sections
MORE

ജീവിതത്തിൽ നിർബന്ധമായും വേണം ഇൻഷുറൻസ് പരിരക്ഷ

HIGHLIGHTS
  • വളരെ കുറഞ്ഞ പ്രീമിയത്തിൽ വലിയ തുകയ്ക്ക് ഇൻഷുറൻസ് കവറേജ് ഉറപ്പാക്കുന്ന ശുദ്ധ ഇൻഷുറൻസ് പോളിസികളാണ് ടേം പ്ലാനുകൾ
protection
SHARE

നമ്മൾ ഓരോരുത്തർക്കും ജീവിതത്തിൽ നിർബന്ധമായും ഇന്‍ഷുറൻസ് പരിരക്ഷ വേണം. ടേം ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്  എന്നിവ ഒരിക്കലും ഒരു വ്യക്തി ഒഴിവാക്കരുത്.

അകാലത്തിൽ നമ്മളില്ലാതായാൽ നമ്മുടെ കുടുംബത്തിനു സാമ്പത്തികമായി താങ്ങും തണലും നൽകാൻ ടേം ഇൻഷുറൻസ് സഹായിക്കും. അതുപോലെ ആരോഗ്യകാര്യത്തിൽ നമുക്കോ നമ്മുടെ കുടുംബത്തിനോ നേരിടേണ്ടി വരുന്ന ദുരിതങ്ങളിൽ പിടിച്ചു നിൽക്കാൻ, കരുത്തുപകരാൻ, അത്തരം സാഹചര്യങ്ങൾ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ തോണ്ടില്ലെന്നുറപ്പു വരുത്താൻ, ഹെൽത്ത് ഇൻഷുറൻസ് ഉണ്ടാകും.

ഇനി ഇവ ഓരോന്നും എന്താണെന്നും എളുപ്പത്തിലും ചുരുങ്ങിയ ചെലവിലും എങ്ങനെ പ്രയോജനപ്പെടുത്താമെന്നും നോക്കാം. 

ടേം ഇൻഷുറൻസ്– കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന കവറേജ്

നമ്മൾ ഒരു കാർ വാങ്ങിക്കുമ്പോൾ അതിനൊപ്പം ഒരു ഇൻഷുറൻസ് പോളിസി കൂടി എടുക്കും. എന്തിനാണത്? നിയമം അനുശാസിക്കുന്നു, അല്ലേ? എന്നാൽ അതു മാത്രമാണോ കാരണം? അല്ല. നമ്മുടെ ഒരു സ്വപ്നമായിരുന്നു ആ കാർ. അതിനെന്തെങ്കിലും അപകടം വന്നാൽ എങ്ങനെ സഹിക്കും? ആ നഷ്ടം പരിഹരിക്കപ്പെടണം. അതും കൂടി മുന്നിൽ കണ്ടാണ് ഇൻഷുർ ചെയ്യുന്നത്.

ഇവിടെ എട്ടോ പത്തോ ലക്ഷം രൂപ വിലയുള്ള കാറിന് റോഡിലിറങ്ങും മുൻപേ 15,000–20,000 രൂപ കൊടുത്ത് സംരക്ഷണം ഒരുക്കുന്നു നമ്മൾ. എന്നാൽ നമ്മുടെ ജീവന് അത്തരമൊരു സംരക്ഷണമുണ്ടോ? ഉണ്ടെങ്കിൽ തന്നെ എത്ര രൂപയുടെ കവറേജ് കാണും? നമ്മളുപയോഗിക്കുന്ന കാറിനേക്കാൾ വില കുറവാണോ നമ്മുടെ ജീവന്? സ്വയം ചിന്തിക്കുക.

ഒരു കാറിന് ഒരു വർഷം അടയ്ക്കുന്ന ഇൻഷുറൻസ് തുക പോലും വേണ്ടി വരില്ല ആ കാറിന്റെ അഞ്ചിരട്ടി വിലയ്ക്ക് നമ്മുടെ ജീവിതം ഇൻഷ്വർ ചെയ്യാൻ. 

