ADVERTISEMENT

നന്നായി വണ്ടി ഓടിക്കുന്ന, റോഡ് മര്യാദകള്‍ കൃത്യമായി പിന്തുടരുന്ന ആളാണോ നിങ്ങള്‍? വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് പോളിസിയുമായി ബന്ധപ്പെട്ട് ഒട്ടനവധി ആനുകൂല്യങ്ങള്‍ക്ക് നിങ്ങള്‍ അര്‍ഹരായേക്കും. നിലവില്‍ റോഡ് കളിസ്ഥലമായി കാണ്ട് അപകടകരമായ രീതിയില്‍ വണ്ടി കൈകാര്യം ചെയ്യുന്ന 'ന്യൂജന്‍സി'നും മര്യാദയ്ക്ക് വാഹനമോടിക്കുന്ന കുടുംബസ്ഥനും ഇന്‍ഷൂറന്‍സില്‍ ഒരേ പരിഗണനയാണ്.

ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഡ്രാഫ്റ്റിലെ നിര്‍ദ്ദേശങ്ങള്‍ നിയമമായാല്‍ മികച്ച ഡ്രൈവിംഗ് ഹാബിറ്റുള്ളവര്‍ക്ക് നേട്ടമുണ്ടാകും. അപകടകരമായ ഡ്രൈവിംഗ് ശീലമുള്ളവരുടെ പോളിസിയില്‍ റിസ്‌ക് കൂടുതലും അല്ലാത്തവരുടേതില്‍ അത് കുറവുമാണെന്ന് വിലയിരുത്തലാണതിന് പിന്നില്‍. മികച്ച ഡ്രൈവര്‍മാര്‍ക്ക് നേട്ടം നല്‍കുമ്പോള്‍ അത് ഡ്രൈവിംഗ് ഹാബിറ്റിനെ തന്നെ മാറ്റിമറിക്കുകയും അപകടസാധ്യത കുറയുകയും ചെയ്യുമെന്നുള്ള മെച്ചവുമുണ്ട്. നിര്‍ദ്ദേശം ഇങ്ങനെ.

ഇന്‍ഷൂറന്‍സിന് ടെലിമാറ്റിക്‌സ്
വാഹന ഇന്‍ഷൂറന്‍സിന് ടെലിമാറ്റിക്‌സ് സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്നാണ് ഐ ആര്‍ ഡി എ ഐ നിര്‍ദ്ദേശിക്കുന്നത്. ഇതുവഴി നാനാ മേഖലകളില്‍ നിന്ന് ഒഴുകി എത്തുന്ന ഡാറ്റകള്‍ ഒരു കോമണ്‍ പൂളില്‍ കേന്ദ്രീകരിക്കും. ഇതില്‍ ശേഖരിക്കപ്പെട്ടിട്ടുള്ള ഡാറ്റ പരിശോധിച്ച് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നിയമത്തില്‍ ആവശ്യമുണ്ടെങ്കില്‍ മാറ്റങ്ങള്‍ വരുത്താനും നല്ല രീതിയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ഭാവിയില്‍ ആവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കാനും കഴിയും.

റിസ്‌കിന് അനുസരിച്ച് പണം
പ്രീമിയം,ക്ലെയിം തുടങ്ങി വാഹന ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട എല്ല മേഖലയിലും ഇടപാട്കാര്‍ക്ക് ഒരേ പരിഗണനയാണ നിലവില്‍. പുതിയ സംവിധാനം നടപ്പിലായാല്‍ മര്യാദ രാമന്‍മാര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ്രത്യേക പാക്കേജാവും പരിഗണിക്കപ്പെടുക.

വാഹനത്തില്‍ ഉപകരണം ഘടിപ്പിക്കണം
ഡാറ്റകള്‍ കൃത്യമായി സർവറിലേക്ക് എത്തുന്നതിന് എല്ലാ വാഹനങ്ങളിലും ഒരുപകരണം ഘടിപ്പിക്കേണ്ടതുണ്ട്.  ഇതിന് 2000-3000 രൂപയാണ് വില വരിക. നിലവില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് വേണ്ടി ഇന്‍ഷൂറന്‍സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ (ഐ ഐ ബി ഐ) ആണ് ഡാറ്റകള്‍ സംരക്ഷിക്കുന്നത്. വാഹനങ്ങളിലെ ഡാറ്റയും ഇതിന് കീഴിലാവും പരിരക്ഷിക്കപ്പെടുക. ഉപകരണം വാഹനത്തില്‍ എപ്പോഴും ഘടിപ്പിക്കപ്പെട്ടിരിക്കുമെന്നതിനാല്‍ സംഗതി എളുപ്പമാണ്.

ആരു നല്‍കും പണം
എന്നാല്‍ ഇത് നടപ്പാക്കുന്നത് അത്ര എളുപ്പമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ആരാണ് ഉപകരണത്തിന് പണം നല്‍കുന്നതെന്നാണ് അവരുടെ ചോദ്യം. ഇന്ത്യയിലെ ശരാശരി വാഹന പ്രീമിയം വര്‍ഷം 10,000 രൂപയാണ്. ഇതിനൊപ്പം ഉപകരണത്തിനായി 20-30 ശതമാനവും കൂടി നല്‍കേണ്ടി വരും എന്നത് പ്രയോഗിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നാണ് വിലയിരുത്തല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com