ADVERTISEMENT

ഈ കിഴിവ് പരമാവധി ഉപയോഗിക്കാന്‍ ആദ്യം വകുപ്പ് 80 സി പ്രകാരം  എത്ര രൂപയുടെ കൂടി നിക്ഷേപം നടത്താന്‍ അവസരം ഉണ്ട് എന്ന് പരിശോധിക്കുക. അതിനുശേഷം നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങള്‍ക്കായി എത്ര രൂപ നിങ്ങള്‍ക്ക് മുടക്കാന്‍ കയ്യിലുണ്ട് എന്നു കണക്കാക്കുക. ഈ തുക ചുരുങ്ങിയത് മൂന്നുമുതല്‍ അഞ്ചുവര്‍ഷം കഴിഞ്ഞേ പിന്‍വലിക്കാന്‍ കഴിയൂ എന്ന കാര്യം മറക്കരുത്. 80 സിയിലെ ഒന്നര ലക്ഷം തികയാന്‍ ഇനിയും ബാക്കിയുണ്ട്. എന്നാല്‍ ഇനിയുള്ള ഫെബ്രുവരി, മാര്‍ച്ച് മാസത്തിനുള്ളില്‍ അത്രയും പണമുണ്ടാക്കാന്‍ വഴിയൊന്നുമില്ല എന്നാണോ. എങ്കില്‍ ഒരിക്കലും പലരും ചെയ്യുന്നതുപോലെ വായ്പ എടുത്തു നിക്ഷേപിക്കാന്‍ തുനിയേണ്ടതില്ല. കാരണം അത് ആദായകരമായിരിക്കില്ല. അതിനേക്കാള്‍ ഭേദം നികുതി നല്‍കുമ്പോഴുള്ള നഷ്ടം സഹിക്കുന്നതുതന്നെയായിരിക്കും ചിലര്‍ക്കെങ്കിലും നല്ലത്. എന്നാല്‍ ഈ ആവശ്യത്തിനായി വായ്പ എടുത്താല്‍ വലിയ സാമ്പത്തിക ഞെരുക്കം ഇല്ലാതെ തന്നെ മാസവരുമാനത്തില്‍ നിന്നു മിച്ചം പിടിച്ച് തിരിച്ച് അടയ്ക്കാന്‍ കഴിയുന്നവര്‍ക്ക് ആ വഴി സ്വീകരിക്കുന്നതില്‍ തെറ്റില്ല. വായ്പയ്ക്കു നല്‍കേണ്ട പലിശയും നികുതി ലാഭമായി കിട്ടുന്ന തുകയും ഏറെക്കുറെ തുല്യമായിരിക്കും. അതായത് ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥ. എന്നാല്‍ ഇതിലൂടെ നിക്ഷേപിക്കുന്ന തുക ഭാവിയില്‍ വളര്‍ന്ന് വലിയ ഒരു വലിയ തുക ആയി മാറും. ആ നിലയ്ക്ക് ഇങ്ങന ചെയ്യുന്നത് ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടായിരിക്കും. ചിലര്‍ അഞ്ചുശതമാനം സബ്സിഡി പലിശ കിട്ടുന്ന കാര്‍ഷിക സ്വര്‍ണവായ്പയെടുത്ത് ആദായ നികുതി ഇളവ് കിട്ടുന്ന സ്കീമുകളില്‍ നിക്ഷേപിക്കുന്നതു കണ്ടിട്ടുണ്ട്. ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന സമയത്ത് വായ്പാ തുക തിരിച്ചടച്ചില്ലെങ്കില്‍ പലിശ ഏഴു ശതമാനവും പിന്നെയും വൈകിയാല്‍ 14 ശതമാനവുമൊക്കെയായി കുതിച്ചുയരും. നികുതി ലാഭിക്കാനായി പുതിയ നിക്ഷേപം നടത്താന്‍ കയ്യില്‍ പണമില്ലെങ്കില്‍ ഇക്കുറി നികുതി അടയ്ക്കുക. നിരാശപ്പെടേണ്ട. അടുത്ത സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ തുടക്കത്തിലേ മനസുവെച്ചാല്‍ മതി. നിക്ഷേപങ്ങളെല്ലാം നികുതിയിളവ് സാധ്യത കൂടി കണക്കിലെടുത്ത് ക്രമപ്പെടുത്തിയാല്‍ മതി.

80 സിയില്‍ ഇനി നിക്ഷേപാവസരമുള്ളവര്‍ക്കും കയ്യില്‍ പണമുള്ളവര്‍ക്കും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്താവുന്ന നിക്ഷേപങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ഇപ്പോള്‍ കയ്യില്‍ പണമില്ലാത്തവര്‍ അടുത്ത സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഈ പ്ലാന്‍ അനുസരിച്ച് നിക്ഷേപം നടത്തിയാല്‍ അടുത്തവര്‍ഷം മികച്ച രീതിയില്‍ നികുതി ലാഭിക്കാം എന്നത് മറക്കാതിരിക്കുക.

