ADVERTISEMENT

80 സി നിക്ഷേപം നൽകുന്ന 1.5 ലക്ഷത്തിന്റെകിഴിവ് പൂർണമായും പ്രയോജനപ്പെടുത്തിയവർക്ക് മുന്നിൽ അവശേഷിക്കുന്ന മൂന്ന് മാർഗങ്ങളെക്കുറിച്ച് ഇന്നലെ വിശദീകരിച്ചിരുന്നു. ഭവനവായ്പ പലിശ, വിദ്യാഭ്യാസ വായ്പ പലിശ എന്നിവയിലേക്ക് കൂടുതൽ തുക അടയ്ക്കുന്നതും എൻപിഎസിലേക്ക് 50,000 രൂപവരെ കൂടുതലായി അടയ്ക്കുന്നതുമായിരുന്നു ആ മാർഗങ്ങൾ. എന്നാൽ ഇതിലേക്കുള്ള അടവിനായി മുടക്കാൻ പണം കയ്യിൽ ഇല്ലാത്തവർ എന്തുചെയ്യും? ഇതാ അവർക്കുള്ള മാർഗങ്ങൾ. ഒരു രൂപയെങ്കിൽ ഒരു രൂപ നികുതി കുറയ്ക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത്. നികുതി വിധേയ വരുമാനം ഒരു രൂപ കൂടിയാൽ അതു മതി റിബേറ്റ് ഇല്ലാതാകാനും നികുതി നിരക്ക് 5ൽ നിന്ന് 10 ഉം 20 ഉം 30 ഉം ഒക്കെയാകാൻ.

മിക്ക നികുതിദായകർക്കും നിലവില്‍ പല നിക്ഷേപമാര്‍ഗങ്ങളും കാണും അതിലെ അടവെല്ലാം കൂടി 1.50 ലക്ഷത്തില്‍ കൂടുതലും കാണും. പബ്ലിക് പ്രോവിഡന്റ് ഫണ്ട്, റെക്കറിങ് ഡിപ്പോസിറ്റ്, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയവയിലൊക്കെ ആയിരിക്കും നിക്ഷേപം. പക്ഷേ ഇവയിലേക്കായി മുടക്കുന്നതില്‍ 1.50 ലക്ഷം രൂപയ്ക്കുവരെ മാത്രമേ ഇളവ് ലഭിക്കൂ. അതുകൊണ്ട് 1.5 ലക്ഷത്തിന് മേല്‍ വരുന്ന നിക്ഷേപ അടവ്  തല്‍ക്കാലത്തേക്ക് അവസാനിപ്പിക്കക. അതായത് മാർച്ചിൽ ഈ പേയ്മെൻറുകൾ ഒന്നും നടത്തേണ്ടതില്ല.

ആ തുക ഇഎംഐയില്‍ ചേര്‍ത്ത്  ഭവനവായ്പയിലേക്കും വിദ്യാഭ്യാസ വായ്പയിലേക്കും അടയ്ക്കുക. ബാങ്കുമായി ബന്ധപ്പെട്ട് അധികമായി അടയ്ക്കുന്ന തുക പലിശ ഇനത്തിലാണ് വരവ് വയ്ക്കുന്നതെന്ന് ഉറപ്പാക്കിയിരിക്കണം. അങ്ങനെ അധികമായി നികുതി ഇളവ് നേടാം. ഇനി മാര്‍ച്ചുകഴിഞ്ഞ് വീണ്ടും ബാങ്കുമായി ബന്ധപ്പെട്ട് അടുത്ത മൂന്നുമാസത്തേക്ക് ഇഎംഐയില്‍ കുറവ് ആവശ്യപ്പെടണം. നേരത്തെ അധികമായി അടച്ചതുകയുടെ ആനുപാതിക കുറവാണ് നേടിയെടുക്കേണ്ടത്. ഈ തുക വീണ്ടും തല്‍ക്കാലത്തേക്ക് നിര്‍ത്തിയ നിക്ഷേപപദ്ധതികളുടെ അടവില്‍ അധികമായി ചേര്‍ത്ത് അടയ്ക്കണം. ഇങ്ങനെ ചെയ്താല്‍ നിക്ഷേപ അടവിനും കുറവ് വരില്ല. നികുതി ഇളവ് പരമാവധി നേടിയെടുക്കുകയും ചെയ്യാം.

