ADVERTISEMENT

ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് ഭീമനായ മോർഗൻ സ്റ്റാൻലി വെൽത്ത് മാനേജ്‌മെന്റ് യൂണിറ്റിലെ നൂറുകണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുകയാണ്. ടെക്‌നോളജി ഭീമനായ സിസ്‌കോ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. ടെക്‌നോളജി മേഖലയിലെ പിരിച്ചുവിടലുകളുടെ വ്യാപ്തി നിരീക്ഷിക്കുന്ന Layoffs.fyi എന്ന വെബ്‌സൈറ്റിൽ നിന്നുള്ള ഡാറ്റ പ്രകാരം, വർഷത്തിന്റെ തുടക്കം മുതൽ 141 ടെക്‌നോളജി കമ്പനികൾ 34,300 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. വരുമാനം കൂടുമ്പോഴും കമ്പനികൾ ജീവനക്കാരെ പിരിച്ചു വിടുന്നതാണ് പുതിയ പ്രവണത.

വരുമാനം കൂടിയിട്ടും പിരിച്ചുവിടൽ നടത്തിയ കമ്പനികൾ
 

വരുമാനത്തിൽ 13 ശതമാനം വർധനവ് 86.31 ബില്യൺ ഡോളറായി റിപ്പോർട്ട് ചെയ്തിട്ടും ഗൂഗിൾ ആയിരത്തിലധികം തൊഴിലാളികളെ പിരിച്ചുവിട്ടു.  മൈക്രോസോഫ്റ്റ് 1,900 തൊഴിലാളികളെ പിരിച്ചുവിട്ടത് വരുമാനത്തിൽ 17.6 ശതമാനം വർധനവ് ഉണ്ടായി എന്ന് റിപ്പോർട്ട് ചെയ്തതിന് ശേഷമാണ്. വരുമാനം 16996 കോടി ഡോളറായി 14 ശതമാനം വർധിച്ചിട്ടും ആമസോൺ ആയിരം ജീവനക്കാരെ പിരിച്ചു വിട്ടു. വരുമാനത്തിൽ 25 ശതമാനം വർധനവ് (4011 കോടി) ഡോളറിലെത്തിയിട്ടും മെറ്റ നിരവധി ഡസൻ ജീവനക്കാരെ പിരിച്ചുവിട്ടു. സൂം 150 ജീവനക്കാരെ പിരിച്ചുവിട്ടു. ഇത് തൊഴിലാളികളുടെ 2 ശതമാനമാണ്. പേപാൽ 2,500 ജീവനക്കാരെ പിരിച്ചു വിട്ടു. ഇവർക്ക് ലാഭം 9 ശതമാനമായിരുന്നു ഉയർന്നത്. വരുമാനത്തിൽ വർദ്ധനവ് ഉണ്ടായിട്ടും ഡിസ്‌കോർഡ് 170 ജീവനക്കാരെ പിരിച്ചുവിട്ടു. ടിക്ടോക് 60 പേരെ പിരിച്ചുവിട്ടു, SAP 8,000 പേരെ പിരിച്ചുവിട്ടു. eBay 1000 പേരെയും സ്‌നാപ്ചാറ്റിന്റെ മാതൃസ്ഥാപനം 540 ജീവനക്കാരെയും പിരിച്ചുവിട്ടു. കമ്പനി നഷ്ടത്തിലാണെങ്കിൽ പിരിച്ചുവിടലുകളിൽ അർത്ഥമുണ്ടെന്ന് കരുതാം. എന്നാൽ പ്രമുഖ ടെക്‌നോളജി കമ്പനികൾ അവരുടെ വരുമാനവും ലാഭവും വർധിച്ചുകൊണ്ടിരിക്കുമ്പോൾ പോലും എന്തുകൊണ്ട് പിരിച്ചുവിടുന്നു?

സാമ്പത്തിക അനിശ്ചിതത്വം
 

അമേരിക്കൻ സമ്പദ് വ്യവസ്ഥ വിചാരിച്ചത്ര മോശം പ്രകടനത്തിലേക്കു പോയില്ലെങ്കിലും ഭാവിയിൽ എങ്ങനെയായിരിക്കും എന്ന കാര്യത്തിൽ കമ്പനികൾക്കിടയിൽ ആകുലതയുണ്ട്.  യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമോ കൂട്ടുമോ എന്ന കാര്യത്തിൽ ഇതുവരെ ഉറപ്പ് വന്നിട്ടില്ല. 2022, 2023 വർഷങ്ങളിലെ പിരിച്ചുവിടലുകളുടെ പോലെ അത്രയും വലിയ പിരിച്ചുവിടലുകൾ ഇല്ലെങ്കിലും, ഈ വർഷവും കാര്യങ്ങൾ അത്ര പന്തിയല്ല. മഹാമാരിയുടെ കാലത്ത് കൂടുതൽ ജീവനക്കാരെ കമ്പനികൾ ജോലിക്കെടുത്തെങ്കിലും, മഹാമാരിക്ക് ശേഷം കൂട്ട പിരിച്ചു വിടലുകൾ അത്യാവശ്യമായി വന്നു. ആ ഒരു പ്രവണത ഇപ്പോഴും തുടരുകയാണ്.

ഉയർന്ന പലിശനിരക്കും സാങ്കേതിക മേഖലയിലെ നെഗറ്റീവ് പ്രവണതയും പ്രതീക്ഷിച്ചതിലും കൂടുതൽ കാലം നീണ്ടുനിന്നതിനാൽ, അധിക ഭാരം കുറയ്ക്കാൻ സാങ്കേതിക കമ്പനികൾ ഇപ്പോഴും ശ്രമിക്കുകയാണ്. കമ്പനികൾക്ക് ഓരോ പാദത്തിലും വളർച്ച കാണിച്ചെങ്കിൽ മാത്രമേ ഓഹരി വിലകളിലും അത് പ്രതിഫലിക്കുകയുള്ളൂ. അതുകൊണ്ട് ചെലവുകൾ കുറച്ചു ലാഭം പെരുപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായും പിരിച്ചുവിടലുകൾ നടത്തുന്നുണ്ട്.

സ്വയം കുഴിതോണ്ടുന്ന എ ഐ ജീവനക്കാർ

എഐ അധിഷ്‌ഠിത ജോലികൾ ജീവനക്കാർക്ക് പകരക്കാരാകുന്നതും പ്രശ്നമാകുന്നുണ്ട്. ഓരോ പാദത്തിലും ജീവനക്കാരെ നിയമിക്കുന്നതിനുപകരം, AI കഴിവുകൾ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും കമ്പനികൾ നിക്ഷേപം നടത്താൻ താൽപ്പര്യപ്പെടുന്നു. കൂടാതെ ചില കമ്പനികൾ പ്രത്യേക കഴിവുകളുള്ള ജീവനക്കാരെ ജോലിക്കെടുക്കാനും ശ്രമിക്കുന്നുണ്ട്. AI-യുമായി ബന്ധപ്പെട്ടതോ ഈ മേഖലയിൽ വൈദഗ്ധ്യം ആവശ്യമുള്ളതോ ആയ ജോലികളുടെ എണ്ണം 2023 ഡിസംബറിൽ ഏകദേശം 2,000 ആയിരുന്നത് 2024 ജനുവരിയിൽ 17,479 ആയി ഉയർന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com