പലരും ലൈഫ് ഇന്‍ഷുറൻസ് പോളിസിയെ നിക്ഷേപമായാണ് കാണുക. അടയ്ക്കുന്ന തുകയ്ക്കൊപ്പം ബോണസു കൂടി തിരികെ കിട്ടുമ്പോൾ സന്തോഷമായി. അത്രയും കാലം ജീവിതത്തിനു കൂടി സുരക്ഷ കിട്ടിയല്ലോ എന്നതൊന്നും ആർക്കും വലിയ കാര്യമല്ല. ഈ ചിന്താഗതി മൂലമാണ് ടേം ഇൻഷുറൻസും ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. 

വാഹന ഇൻഷുറൻസ് പോലെയാണ് ടേം ഇൻഷുറൻസും ക്ലെയിം ഉണ്ടായാൽ മാത്രമേ പണം കിട്ടൂ. പക്ഷേ ആ ക്ലെയിം നമ്മുടെ ജീവിതം തന്നെയാണെന്ന് തിരിച്ചറിയുമ്പോൾ പ്രീമിയമായി അടയ്ക്കുന്ന തുക ഒരു നഷ്ടമായി കണക്കാക്കാനാകുമോ? അടച്ച തുക തിരിച്ചു കിട്ടാത്ത മോട്ടോർ പോളിസിയുടെ വില പോലുമില്ലേ നിങ്ങളുടെ ജീവിതത്തിന്? ഒന്നു ചിന്തിക്കുക. 

എന്താണ് ടേം ഇൻഷുറൻസ്?

വളരെ കുറഞ്ഞ പ്രീമിയത്തിൽ വലിയ തുകയ്ക്ക് ഇൻഷുറൻസ് കവറേജ് ഉറപ്പാക്കുന്ന ശുദ്ധ ഇൻഷുറൻസ് പോളിസികളാണ് ടേം പ്ലാനുകൾ. അതായത്, പോളിസിയുടമ മരിച്ചാലേ തുക കിട്ടൂ. കാലാവധിക്കുശേഷം ജീവിച്ചിരുന്നാൽ അടച്ച പ്രീമിയം പോലും നഷ്ടമാകും. വളരെ കുറഞ്ഞ ചെലവിൽ കുടുംബത്തിന് ആവശ്യമായ കവറേജ് ഉറപ്പാക്കാൻ കഴിയുന്ന ടേം പോളിസികളെക്കുറിച്ച് ശരിയായി മനസ്സിലാക്കി വേണം വാങ്ങാൻ.

കാലാവധിയും പ്രായവും?

നിങ്ങൾക്ക് വരുമാനം ലഭിച്ചു തുടങ്ങിയാൽ എത്രയും പെട്ടെന്നു ടേം പ്ലാൻ എടുക്കുക. കാരണം പ്രായം കൂടുന്നതനുസരിച്ച് പ്രീമിയത്തിലും വർധന വരും. കുടുംബത്തിൽ നിങ്ങളുടെ വരുമാനം നിർണായകമാണെങ്കിൽ പോളിസി എടുക്കാൻ വൈകരുത്. ഇപ്പോൾ 18 വയസ്സു മുതൽ ടേം പ്ലാൻ എടുക്കാം. പക്ഷേ, സ്വന്തമായി വരുമാനം ഉണ്ടാക്കിത്തുടങ്ങും മുന്‍പ് എടുക്കേണ്ട ആവശ്യം ഇല്ല.  

എത്രകാലത്തേക്കു വേണം? 