1.ഓഹരിയധിഷ്ഠിത നിക്ഷേപ മാര്‍ഗങ്ങള്‍

 ഈ നിക്ഷേപ മാര്‍ഗങ്ങളില്‍ എല്ലാ ഫണ്ടുകളും എല്ലാവര്‍ക്കും യോജിച്ചതല്ല.  ഇത്തരം ഓഹരിയധിഷ്ഠിത ഫണ്ടുകളില്‍ നികുതി ലാഭിക്കാനായാലും ദീര്‍ഘകാലത്തേക്ക് ആവശ്യമില്ലാത്ത പണം മാത്രമേ നിക്ഷേപിക്കാവൂ. രണ്ട് കാരണങ്ങളാലാണ് ഇങ്ങനെ പറയുന്നത്. കാരണം ഇതിലെ നിക്ഷേപം മൂന്നുവര്‍ഷം കഴിഞ്ഞേ പിന്‍വലിക്കാന്‍ പറ്റൂ. നിര്‍ബന്ധിത ലോക്ക് ഇന്‍ പീരിഡ് ഇത്തരം നിക്ഷേപങ്ങള്‍ക്കുണ്ട്. മൂന്നുവര്‍ഷം കഴിഞ്ഞ് പിന്‍വലിക്കുമ്പോള്‍ ലാഭം കിട്ടിക്കൊള്ളണമെന്നില്ല. എന്നുമാത്രമല്ല നഷ്ടവും സംഭവിക്കാം. ചിലപ്പോള്‍ മുതലുവരെ വളരെ കുറഞ്ഞുപോയെന്നും വരാം. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങള്‍ക്ക് അനുസരിച്ചാണ് ഈ ഫണ്ടുകളുടെ ലാഭവും എന്നതു മറക്കരുത്. ഇത്തരം ഫണ്ടുകളില്‍ നിന്ന് ലാഭം കിട്ടാന്‍ ദീര്‍ഘകാലം കാത്തിരിക്കേണ്ടിയും വന്നേക്കാം.

2. ന്യൂ പെന്‍ഷന്‍ സ്കീം

മികച്ച പെന്‍ഷന്‍ പദ്ധതിയാണിത്. 60 വയസിനുശേഷം പെന്‍ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഓഹരിയിലും കടപ്പത്രങ്ങളിലും അധിഷ്ഠിതമായ ഫണ്ടുകള്‍ ലഭ്യമാണ് ഈ സ്കീം പ്രകാരം.

TAX1

3. ബാങ്ക്/കടപ്പത്രാധിഷ്ഠിത നിക്ഷേപങ്ങള്‍

ഇവയിൽ താഴെ പറയുന്നവയാണ് പ്രധാനപ്പെട്ടത്

1. ടാക്സ് സേവര്‍ ബാങ്ക് സ്ഥിര നിക്ഷേപം

2. പബ്ലിക് പ്രോവിഡന്‍റ് ഫണ്ട്

3.സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീം

4.നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്

5.വൊളന്‍ററി പ്രോവിഡന്‍റ് ഫണ്ട്, ന്യൂ പെന്‍ഷന്‍ സ്കീം -ഡെറ്റ് ഫണ്ട്

6. യുലിപ് ഇന്‍ഷുറന്‍സ് -ഡെറ്റ് ഫണ്ട്

നിക്ഷേപിച്ചുതുടങ്ങാം

മുകളില്‍ സൂചിപ്പിച്ചതില്‍ ഉചിതമായ നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ നിങ്ങളുടെ പ്രായവും റിസ്ക് എടുക്കാനുള്ള ശേഷിയും കണക്കിലെടുത്ത് അതിന് ആനുപാതികമായി നിക്ഷേപിച്ചുതുടങ്ങാം.

∙25 മുതല്‍ 35 വയസുവരെ പ്രായമുള്ള ശമ്പള വരുമാനക്കാര്‍

എംപ്ലോയി പ്രോവിഡന്‍റ് ഫണ്ടിലേക്ക് നിയമപ്രകാരം തന്നെ ശമ്പളത്തില്‍ നിന്ന് നിശ്ചിത വിഹിതം പോകുന്നതുകൊണ്ട് ഈ പ്രായത്തിലുള്ള ശമ്പളവരുമാനക്കാര്‍ ബാങ്ക്, കടപ്പത്രാധിഷ്ഠിത നിക്ഷേപങ്ങളിലേക്ക് കാര്യമായി പോകേണ്ടതില്ല. നികുതി ലാഭിക്കാനായി നിക്ഷേപിക്കുന്ന തുകയുടെ 65 ശതമാനം ഓഹരിയധിഷ്ഠിത മാര്‍ഗങ്ങളില്‍ നിക്ഷേപിക്കാം. 20 ശതമാനം തുക പബ്ലിക് പ്രോവിഡന്‍റ് ഫണ്ടില്‍ നിക്ഷേപിക്കാം. 15 ശതമാനം ന്യൂ പെന്‍ഷന്‍ സ്കീമിലും നിക്ഷേപിക്കാം.

∙36 മുതല്‍ 50 വയസുവരെ പ്രായമുള്ള ശമ്പള വരുമാനക്കാര്‍

നിക്ഷേപതുകയുടെ 35 ശതമാനം ഓഹരിയധിഷ്ഠിത മാര്‍ഗങ്ങളില്‍ നിക്ഷേപിക്കാം. 50 ശതമാനം ബാങ്ക്, കടപ്പത്ര ഓഹരികളില്‍ നിക്ഷേപിക്കാം. 15 ശതമാനം ന്യൂ പെന്‍ഷന്‍ സ്കീമില്‍ നിക്ഷേപിക്കാം.

∙51 മുതല്‍ 70 വയസുവരെ പ്രായമുള്ള ശമ്പള,പെന്‍ഷന്‍ വരുമാനക്കാര്‍

നിക്ഷേപ തുകയുടെ 65 ശതമാനം ബാങ്ക്, കടപ്പത്ര നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കാം. 30 ശതമാനം പെന്‍ഷന്‍ സ്കീമില്‍ നിക്ഷേപിക്കാം. അഞ്ചുശതമാനം മാത്രം ഓഹരിയധിഷ്ഠിത സ്കീമുകളില്‍ നിക്ഷേപിക്കാം.

(പെഴ്സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ് മെന്ററും ആണ് ലേഖകൻ. സംശയങ്ങൾ ഇ മെയ്ൽ ചെയ്യാം. Jayakumarkk8@gmail.com)

English Summary:

80C Income Tax Benefits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com