ADVERTISEMENT

ജീവിതത്തിലെ വൈവിധ്യമാര്‍ന്ന സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുള്ള പണം, ഓരോ ദിവസം തള്ളിനീക്കുമ്പോഴും ഇടത്തരം വരുമാനക്കാരെ നിരന്തരം അലട്ടുന്ന  ആധിയാണ്. എന്നാല്‍ വരുമാനം എത്ര ചെറുതുമായിക്കൊള്ളട്ടെ അവയെ ഫലപ്രദമായി വിനിയോഗിക്കാന്‍ സഹായിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ കഴിഞ്ഞാല്‍ ഭാവിയെക്കുറിച്ച് ആശങ്കപ്പെടേണ്ടിവരില്ല. ആരുടെ കയ്യിലാണ് ആ സ്വാതന്ത്ര്യത്തിന്റെ താക്കോല്‍? ആരാണ് നിങ്ങളെ പാരതന്ത്ര്യത്തിന്റെ തടവറയില്‍ അടച്ചിട്ടിരിക്കുന്നത്? അത് മറ്റാരുമല്ല, നിങ്ങള്‍ തന്നെയാണ്. നമ്മളോരുരുത്തരുമാണ് നമ്മുടെ തന്നെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത്. പാരതന്ത്ര്യത്തില്‍ നിന്ന് സമ്പൂര്‍ണ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കാനുള്ള 10 വഴികളിതാ. ഈ പുതിയ സാമ്പത്തിക വര്‍ഷം അവയൊന്നു ജീവിതത്തില്‍ പരീക്ഷിച്ചുനോക്കാം.

1.വരവും ചിലവും അവ തമ്മിലുള്ള അന്തരവും കൃത്യമായി അറിയുക. ചിലവഴിക്കുന്ന ഓരോ പൈസയുടെയും കണക്ക് സൂക്ഷിക്കുക. ഇടയ്ക്ക് അവ പരിശോധിക്കുക. പല ചിലവുകളെക്കുറിച്ചും പിന്നീട് ആലോചിക്കമ്പോള്‍ ഒരാവശ്യവും ഇല്ലാത്തതായിരുന്നു എന്ന് തോന്നും. അത്തരം ചിലവുകള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇത് സഹായിക്കും.
2.അധിക വരുമാനത്തിനുള്ള സാധ്യതകള്‍ പരമാവധി വിനിയോഗിക്കുക. ജീവിത പങ്കാളിയേയും മക്കളെയും ഇതിനായി പ്രോത്സാഹിപ്പിക്കുക. മികച്ച ഒരു ഉല്‍പ്പന്നമോ സേവനമോ നിങ്ങളുടെ കുടുംബത്തിന് നല്‍കാനുണ്ടെങ്കില്‍ അനായാസം അത് ആവശ്യക്കാരിലെത്തിക്കാം. സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും അതിനായി നിരവധി അവസരങ്ങള്‍ ഒരുക്കുന്നുണ്ട്.
3. ജീവിതത്തിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് വ്യക്തമായ ബോധ്യം കുടുംബനാഥനും കുടംബാംഗങ്ങള്‍ക്കും ഉണ്ടായിരിക്കണം. ചരടറ്റ പട്ടം പോലെയാകരുത് ജീവിത ലക്ഷ്യങ്ങള്‍

4. ഓരോ ജീവിത ലക്ഷ്യവും കൈവരിക്കേണ്ട വര്‍ഷം, അതിനാവശ്യമായ പണം ഏകദേശം എത്രയാകും എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. ഏത് ലക്ഷ്യവും കൈവരിക്കാനുള്ള പരിശ്രമം അരംഭിക്കും മുമ്പ് അത് എന്താണ് എങ്ങനെയാണ് എന്നറിഞ്ഞിരിക്കണമല്ലോ.
5. ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുക വരുമാനത്തില്‍ നിന്ന് മിച്ചം പിടിക്കുന്ന സാമ്പദ്യമാണ്. പിശുക്കാതെ, ജീവിതത്തിലെ സന്തോഷം കളയാതെ അന്തസായി ജീവിച്ച് പരമാവധി തുക മിച്ചം പിടിക്കുക. ഓരോ വര്‍ഷവും ഇങ്ങനെ മിച്ചം പിടിക്കുന്ന തുക കൂട്ടിക്കൂട്ടികൊണ്ടുവരിക.
6. ഓരോ തവണ ശമ്പള വര്‍ധന ഉണ്ടാകുമ്പോഴും ആ വര്‍ധനയ്ക്ക് ആനുപാതികമായ തുക സമ്പാദ്യത്തിലേക്ക് മാറ്റുക.
7. ഇങ്ങനെ മിച്ചം പിടിക്കുന്ന തുക വിവിധ നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപിക്കണം. ഏതെങ്കിലും ഒരു മാര്‍ഗത്തില്‍ മാത്രമായി നിക്ഷേപം പരിമിതപ്പെടുത്തരുത്. ഓഹരി, മ്യൂച്വല്‍ ഫണ്ട്, സ്വര്‍ണം, ഇടിഎഫ്, ചിട്ടി, ബാങ്ക് ഡിപ്പോസിറ്റ്, പ്രോവിഡന്റ് ഫണ്ട്, പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍, ഭൂമി തുടങ്ങിയവയിലെല്ലാം ചെറുതെങ്കിലും നിക്ഷേപമുണ്ടാകണം.