കയ്യില്‍ പണമില്ലെങ്കില്‍ മുന്‍വര്‍ഷങ്ങളില്‍ നടത്തിയ നികുതി ആനുകൂല്യ നിക്ഷേപ പദ്ധതികളില്‍ കാലാവധി എത്തിയവ ഉണ്ടോ എന്ന് പരിശോധിക്കുക. ഉദാഹരണത്തിന് ടാക്‌സ് സേവര്‍ മ്യൂച്വല്‍ ഫണ്ടില്‍ നടത്തിയ നിക്ഷേപം മുന്നുവര്‍ഷം കഴിഞ്ഞ് പിന്‍വലിക്കാം. ടാക്‌സ് സേവര്‍ ബാങ്ക് ഡിപ്പോസിറ്റ് അഞ്ചുവര്‍ഷം കഴിഞ്ഞും പിന്‍വലിക്കാവുന്നതാണ്. ഇത്തരത്തില്‍ കാലാവധി എത്തിയ നിക്ഷേപം പിന്‍വലിച്ച് മുകളില്‍ പറഞ്ഞ അവസരങ്ങള്‍ പ്രയോജനപ്പെടുത്താം. ടാക്‌സ് സേവര്‍ മ്യൂച്വല്‍ ഫണ്ടില്‍ തവണകളായിട്ടാണ് പണം അടച്ചുകൊണ്ടിരുന്നതെങ്കില്‍ ഓരോമാസത്തെയും നിക്ഷേപം മൂന്നവര്‍ഷകാലാവധി പൂര്‍ത്തിയാക്കണം. ഇത്തരത്തില്‍ പൂര്‍ത്തിയായ തുകമാത്രമേ പിന്‍വലിക്കാന്‍ കഴിയൂ എന്ന കാര്യം ഓര്‍ത്തിരിക്കുക. മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ മൂല്യത്തില്‍ നഷ്ടം വരാത്തവിധം ഫണ്ടിന്റെ പ്രകടനം ഉയര്‍ന്ന നിലയിലാണോ എന്ന് പരിശോധിക്കണം. നഷ്ടം വരുന്ന രീതിയില്‍ ഫണ്ട് പിന്‍വലിച്ച് നികുതി ലാഭിക്കാന്‍ നോക്കരുത്.

എൻപിഎസിൽ അധികമായി 50,000 രൂപ കൂടി അടയ്ക്കാൻ ഇല്ലെങ്കിൽ എൻപിഎസിൽ നിന്നുതന്നെ ഈ തുക പിൻവലിക്കാം. എൻപിഎസിലെ നിങ്ങളിതെ വരെ അടച്ച തുകയുടെ 25 ശതമാനം വരെ ഇങ്ങനെ പിൻവലിക്കാം. ഇതിൽ 50,000 രൂപ മാത്രം പിൻവലിക്കുക. ആ തുക മാർച്ചിൽ വീണ്ടും എൻപിഎസിലേക്ക് അടയ്ക്കുക. ഓൺലൈനായി വളരെ ലളിതമായ പ്രക്രിയയിലൂടെ പണം പിൻവലിക്കാവുന്നതാണ്.

ഇനി എൻപിഎസിൽ നിന്ന് പണം പിൻവലിക്കാൻ കഴിയുന്നില്ലെങ്കിൽ പ്രോവിഡൻറ് ഫണ്ടിൽ നിന്ന് തിരിച്ചടയ്ക്കേണ്ടാത്ത വായ്പ കിട്ടും. അതെടുക്കാം. നോൺ റീഫണ്ടബിൾ അഡ്വാൻസ് അഥവ എൻആർഎ എന്നാണ് അതറിയപ്പെടുന്നത്.

1.    ഇത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വായ്പ എടുത്ത പണം ഉപയോഗിക്കുന്നത് ഒട്ടും അഭികാമ്യമല്ല. വ്യക്തമായ പ്ലാനോടുകൂടി നിക്ഷേപങ്ങളും ചിലവും ക്രമീകരിച്ച് വേണം ആദായ നികുതി ഇളവിനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടത്. അതേക്കുറിച്ച് നാളെ.

(പെഴ്സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ് മെൻററും ആണ് ലേഖകൻ. സംശയങ്ങൾ ഇ മെയ്ൽ ചെയ്യാം. jayakumarkk8@gmail.com )

English Summary:

Income Tax Planning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com