ADVERTISEMENT

പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ മരണത്തിന് പ്രതികാരമായി വെള്ളിയാഴ്ച അമേരിക്ക റഷ്യക്ക് മേൽ പുതിയൊരു ഉപരോധം ഏർപ്പെടുത്തി എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എനർജി, ഫിനാൻസ്, ഡിഫൻസ്, ലോജിസ്റ്റിക്സ്, ഏവിയേഷൻ തുടങ്ങി പല മേഖലകളിലും റഷ്യക്ക് മേൽ ഉപരോധം ഉണ്ടെങ്കിലും അമേരിക്കൻ സമ്പദ് വ്യവസ്ഥയെക്കാളും, യൂറോപ്യൻ സമ്പദ് വ്യവസ്ഥയെക്കാളും, റഷ്യൻ സമ്പദ് വ്യവസ്ഥ 2023 ൽ വളർച്ച നേടിയത് അമേരിക്കയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഉപരോധങ്ങൾക്ക് നടുവിലും റഷ്യൻ സമ്പദ് വ്യവസ്ഥ 3.6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. നവൽനിയുടെ മരണത്തിൽ പ്രതിഷേധിച്ചു കൊണ്ടാണ് ഇന്ത്യയ്ക്ക് എണ്ണ വിൽക്കുന്നത് കാരണം പുതിയ ഉപരോധം റഷ്യക്കെതിരെ അമേരിക്ക കൊണ്ടുവന്നിരിക്കുന്നത് എന്ന് പറയുന്നു. ഇന്ത്യ കുറഞ്ഞ വിലയിൽ റഷ്യൻ എണ്ണ കൊണ്ട് വളരുന്നതും അമേരിക്കയ്ക്ക് ഒട്ടും സഹിക്കാനാവുന്നില്ല. കൂടാതെ എത്ര ഉപരോധം ഏർപ്പെടുത്തിയിട്ടും റഷ്യയെ തളക്കാനാകുന്നില്ല എന്നതും അമേരിക്ക പുതിയ ഉപരോധം ഏർപ്പെടുത്താൻ കാരണമാണ്

പടിഞ്ഞാറൻ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ മുൻ റഷ്യൻ കോൺസുലേറ്റിനു മുന്നിൽ അലക്സി നവൽനിയെ അനുസ്മരിച്ചപ്പോൾ (Photo: AFP)
പടിഞ്ഞാറൻ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ മുൻ റഷ്യൻ കോൺസുലേറ്റിനു മുന്നിൽ അലക്സി നവൽനിയെ അനുസ്മരിച്ചപ്പോൾ (Photo: AFP)

എണ്ണകയറ്റുമതിയിൽ ഇന്ത്യയ്ക്ക് നേട്ടം 
 

യുദ്ധം തുടങ്ങിയതിൽ പിന്നെ പല രാജ്യങ്ങളിലും അത്യാവശ്യ വസ്തുക്കൾ  പോലും ലഭിക്കാതാകുകയും, വില കുത്തനെ കൂടുകയും ചെയ്തപ്പോൾ, വലിയ പ്രശ്നങ്ങളില്ലാതെ പിടിച്ചു നിൽക്കാനായത് ഇന്ത്യക്കാണ്. ആഗോള എണ്ണ വിപണി വിലയേക്കാൾ വളരെ  കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്നും അസംസ്കൃത എണ്ണ ലഭിച്ചു  തുടങ്ങിയതാണ്  ഇന്ത്യക്ക് നേട്ടമായത്. ഇതോടെ അസംസ്കൃത എണ്ണ ശുദ്ധീകരിച്ച് കയറ്റുമതി ചെയ്യുന്ന കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ  ഇന്ത്യ സ്ഥാനം ഉയർത്തി. 2021നെ അപേക്ഷിച്ച് 2022 ആയപ്പോഴേക്കും ഇന്ത്യയുടെ എണ്ണ കയറ്റുമതിയിൽ കുത്തനെ വർധനവുണ്ടായിട്ടുണ്ട്.  ഇന്ത്യയും, ചൈനയുമാണ് യുദ്ധം തുടങ്ങിയതിൽ പിന്നെ റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്ത് അത് ശുദ്ധീകരിച്ച് തിരിച്ചു കയറ്റുമതി ചെയ്യുന്ന വലിയ 'എണ്ണ' ഉൽപ്പാദകരായി മാറിയത്. റഷ്യയെ സഹായിക്കുക, ഡോളറിനെ തഴയുക, ശുദ്ധീകരിച്ച എണ്ണയുടെ വലിയ കയറ്റുമതിക്കാർ ആകുക എന്നിങ്ങനെ പല ലക്ഷ്യങ്ങൾ ഇന്ത്യ ഈ ഒരു കാര്യത്തിലൂടെ നേടുന്നുണ്ട്. 

