ADVERTISEMENT

2024-25 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ സാമ്പത്തിക കാര്യങ്ങളിൽ വമ്പൻ‍ മാറ്റങ്ങളാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. പുതിയ ഇൻഷുറൻസ് പോളിസികൾ  ഡിജിറ്റലാകുന്നതിന് പുറമേ  NPS നിയമങ്ങൾ മുതൽ ക്രെഡിറ്റ് കാർഡുകൾ വരെയുള്ള ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുന്നത് പോക്കറ്റിന് നല്ലതാണ്. 

ഇൻഷുറൻസ് പോളിസികൾ  ഡിജിറ്റലാകും 

ഇനി ഡിജിറ്റലായി മാത്രമേ പുതിയ ഇൻഷുറൻസ് പോളിസികൾ നൽകാവൂ എന്ന് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി നിർബന്ധമാക്കിയിട്ടുണ്ട്. ഒരു പോളിസി ഉടമയ്ക്ക് ഒരു ഇ-ഇൻഷുറൻസ് അക്കൗണ്ട് മാത്രമേ ഉണ്ടാകൂ. ഇൻഷുറൻസ് പോളിസികൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനും പരിശോധിക്കുന്നതിനുമൊക്കെയാണിത് ലക്ഷ്യമിടുന്നത്. ഇനി പുതിയ  ഇൻഷുറൻസ് വാങ്ങാൻ തീരുമാനിക്കുകയാണെങ്കിൽ റിപ്പോസിറ്ററിയിൽ നിന്നുള്ള ഫോം പൂരിപ്പിച്ച് ആധാറും പാനുമൊക്കെ നൽകി കെവൈസി പൂർത്തിയാക്കി ഇ ഇൻഷുറൻസ് അക്കൗണ്ട് തുടങ്ങാം. ഇൻഷുറൻസ് കമ്പനി പോളിസി, ഡിജിറ്റൽ രൂപത്തിൽ മാത്രമേ ഇഷ്യൂ ചെയ്യുകയുള്ളൂ. ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി പോളിസിയുടമയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിനാണ് ഡീമാറ്റ് ഫോമിൽ നൽകുകയുള്ളൂ എന്ന് തീരുമാനിച്ചിരിക്കുന്നത്. CAMS Repository, Karvy, NSDL ഡാറ്റാബേസ് മാനേജ്മെൻ്റ് (NDML), സെൻട്രൽ ഇൻഷുറൻസ് റിപ്പോസിറ്ററി ഓഫ് ഇന്ത്യ എന്നീ കമ്പനികൾ  ഇ-ഇൻഷുറൻസ് അക്കൗണ്ടുകൾ തുറക്കാൻ ഉപഭോക്താക്കളെ  സഹായിക്കും. പഴയ പോളിസികൾ കടലാസ് രൂപത്തിൽ തന്നെ തുടരാം.

എൻപിഎസ് നിയമത്തിൽ മാറ്റങ്ങൾ

ഏപ്രിൽ ഒന്നു മുതൽ ദേശീയ പെൻഷൻ സംവിധാനത്തിൽ (എൻപിഎസ്) മാറ്റം വരുന്നു. എൻപിഎസ് കൈകാര്യം ചെയ്യുന്ന അപെക്സ് ബോഡിയായ പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്മെൻ്റ് അതോറിറ്റി (പിഎഫ്ആർഡിഎ) എൻപിഎസിന്റെ നിലവിലുള്ള ലോഗിൻ പ്രക്രിയയിൽ മാറ്റങ്ങൾ വരുത്തുകയാണ്. 

aged2-2-

ഇതുവരെ എൻപിഎസ് അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യുന്നതിന് രണ്ട്-ഘടക പ്രാമാണീകരണം ആവശ്യമായിരുന്നു. വരിക്കാർ ആധാർ വേരിഫിക്കേഷനിലൂടെയും മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപിയിലൂടെയും തങ്ങളുടെ ലോഗിൻ ആധികാരികമാക്കേണ്ടതുണ്ട്. സുരക്ഷ വർദ്ധിപ്പിക്കുന്നതിനാണ് ഈ നടപടി അവതരിപ്പിച്ചിരിക്കുന്നത്.

ഇപിഎഫ്ഒയുടെ പുതിയ നിയമം

ഏപ്രിൽ 1 മുതൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ചില മാറ്റങ്ങൾ നടപ്പിലാക്കുന്നു. പുതിയ നിയമം അനുസരിച്ച് ഒരു വരിക്കാരൻ ജോലി മാറുമ്പോൾ പഴയ പ്രൊവിഡൻ്റ് ഫണ്ട് (പിഎഫ്) ബാലൻസ് പുതിയ ഓർഗനൈസേഷനിലേക്ക് സ്വയമേവ കൈമാറ്റം ചെയ്യപ്പെടും. പുതിയ സ്ഥാപനത്തിൽ ചേരുമ്പോൾ ഇപിഎഫ്ഒ അക്കൗണ്ട് ഉടമ പിഎഫ് തുക കൈമാറാൻ അഭ്യർത്ഥിക്കേണ്ടതില്ലെന്നാണ് ഇതിനർത്ഥം. 

income-tax-2-3

ആദായ നികുതിയിലിനി പുതിയ രീതി

ഇന്ന് മുതൽ, പുതിയ നികുതി വ്യവസ്ഥ സ്ഥിര നികുതി വ്യവസ്ഥയായി മാറും. ഇതിനർത്ഥം നിങ്ങൾ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ നികുതി അടയ്ക്കേണ്ടി വരും. 2023 ഏപ്രിൽ 1 മുതൽ ആദായനികുതി ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തി എന്നത് ശ്രദ്ധിക്കേണ്ടതാണ്. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ, പ്രതിവർഷം 7 ലക്ഷം രൂപവരെ വരുമാനമുള്ള വ്യക്തികൾ നികുതിയൊന്നും നൽകേണ്ടതില്ല.

