ADVERTISEMENT

ഇൻഷുറന്‍സ്‌ പരിരക്ഷയും ഓഹരികള്‍, കടപ്പത്രങ്ങള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കാനുള്ള അവസരവും ഒരുപോലെ ലഭ്യമാക്കുന്നതാണ് ഇൻഷുറന്‍സ്‌ കമ്പനികളുടെ യൂണിറ്റ്‌ ലിങ്ക്‌ഡ്‌ ഇൻഷുറന്‍സ്‌ പ്ലാന്‍ (യൂലിപ്‌).

ഏതു പ്രതിസന്ധിയിലും, മാതാപിതാക്കളുടെ അസാന്നിധ്യത്തിലും സാമ്പത്തിക പിന്തുണ നല്‍കി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ചൈല്‍ഡ്‌ ഇൻഷുറന്‍സ്‌ പ്ലാനുകള്‍ സഹായിക്കും. കുട്ടികൾക്കു പരമാവധി നേട്ടം ലഭിക്കുന്നതിന്‌ എത്രയും നേരത്തേ ഈ സ്‌കീമുകള്‍ തുടങ്ങുന്നതാണ്‌ ഉചിതം.

പ്രീമിയം അടയ്‌ക്കുന്നതില്‍ ഒഴിവു നല്‍കുന്ന പ്രത്യേക വ്യവസ്ഥ ഉണ്ടെന്നതാണ് ഇവയുടെ സവിശേഷത. അതായത്, പ്രീമിയം അടവിന്റെ കാലയളവില്‍ പോളിസി ഉടമ (രക്ഷാകർത്താവ്) മരണപ്പെട്ടാൽ പ്രീമിയം അടയക്കാതെ തന്നെ പോളിസി തുടരും. കാലാവധിക്കുശേഷം വാഗ്ദാനം ചെയ്തിരുന്ന തുക ലഭിക്കും. മ്യൂച്വല്‍ ഫണ്ടിലെ പോലെ റിസ്‌ക്‌ എടുക്കാനുള്ള ശേഷിയും നിക്ഷേപകാലയളവും അടിസ്ഥാനമാക്കി ഓഹരി, ബാലന്‍സ്‌ഡ്‌, ഡെറ്റ്‌ ഫണ്ടുകളുടെ പോര്‍ട്‌ഫോളിയോ തിരഞ്ഞെടുക്കാനും അവസരം ഉണ്ട്.

എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, അവിവ, മാക്‌സ്‌ ലൈഫ്‌, എസ്‌ബിഐ ലൈഫ്‌, കോട്ടക്‌ പോലെ മിക്ക കമ്പനികൾക്കും ചൈല്‍ഡ്‌ പ്ലാനുകള്‍ ഉണ്ട്‌. ഈ യുലിപ്പുകള്‍ കഴിഞ്ഞ പത്തു വര്‍ഷത്തേക്കു ലഭ്യമാക്കുന്ന ശരാശരി റിട്ടേണ്‍ 10 ശതമാനം ആണ്‌.

ആദായനികുതിയിളവുകളും വകുപ്പ്‌ 10 (10ഡി) പ്രകാരമുള്ള ആനുകൂല്യങ്ങളും പരിഗണിക്കുമ്പോൾ ചൈല്‍ഡ്‌ പ്ലാനുകള്‍ മ്യൂച്വൽ ഫണ്ടുകള്‍ക്ക്‌ സമാനമാണ്. എങ്കിലും മികച്ച ഒരു മ്യൂച്വല്‍ ഫണ്ടിനൊപ്പം ആവശ്യത്തിനു കവറേജുള്ള ടേം പ്ലാൻ കൂടി എടുക്കുന്നതല്ലേ കൂടുതൽ മെച്ചം എന്നു ചിന്തിക്കേണ്ടതുണ്ട്.

ഗുണങ്ങള്‍

∙ വിവിധ ആവശ്യങ്ങള്‍ ഇണങ്ങുന്ന തരത്തില്‍ നിക്ഷേപിക്കാനുള്ള അവസരം യുലിപ്‌ നല്‍കുന്നു. ഒരു ഫണ്ടില്‍നിന്നു മറ്റൊന്നിലേക്കു മാറാനും റിസ്‌ക്‌ ശേഷിക്ക്‌ ഇണങ്ങുന്ന ഫണ്ട്‌ കണ്ടെത്താനും സാധിക്കും.

∙ ആദായം വിപണിയുമായി ബന്ധിതമായിരിക്കും. ഓഹരിയധിഷ്‌ഠിത പദ്ധതികളിൽനിന്നുള്ള ആദായം ആകർഷകമാണ്.

∙ യുലിപ്‌ പോളിസി ലൈഫ്‌ കവറേജിന്റെയും നിക്ഷേപത്തിന്റെയും ഗുണങ്ങള്‍ ഒരുമിച്ചു ലഭ്യമാക്കും.

∙ പോളിസി ഉടമയുടെ മരണം പോലുള്ള അപ്രതീക്ഷിത സന്ദര്‍ഭങ്ങളില്‍ കുട്ടിയുടെ ഭാവിക്കു പരിരക്ഷ നല്‍കും, യുലിപ്‌ നിങ്ങളുടെ ഭാര്യയ്ക്കും കുട്ടിക്കും ഡെത്ത്‌ ബെനിഫിറ്റ്‌ ലഭ്യമാക്കും അതിനാല്‍ നിങ്ങളുടെ അസാന്നിധ്യം കുട്ടിയുടെ ഭാവിയെ ബാധിക്കില്ല.

∙ ഇതിനു പുറമേ ആദായനികുതി വരുമാനത്തിന്റെ 80 സി വകുപ്പ്‌ പ്രകാരം 1.5 ലക്ഷം രൂപയുടെ നികുതിയിളവ് നിങ്ങൾക്കു ലഭിക്കും.

∙ ഭാഗികമായി പിന്‍വലിക്കല്‍ അനുവദിക്കും.

ദോഷങ്ങള്‍

∙ ആദായം വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കു വിധേയമായിരിക്കും.

∙ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ചാര്‍ജുകള്‍, മോര്‍ട്ടാലിറ്റി ചാര്‍ജുകള്‍ എന്നിവ ആദായത്തില്‍ ഗണ്യമായ കുറവു വരുത്തും.

∙ സ്വിച്ച്‌ ചെയ്യുമ്പോള്‍ ഓരോ ഇടപാടിലും ചാര്‍ജ്‌ ഈടാക്കും.

∙ യുലിപ്പിന്‌ അഞ്ചു വര്‍ഷത്തെ ലോക്‌ ഇന്‍ പീരിയഡ് ഉണ്ട്. ഈ കാലയളവില്‍ പിൻവ‍ലിക്കാന്‍ കഴിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com