യൂറോപ്പിന്റെ  റഷ്യൻ എണ്ണ നിരോധനം ഇന്ത്യക്ക് നേട്ടമായി 

 യൂറോപ്പ് റഷ്യയിൽ നിന്നുള്ള എണ്ണ നിരോധിച്ചതിന്റെ  ഏറ്റവും നേട്ടം ലഭിച്ചത് ഇന്ത്യക്കായിരുന്നു. ഇന്ത്യയിൽ നിന്നും പല യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി 2022 ആദ്യം മുതൽ കുത്തനെ കൂടിയത് ഇതോടു കൂട്ടിവായിച്ചാൽ പടം കൂടുതൽ വ്യക്തമാകും. 25 ശതമാനം മുതൽ 200 ശതമാനം വരെയാണ് ഇന്ത്യ ശുദ്ധീകരിച്ച എണ്ണ കയറ്റുമതി ചെയ്യുന്ന  ആദ്യ10 രാജ്യങ്ങളിലേക്കുള്ള  കയറ്റുമതി കൂടിയിരിക്കുന്നത്. എന്നാൽ  2022 ഏപ്രിൽ നവംബർ കാലഘട്ടത്തിൽ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ  ഇറക്കുമതി 52 ശതമാനമാണ് കൂടിയിരിക്കുന്നത്. 2022 മുതൽ 2023 വരെ115 ശതമാനമാണ് ഇന്ത്യയിൽ നിന്നും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതി കൂടിയിരിക്കുന്നത്. ഐ ഓ സി എൽ, റിലയൻസ്, എച്ച് പി സി ൽ, ബി പി സി എൽ,  ഓ എൻ ജി സി , നയാര എനർജി എന്നീ വലിയ കമ്പനികളാണ് ഇന്ത്യയുടെ അസംസ്കൃത എണ്ണ ശുദ്ധീകരിക്കുന്നതിലെ ഭീമന്മാർ.

ഇന്ത്യൻ റിഫൈനറികളെ ബാധിക്കുമോ?

A picture taken on May 13, 2019, shows the crude oil tanker, Amjad, which was one of two Saudi tankers that were reportedly damaged in mysterious "sabotage attacks", off the coast of the Gulf emirate of Fujairah. - Saudi Arabia said two of its oil tankers were damaged in mysterious "sabotage attacks" in the Gulf as tensions soared in a region already shaken by a standoff between the United States and Iran. (Photo by KARIM SAHIB / AFP)
Photo : KARIM SAHIB / AFP

റഷ്യയിൽ നിന്നും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്  വിലക്കുറവിൽ എണ്ണ ലഭിച്ചു തുടങ്ങിയതിനാലാണ് ഇന്ത്യ കൂടുതൽ അസംസ്കൃത എണ്ണ വാങ്ങി തുടങ്ങിയത്. എണ്ണ വഴിയുള്ള വരുമാനത്തിന് തടയിടുന്നതിനാണ് ഇന്ത്യയ്ക്ക് അസംസ്കൃത എണ്ണ വിലക്കുറവിൽ വിൽക്കരുതെന്ന് പുതിയ നിരോധവുമായി അമേരിക്ക വന്നിരിക്കുന്നത്

റഷ്യയിൽ നിന്നും വിലക്കുറവിൽ അസംസ്കൃത എണ്ണ  വാങ്ങി ശുദ്ധീകരിച്ച് തിരിച്ചു കയറ്റുമതി ചെയ്യുന്ന 'ഓയിൽ റിഫൈനിങ്' വ്യവസായം ഇന്ത്യയിൽ ഏറ്റവും പച്ചപിടിച്ചിരിക്കുന്ന സമയത്താണ് ഉപരോധവുമായി അമേരിക്ക എത്തിയിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

പുതിയ  ഉപരോധം  കടൽ വഴിയുള്ള ക്രൂഡിൻ്റെ ഏറ്റവും വലിയ വാങ്ങലുകാർ എന്ന നിലക്ക് ഇന്ത്യക്ക് ദോഷമാകും. ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ വിൽപ്പനയെ തടസ്സപ്പെടുത്തുമെന്നും വാർഷിക വിതരണ ഇടപാടുകൾ ഉറപ്പാക്കാനുള്ള ഇന്ത്യൻ സ്റ്റേറ്റ് റിഫൈനർമാരുടെ ശ്രമങ്ങളെ ഉപരോധം  സങ്കീർണ്ണമാക്കുമെന്നും ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. റഷ്യയിലെ പ്രമുഖ ടാങ്കർ ഗ്രൂപ്പായ സോവ്‌കോംഫ്ലോട്ടിനെയാണ് ഇപ്പോഴത്തെ  ഉപരോധം ലക്ഷ്യമിടുന്നത്. റിഫൈനർമാരായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്പിസിഎൽ) എന്നീ കമ്പനികൾ റഷ്യയുമായി പുതിയ കരാർ ഉണ്ടാകാനിരിക്കെ വന്നിരിക്കുന്ന ഉപരോധം ഇന്ത്യൻ വിപണിയിൽ എണ്ണ വില ഉയർത്തുമോ എന്ന് കാത്തിരുന്നു കാണാം.

English Summary:

Indian Petrol Price Hike and Russia US Cricis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com