ഫാസ്ടാഗിന്റെ പുതിയ നിയമം

ഫാസ്ടാഗുമായി ബന്ധപ്പെട്ട സുപ്രധാന മാറ്റമാണിന്ന് പ്രാബല്യത്തിൽ വരിക. പുതുക്കിയ KYC വിവരങ്ങളില്ലാത്ത ബാങ്കുകൾ ഫാസ്ടാഗുകൾ നിർജീവമാക്കും. കാറിന്റെ ഫാസ്‌ടാഗിന്റെ KYC നിങ്ങൾ ബാങ്കുമായി അപ്‌ഡേറ്റ് ചെയ്‌തിട്ടില്ലെങ്കിൽ ഇന്ന് മുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 

ഫാസ്ടാഗിൽ ബാലൻസ് ഉണ്ടെങ്കിൽപ്പോലും, പേയ്‌മെന്റുകൾ പ്രോസസ്സ് ചെയ്യപ്പെടില്ല, ടോൾ പ്ലാസകളിൽ നിങ്ങൾ ഇരട്ടി ടോൾ ടാക്സ് അടയ്‌ക്കേണ്ടി വരും. കെവൈസി പ്രക്രിയ പൂർത്തിയാക്കി ആർബിഐ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഫാസ്‌ടാഗ് ഉപഭോക്താക്കളോട് നിർദേശിച്ചിട്ടുണ്ട്.

1357235414

ക്രെഡിറ്റ് കാർഡ് മാറ്റങ്ങൾ

ഇന്ന് മുതൽ ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ നിരവധി സുപ്രധാന മാറ്റങ്ങൾ SBI നടപ്പിലാക്കുന്നു. ഇതനുസരിച്ച് SBI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാടക പേയ്‌മെന്റുകൾ നടത്തുകയാണെങ്കിൽ നിങ്ങൾക്ക് റിവാർഡ് പോയിന്റുകളൊന്നും ലഭിക്കില്ല. ഇത് ഏപ്രിൽ 1 മുതൽ ചില ക്രെഡിറ്റ് കാർഡുകൾക്ക് മാത്രമേ ബാധകമാകൂ, മറ്റുള്ളവയിൽ ഏപ്രിൽ 15 മുതൽ ഇത് പ്രാബല്യത്തിൽ വരും. AURUM, SBI Card Elite, SBI Card Elite Advantage, SBI Card Pulse, SimplyClICK SBI കാർഡ് തുടങ്ങിയ കാർഡുകൾക്ക് ഈ മാറ്റം ബാധകമാണ്.

യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ 

ഇന്ന് മുതൽ, കലണ്ടർ പാദത്തിൽ 10,000 രൂപയോ അതിൽ കൂടുതലോ ചെലവഴിക്കുന്ന യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് കോംപ്ലിമെന്ററി  ലോഞ്ച് ആക്‌സസ് ലഭിക്കും.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ 

ഐസിഐസിഐ ബാങ്ക്  ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങളിൽ ഏപ്രിൽ 1 മുതൽ മാറ്റങ്ങൾ വരുത്തി. കഴിഞ്ഞ കലണ്ടർ പാദത്തിൽ 35,000 രൂപ ചെലവഴിച്ച് കാർഡ് ഉടമകൾക്ക് ഒരു കോംപ്ലിമെൻ്ററി എയർപോർട്ട് ലോഞ്ച് പ്രവേശനം നൽകുന്നുണ്ട്.

mutualfund

മ്യൂച്ചൽ ഫണ്ട് കെ വൈ സി 

മ്യൂച്ചൽ ഫണ്ടുകൾ കെ വൈ സി പൂർത്തിയാക്കണം എന്ന് ഉപഭോക്താക്കളെ ഓർമിപ്പിക്കുന്നു. MF നിക്ഷേപകർക്ക് അവരുടെ നിലവിലുള്ള മ്യൂച്ചൽ ഫണ്ടുകൾക്ക്   KYC വീണ്ടും ചെയ്യേണ്ടതില്ല. അതായത്, അവർക്ക് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (എസ്ഐപി), സിസ്റ്റമാറ്റിക് പിൻവലിക്കൽ പ്ലാനുകൾ (എസ്‌ഡബ്ല്യുപി), നിലവിലുള്ള ഇടപാടുകൾ എന്നിവ നടത്തുന്നത് തുടരാം. KYC റജിസ്ട്രേഷൻ ഏജൻസികളിലൊന്നായ CDSL മാർച്ച് 28ന് അറിയിച്ചതാണ് ഇത്.

ഓല മണി വാലറ്റ് നിയമത്തിൽ മാറ്റം

ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന പരമാവധി വാലറ്റ് ലോഡ് പരിധി പ്രതിമാസം 10,000 രൂപയാകും.  ചെറിയ PPI (പ്രീപെയ്ഡ് പേയ്‌മെൻ്റ് ഇൻസ്ട്രുമെൻ്റ്) വാലറ്റ് സേവനങ്ങളിലേക്ക് പൂർണ്ണമായും മാറുമെന്ന് OLA മണി പ്രഖ്യാപിച്ചു. ഈ മാറ്റത്തെക്കുറിച്ച് കമ്പനി  ഉപഭോക്താക്കളെ SMS വഴി അറിയിച്ചിട്ടുണ്ട്.

English Summary:

Know These Financial Changes in April

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com