100 വയസ്സുവരെ ഇപ്പോൾ കവറേജ് ലഭ്യമാണ്. അതിനാൽ അത്രയും എടുക്കാം എന്ന് ഒരിക്കലും ചിന്തിക്കരുത്. നിങ്ങളുടെ പ്രായം, ബാധ്യത, വരുമാനം എന്നിവയ്ക്ക് പുറമേ കുടുംബാംഗങ്ങളുടെ വരുമാനം, അവരുടെ പ്രായം എന്നിവ കൂടി പരിഗണിച്ചു വേണം പോളിസി കാലാവധി നിശ്ചയിക്കാൻ. മക്കൾ  വരുമാനം ഉണ്ടാക്കാൻ തുടങ്ങുന്നതോടെ നിങ്ങളുടെ ഉത്തരവാദിത്തം കുറയും. കാലയളവ് നിശ്ചയിക്കാൻ  മറ്റു ചില മാർഗങ്ങളും പരിഗണിക്കാം. റിട്ടയർമെന്റ് വർഷത്തിൽ നിന്ന് നിങ്ങളുടെ നിലവിലെ പ്രായം കുറച്ചു കിട്ടുന്ന വർഷം എന്ന രീതിയാണ് ആദ്യത്തേത്. അല്ലെങ്കിൽ നിങ്ങളുടെ ബാധ്യത പൂജ്യമാകാവുന്ന ഏകദേശ വയസ്സ് കണക്കാക്കുക. അതിൽനിന്നു നിലവിലെ പ്രായം കുറച്ചാൽ കിട്ടുന്ന വർഷം എന്നതും പരിഗണിക്കാം. 

എത്ര തുകയുടെ കവറേജ് വേണം?

നിങ്ങളുടെ വാർഷിക വരുമാനത്തിന്റെ 15–20 ഇരട്ടി വരെ കവറേജ് എടുക്കണം എന്നതാണ് അടിസ്ഥാന തത്വം. ഉദാഹരണത്തിനു മാസം 10,000 രൂപ ശമ്പളത്തിൽ ജോലിക്കു കേറുന്ന ഒരാൾക്ക് 1.2 ലക്ഷം രൂപ വാർഷിക വരുമാനം. അതിന്റെ 10–15 ഇരട്ടിയെന്നാൽ 12–18 ലക്ഷം രൂപ. അത്രയും കവറേജ് എടുക്കാം. എന്നാലിപ്പോൾ ആളുകൾക്ക് വായ്പാ ബാധ്യത പൊതുവേ കൂടുതലാണ്. അതിനാൽ നിങ്ങളുടെ മൊത്തം ആസ്തിയിൽനിന്നും മൊത്തം ബാധ്യത കുറച്ച ശേഷം ഉള്ള തുകയുടെ 10 ഇരട്ടിയെങ്കിലും കവറേജ് വേണം എന്നു വിദഗ്ധർ പറയുന്നു.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടി

1. പോളിസി എടുത്താൽ ഓരോ വർഷവും കൃത്യമായി പ്രീമിയം അടയ്ക്കാൻ ശ്രദ്ധിക്കണം. കൃത്യസമയത്തു പുതുക്കിയില്ലെങ്കിൽ ലാപ്സാകും. പിന്നെ പുതിയ പോളിസി വാങ്ങണ്ടി വരും. പ്രായം കൂടുമെന്നതിനാൽ പ്രീമിയവും കൂടും.  

2. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും കവറേജ് കൂട്ടണം. വിവാഹിതനാകുമ്പോൾ, കുട്ടികൾ ജനിക്കുമ്പോൾ, ഭവനവായ്പ എടുത്ത് വീടുവയ്ക്കുമ്പോൾ എല്ലാം നിങ്ങളുടെ ബാധ്യത കൂടി വരും. അതനുസരിച്ച് കവറേജ് വർധിപ്പിക്കാം.

3. വരുമാന വർധനയ്ക്കൊപ്പവും കവറേജ് ഉയർത്തണം. കാരണം, വരുമാനം കൂടുമ്പോൾ ജീവിതനിലവാരവും ഉയരും. അതേ നിലവാരം നിങ്ങളുടെ അഭാവത്തിലും കുടുംബത്തിന് ഉറപ്പാക്കാൻ ഉയർന്ന കവറേജ് കൂടിയേ തീരൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA