാലക്കുടി തുടങ്ങിയ പ്രദേശങ്ങളിലും 100 മുതല്‍ 200 പേര്‍ വരെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഐ.ടി കേന്ദ്രങ്ങളുണ്ട് എന്നും എടുത്തുകാട്ടി. മുന്‍ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചെറുനഗരങ്ങളിലെ വര്‍ക്ക് നിയര്‍ ഹോം പദ്ധതിയുടെ സാധ്യതകളെയാണ് ഇത് കാണിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ആഗോള കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ രാജ്യത്തെ  രണ്ടാമത്തെ റസിഡന്‍ഷ്യല്‍ കാമ്പസ് കൊട്ടാരക്കരയില്‍ സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട് എന്നും അറിയിച്ചു. നൂറ് കണക്കിന് പേര്‍ക്ക് ഇതു വഴി തൊഴില്‍ ലഭ്യമാകുന്നതാണ്. സംസ്ഥാനമൊട്ടാകെ ലീപ് സെന്ററുകള്‍ വ്യാപിപ്പിക്കുന്ന പദ്ധതിയ്ക്കായി ബജറ്റിൽ 10 കോടി രൂപ വകയിരുത്തുകയും ചെയ്തു.

ആഗോള തലത്തില്‍ സംരംഭക ആശയങ്ങള്‍ കൈമുതലായിട്ടുള്ള ആളുകള്‍ക്ക് കേരളത്തിലെ പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ വന്ന് താമസിച്ച് തൊഴില്‍ ചെയ്യുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വര്‍ക്ക് പോഡുകള്‍ സ്ഥാപിക്കും എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
 

രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുക സര്‍ക്കാരിന്റെ  ലക്ഷ്യമായിരിക്കും എന്നും മന്ത്രി പ്രഖ്യാപിച്ചു.  വിദേശത്തേക്ക് പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളില്‍ 4 ശതമാനം കേരളത്തില്‍ നിന്നുള്ളവരാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഘടനയില്‍  സമഗ്രമായ മാറ്റങ്ങള്‍ വരുത്തും.
 

kn-balagopal-budget-2024-050201

പ്രവാസികളായ അക്കാദമിക് വിദഗ്ദ്ധരെ സംയോജിപ്പിച്ച് അവരുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്താൻ പദ്ധതിയുണ്ട്. അക്കാദമിക് വിദഗ്ദ്ധരുടെ ഒരു ടാസ്‌ക് ഫോഴ്‌സ് ഇതിനായി രൂപീകരിക്കുവാനും യൂറോപ്പ്, യു.എസ്.എ, ഗള്‍ഫ് നാടുകള്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ 2024 മെയ് ജൂണ്‍ മാസങ്ങളില്‍ നാല് പ്രാദേശിക കോണ്‍ക്ലേവുകള്‍ നടത്താനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ട് 2024 ഓഗസ്റ്റ് മാസത്തില്‍ ഹയര്‍ എഡ്യൂക്കേഷന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇനിഷ്യേറ്റീവ് - ഗ്ലോബല്‍ കോണ്‍ക്ലേവ് സംസ്ഥാനത്ത് നടത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
 

അനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ്, ഗെയിമിങ്, കോമിക്‌സ് എന്നിവ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ വിനോദ മേഖലയില്‍ സംരംഭകരെ ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നയം ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ മേഖലയില്‍ സംരംഭകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.
 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് 2024 ജൂലൈയില്‍ ഐ.ബി.എമ്മുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ രാജ്യാന്തര എ.ഐ കോണ്‍ക്ലേവ് സംഘടിപ്പിക്കുവാനും ഉദ്ദേശിക്കുന്നു. ഉന്നത ഗവേഷണ സ്ഥാപനങ്ങളും റോബോട്ടിക്‌സ് കമ്പനികളുമായി ചേര്‍ന്ന് കേരളത്തെ റോബോട്ടിക്‌സ് ഹബ്ബാക്കി മാറ്റാനുള്ള കര്‍മ്മ പദ്ധതികളുമുണ്ട്.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്കും സാമ്പത്തിക പങ്കാളിത്തത്തിനും യുവാക്കള്‍ക്ക് അവസരം ഒരുക്കുന്ന എഡ്യൂക്കേഷന്‍ പ്രൊമോഷന്‍ ഫണ്ടിന്റെ രൂപീകരണം വളരെ ശ്രദ്ധേയമാണ്.


ഒരു വിദ്യാര്‍ത്ഥിയെ ബിരുദാനന്തര ബിരുദം വരെ പഠിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് 25 ലക്ഷം രൂപയോളമാണ് എന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി  മികച്ച തൊഴിലുകള്‍ സമ്പാദിക്കാനും വിദേശത്തുള്‍പ്പെടെ പോയി ജോലി നേടുന്നതിനും സഹായകരമാകുന്നത് ഈ പൊതു വിദ്യാഭ്യാസമാണ് എന്നും ചൂണ്ടിക്കാട്ടി. തങ്ങള്‍ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ചിലരെങ്കിലും സര്‍ക്കാരിനെ സമീപിക്കാറുണ്ടെന്നും  ഇപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കാന്‍ സന്നദ്ധതയുള്ളവരെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുമെന്നും പറഞ്ഞ മന്ത്രി ഫണ്ടിന്റെ നടത്തിപ്പ് സംബന്ധിച്ച് വിശദമായ രൂപമുണ്ടാക്കുമെന്നും കൃത്യമായ പദ്ധതി തയ്യാറാക്കുമെന്നും ഇതിനുള്ള സീഡ് ഫണ്ടായി 5 കോടി രൂപ വകയിരുത്തുന്നു എന്നും പ്രഖ്യാപിച്ചു.

കേരളത്തില്‍ തന്നെ നിന്ന് ഭാവി ജീവിതം കരുപ്പിടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന യുവതലമുറയ്ക്ക് ആവേശം പകരുന്ന നിര്‍ദേശങ്ങളാണ് പലതും. ഇവ നടപ്പിലാക്കുമെന്ന പ്രത്യാശയിലാണ് യുവജനത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com