8. നിക്ഷേപം ക്രമേണ ഉയരുന്ന കോംപൗണ്ടിങ്ങിന്‍റെ ശക്തി പ്രയോജനപ്പെടുത്തണം. ഒരു നിശ്ചിത തുക ചിട്ടയായി എല്ലാമാസവും സ്ഥിരമായി വര്‍ഷങ്ങളോളം നിക്ഷേപിച്ചുകൊണ്ടിരുന്നാല്‍ അത് വളര്‍ന്ന് വലിയ ഒരു തുകയാകും. ഇക്കാര്യം നമ്മില്‍ പലര്‍ക്കും അറിയാമെങ്കിലും അതിന്റെ പ്രയോജനം ലഭിക്കാനായി കാര്യമായൊന്നും ചെയ്യില്ല. എല്ലാ വര്‍ഷവും 12,000 രൂപ വീതം പ്രതിവര്‍ഷം 18 ശതമാനം ലാഭം വീതം സ്ഥിരമായി ലഭിക്കാന്‍ സാധ്യതയുള്ള ഒരു മാര്‍ഗത്തില്‍ 30 വര്‍ഷം തുടര്‍ച്ചയായി നിക്ഷേപിച്ചാല്‍ എത്ര രൂപ ലഭിക്കുമെന്നറിയുമോ ? 1.11 കോടി രൂപ. ഇക്കാലയളവില്‍ മുടക്കുന്നത് വെറും 3.60 ലക്ഷം രൂപ മാത്രം. 18 ശതമാനം ലാഭം വര്‍ഷം തോറും സ്ഥിരമായി തരുന്ന നിക്ഷേപമാര്‍ഗങ്ങളൊന്നും ഇന്ത്യയിലില്ലാത്തതുകൊണ്ട് ഇത് വേണമെങ്കില്‍ അതിശയോക്തിപരമെന്ന് പറയാം. എന്നാല്‍ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ ഇതിനേക്കാള്‍ കൂടുതല്‍ ലാഭം നല്‍കിയിട്ടുണ്ടെന്നതാണ് സത്യം.
9. ഇന്‍ഷുറന്‍സ് സംരക്ഷണം തേടണം. അസുഖങ്ങള്‍, അപകടം, മരണം തുടങ്ങിയവ ഏതുനിമിഷവും സംഭവിക്കാം. ഇതിനായി വരുന്ന പണച്ചിലവ് കണ്ടെത്താന്‍ നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് സംരക്ഷണം തേടണം. അസുഖങ്ങള്‍ക്കു മെഡിക്ലെയിം ഇന്‍ഷുറന്‍സും അപകടങ്ങള്‍ക്ക് ആക്‌സിഡന്റ് പോളിസിയും മരണത്തിന് ടേം ഇന്‍ഷുറന്‍സും സാമ്പത്തിക സംരക്ഷണം തരും.
10. സാമ്പത്തിക സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ല. അത് നമ്മുടെ അവകാശമാണ്. സ്വയം സൃഷ്ടിച്ച തടവറയില്‍ നിന്ന് ഓരോരുത്തരും പുറത്തുവരണം. വരുമാനം എത്ര ചെറുതായായലും ചിട്ടയായ സാമ്പത്തിക ജീവിതവും അച്ചടക്കവും ഉറപ്പായും സ്വാതന്ത്ര്യം നല്‍കും.

(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്‍ററുമാണ് ലേഖകന്‍)

English Summary:

10 Steps To Achieve Financial Freedom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com