ADVERTISEMENT

ഒരാൾക്ക് ഹെൽത്ത് കവറേജ് വേണം എന്ന കാര്യത്തിൽ പല ഘടകങ്ങൾ പ്രസക്തമാണ്. ചികിൽസാചെലവിലെ പണപ്പെരുപ്പമാണ് ഇതിലെ പ്രധാന ഘടകം. സാധാരണഗതിയിൽ പൊതു പണപ്പെരുപ്പ നിരക്കിനെക്കാൾ 3–4 ഇരട്ടിയാണ് ചികില്‍സാച്ചെലവിനെ ബാധിക്കുന്ന പണപ്പെരുപ്പം. അതായത് 12–15 ശതമാനം എന്നു കണക്കാക്കാം. ഈ വർധന കൂടി അടിസ്ഥാനപ്പെടുത്തിയേ ഒരാൾക്ക് ആവശ്യമായ ഹെൽത്ത് കവറേജ് എത്ര വേണമെന്ന് കണക്കാക്കാനാകൂ. സാങ്കേതികവിദ്യ വികസിക്കുന്നതനുസരിച്ച് ചികിൽസാരീതികളും മെച്ചപ്പെടുകയാണ്. അതനുസരിച്ച് ചെലവും ഉയരുന്നു എന്നതാണ് യാഥാർത്ഥ്യം.

കുടുംബത്തിലാര്‍ക്കെങ്കിലും ഒരു രോഗം വന്നാൽ സാമ്പത്തിക നില ആകെ തകരാറിലാകുന്ന അവസ്ഥയാണിന്നുള്ളത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ചെറിയ സ്ഥലങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങളുടെ ചികിൽസാച്ചെലവ് കുറവായിരിക്കും. എന്നാൽ നഗരത്തിലാണെങ്കിൽ ചികിൽസാചെലവ്  ചെലവു കൂടും.

ഇതൊക്കെ കണക്കിലെടുത്ത് ചെറുപ്രായത്തിൽ പൂർണ ആരോഗ്യത്തോടെ ഇരിക്കുമ്പോൾ എടുത്താൽ പ്രീമിയം പരമാവധി കുറയ്ക്കാം. അതായത്, കുറഞ്ഞ ചെലവിൽ കൂടുതൽ കവറേജ് നേടാം. അസുഖമൊന്നും എനിക്കുണ്ടാകില്ല എന്ന തോന്നൽ മാറ്റിവെച്ച് ചെറിയ പ്രായത്തിൽത്തന്നെ ഉയർന്ന സം അഷ്വേ‍‍‍ഡിനു ഹെൽത്ത് കവറേജ് എടുക്കുക. ഒരു അപകടം പറ്റിയാൽ മതി ഈ തോന്നൽ അസ്ഥാനത്താകാൻ. കൃത്യമായി, മുടങ്ങാതെ പോളിസി പുതുക്കിക്കൊണ്ടിരിക്കുക. അപ്പോൾ പരമാവധി കുറഞ്ഞ പ്രീമിയത്തിൽ ന്യായമായ കവറേജ് ഉറപ്പാക്കാനാകും.നിലവിൽ സർക്കാർ പദ്ധതികളിലെ കുറഞ്ഞ കവറേജ് അഞ്ചു ലക്ഷം രൂപയാണ്. ഒരു കുടുംബത്തിന് കുറഞ്ഞത് അത്രയും കവറേജ്  വേണമെന്നതുകൊണ്ടാണ് സർക്കാർ അങ്ങനെ നിശ്ചയിച്ചിരിക്കുന്നത്. ഇടത്തരക്കാരനു 10 ലക്ഷം രൂപയുടെയെങ്കിലും പരിരക്ഷ വേണം. അതിലും കൂടുതൽ എടുക്കാൻ കഴിയുമെങ്കിൽ എടുക്കുക. 

മറ്റു ചില കാര്യങ്ങൾ കൂടി ഹെൽത്ത് ഇന്‍ഷുറന്‍സ് എടുക്കും മുമ്പ് ശ്രദ്ധിക്കേണ്ടതുണ്ട്. പ്രപ്പോസൽ ഫോം ശരിയായി വായിച്ചു മനസ്സിലാക്കി വേണം പോളിസി പൂരിപ്പിക്കാൻ.വിവിധ രോഗങ്ങൾക്കുള്ള വെയ്റ്റിങ് പീരിയഡ് എത്രയെന്നു നോക്കണം. ചില പോളിസികളിൽ അത് രണ്ടോ മൂന്നോ വർഷമാകും. മറ്റു ചിലതിൽ മൂന്നോ നാലോ വർഷമാകും. എല്ലാ നിബന്ധനകളും വായിച്ചു മനസ്സിലാക്കണം. മനസ്സിലാകാത്തവ ചോദിച്ചറിയണം. വിവിധ പോളിസികൾ താരതമ്യം ചെയ്ത് അനുയോജ്യമായതു തിരഞ്ഞെടുക്കണം. കുറഞ്ഞ പ്രീമിയത്തിൽ നല്ല പോളിസി കണ്ടെത്താൻ ഇതു സഹായിക്കും

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com