പ്രളയത്തില്‍ ഒന്നുമില്ലാതാകരുത്

HIGHLIGHTS
  • വീടും മറ്റേതു സ്വത്തുക്കളും പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സിൽ ഇന്‍ഷുര്‍ ചെയ്യാം
flood-house%201
SHARE

പ്രളയം പലരെയും ഒന്നുമില്ലാത്തവരാക്കിയിട്ടുണ്ട്. വീടും കാറും ഗൃഹോപകരണങ്ങളുമൊക്കെ നഷ്ടപ്പെട്ടവര്‍ നിരവധി. കേരളത്തില്‍പ്രകൃതിക്ഷോഭം അടിക്കടിയുണ്ടായിക്കൊണ്ടിരിക്കേ എങ്ങനെയാണ് നിങ്ങളുടെ സ്വത്ത് വകകള്‍ സംരക്ഷിക്കാന്‍ കഴിയുക. പെട്ടെന്ന് പെയ്തിറങ്ങുന്ന മഴയില്‍ ഇവയൊന്നും ചിലപ്പോള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞെന്നുവരില്ല. പക്ഷേ അവ നഷ്ടപ്പെട്ടാല്‍ പുതുതായി വാങ്ങാനോ നിര്‍മ്മിക്കാനോ ഉള്ള പണം കിട്ടാന്‍ മാര്‍ഗമുണ്ട്. ഇതിനായി ഇന്‍ഷുറന്‍സ് പരിരക്ഷ നേടിയാല്‍ മാത്രം മതി. സ്വത്ത് വകകള്‍ക്ക് സംരക്ഷണം നല്‍കുന്ന ഇന്‍ഷുറന്‍സ് പോളിസി ഇവിടെ തുണയാകും. കഴിഞ്ഞതവണ വെള്ളം കയറിയ സ്ഥലങ്ങളില്‍തന്നെയാണ് ഇത്തവണയും വെള്ളം കയറിയത് എന്നതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കുക.

വിവിധതരം ജനറല്‍ ഇന്‍ഷുറന്‍സ് പാേളിസികള്‍

1.പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ്

വീട് എന്നത് പലരുടെയും ആയുഷ്‌കാല സ്വത്താണ്. അത് വെള്ളപ്പൊക്കത്തിൽ നശിച്ചു പോകുന്ന  അവസ്ഥ ഒഴിവാക്കാന്‍ പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സിന്റെ പരിരക്ഷ തേടാം. വീട് മാത്രമല്ല നമ്മുടെ മറ്റേതു സ്വത്തുക്കളോ സാധന സാമഗ്രികളോ പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ് പ്രകാരം ഇന്‍ഷുര്‍ ചെയ്യാം .ദൂരെ സ്ഥലത്ത് നിന്ന് നാം എന്തെങ്കിലും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്കോ കച്ചവട, ബിസിനസ് സ്ഥാപനത്തിലേക്കോ കൊണ്ടുവരികയാണെങ്കില്‍ യാത്രയ്ക്കിടിയില്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങള്‍ മൂലം പണ നഷ്ടം ഉണ്ടാകുന്നതും പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെങ്കിൽ തടയാം. ഒരു പോളിസിക്കു കീഴില്‍ വിവിധ കവറേജുകള്‍ നല്‍കുന്ന പാക്കേജ് പോളിസികളുണ്ട്. ഓരോ വസ്തുക്കള്‍ക്കുമായി കവറേജ് നല്‍കുന്ന പോളിസികളുമുണ്ട്.

ഫയര്‍ ഇന്‍ഷുറന്‍സ്

ഇന്‍ഷുര്‍ ചെയ്ത സ്വത്തോ വസ്തുവകകളോ തീപിടുത്തം മൂലം നാശനഷ്ടം ഉണ്ടായാല്‍ ആ നഷ്ടം നികത്തുന്ന പോളിസികളാണ് ഫയര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍. വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവയും അവയിലെ വസ്തുവകകളും ഈ പോളിസി അനുസരിച്ച് ഇന്‍ഷുര്‍ ചെയ്യാം. തീപിടുത്തത്തിനുപുറമേ ഇടിമിന്നല്‍, സ്ഫോടനം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയവ മൂലം നാശനഷ്ടം ഉണ്ടായാല്‍ അതിനും കവറജ് ലഭിക്കും . എന്നാല്‍ യുദ്ധം , ന്യൂക്ലിയര്‍ അപകടം, കുത്തിക്കവര്‍ച്ച, ഭവന ഭേദനം മുതലായവ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഈ പോളിസി പരിരക്ഷ നൽകില്ല.പോളിസി കാലാവധി ഒരു വര്‍ഷമാണ്.

ബര്‍ഗ്ലറി ഇന്‍ഷുറന്‍സ്

മോഷണം, ഭവന ഭേദനം എന്നിവ മൂലം വീടിനുള്ളിലെയോ വ്യാപാര സ്ഥാപനത്തിനുള്ളിലെയോ വസ്തുക്കുള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് കവറേജ് ലഭിക്കുന്ന പോളിസിയാണിത്. വീട് പൊളിച്ച് അകത്തുകടക്കാന്‍ ശ്രമിച്ചപ്പോള്‍ വീടിനുണ്ടായ കേടുപാടുകള്‍ക്കും ഈ പോളിസി പ്രകാരം കവറേജ് ലഭിക്കും. ആഭരണങ്ങള്‍, കൗതുക വസ്തുക്കള്‍ എന്നിവ പ്രത്യേകമായിഇന്‍ഷുര്‍ ചെയ്തിട്ടില്ല എങ്കില്‍ അതിന് ഈ പോളിസി പ്രകാരം കവറേജ് ലഭിക്കില്ല. താക്കോലോ ഡൂപ്ലിക്കേറ്റ് താക്കോലോ ഉപയോഗിച്ച് സേഫ് തുറന്ന് വസ്തുക്കള്‍ എടുത്താല്‍ അതിനും നഷ്ടപരിഹാരം ലഭിക്കില്ല .

ആഭരണങ്ങളുടെ ഇന്‍ഷുറന്‍സിന്

ആഭരണങ്ങള്‍, ഒപ്പം കൊണ്ടു നടക്കാവുന്ന ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഓള്‍ റിസ്ക്സ് ഇന്‍ഷുറന്‍സ് മുഖേന പരിരക്ഷ ലഭിക്കും.ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ സ്വര്‍ണാഭരണങ്ങളുടെ മൂല്യം ശരിയായി കണക്കാക്കിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ക്ലെയിം ഉണ്ടായാല്‍ മൂല്യനിര്‍ണയത്തിന്റെ തെളിവ് കാണിക്കാന്‍ കഴിയണം. ലോക്ക് ചെയ്ത കാറിനുള്ളില്‍ നിന്ന് മോഷണം പോയാല്‍ പക്ഷേ കവറേജ് കിട്ടില്ല. യുദ്ധം, ന്യൂക്ലിയര്‍ അപകടം,സർക്കാർ നടപടികള്‍, പോളിസി ഉടമയുടെ ആപല്‍ക്കരമായ എന്തെങ്കിലും പ്രവൃത്തികള്‍ തുടങ്ങിയവ മൂലം ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്കും കവറേജ് ലഭിക്കില്ല. ആഭരണങ്ങള്‍, അലങ്കാര വസ്തുക്കള്‍, കലാസൃഷ്ടികള്‍, ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍, ക്യാഷ്, തുടങ്ങിയവ പ്രത്യേകം പ്രീമിയം നല്‍കിയിട്ടില്ല എങ്കില്‍ ജനറല്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ പരിരക്ഷ ലഭിക്കില്ല .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA