sections
MORE

നിങ്ങൾക്ക് വരുമാനമുണ്ടോ? എങ്കിൽ ടേം പരിരക്ഷ ഒഴിവാക്കരുത്

HIGHLIGHTS
  • വാർഷിക വരുമാനത്തിന്റെ 10 മുതൽ 20 ഇരട്ടി വരെ പരിരക്ഷയുണ്ടാകണം
family protection
SHARE

കുടുംബം നോക്കുന്നയാൾ പെട്ടെന്ന് ഇല്ലാതായാൽ എന്തു ചെയ്യും? കയ്പ്പേറിയതെങ്കിലും എപ്പോഴും നമുക്ക് മുന്നിലുള്ള ഒരു യാഥാര്‍ത്ഥ്യമാണിത്.അദ്ദേഹത്തിന്റെ അഭാവത്തിലും കുടുംബം മുന്നോട്ടു പോയല്ലേ പറ്റൂ.അപ്പോഴും കുടുംബത്തിന് അല്ലലില്ലാതെ മുന്നോട്ടു പോകാനുള്ള വരുമാനം ഉറപ്പാക്കുന്നതാണ് ടേംപോളിസി. ഏറ്റവും ചിലവു കുറഞ്ഞ ലൈഫ് ഇൻഷുറൻസ് സംരക്ഷണം നൽകുന്ന പദ്ധതികളാണിവ. ലളിതമായി പറഞ്ഞാൽ സ്വാഭാവിക മരണത്തിനെതിരെ ഇൻഷുർ ചെയ്യാനുതകുന്ന പോളിസി. പ്രായം കൂടുംതോറും നമുക്ക് റിസ്‌കുകൾ കൂടുമെന്നതിനാൽ  അടക്കേണ്ട പ്രീമിയത്തിലും വർദ്ധനവ് ഉണ്ടാവുക സ്വാഭാവികം മാത്രം. ഒരു വ്യക്തിയുടെ വാർഷിക വരുമാനത്തിന്റെ 10 മുതൽ 20 ഇരട്ടി വരെ തുക ഇതിനാവശ്യമാണെന്ന കണക്കുകൂട്ടലിലാണ് സം അഷ്വേഡ് നിശ്ചയിക്കുന്നത്. 

പോളിസിയുടമ ഇല്ലാതായാൽ തുക നോമിനിക്ക് 

ഇവിടെ പോളിസിയുടമ ഇല്ലാതായാൽ മാത്രമേ തുക കിട്ടൂവെന്നത് പോരായ്മയായി കാണുന്നവരുണ്ട്. എന്നാലിന്ന് ആവശ്യമുള്ള വിവിധ ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കാൻ പോളിസിയുടമയ്ക്കു കഴിയും. ലൈഫ് ഇൻഷുറൻസിൽ സമ്പാദ്യത്തേക്കാളേറെ പ്രാധാന്യം സംരക്ഷണത്തിനാണ്.

വരുമാനമുള്ളവർ ഒഴിവാക്കരുത് 

വരുമാനമുള്ളവരെ ആശ്രയിച്ചാണല്ലോ കുടുംബത്തിലെ മറ്റ് അംഗങ്ങൾ കഴിയുക. ഈ സാഹചര്യത്തിൽ ആകസ്‌മികമായി ദേഹവിയോഗം സംഭവിച്ചാൽ നിലവിലുള്ള ബാധ്യതകൾ, ഭാവിയിലെ സാമ്പത്തിക കാര്യങ്ങൾ എന്നിവ ഒരു ചോദ്യചിഹ്നമായി മാറരുത്. അതിനാൽ കുടുംബത്തെ സ്‌നേഹിക്കുന്ന വരുമാനമുള്ള ഏതൊരാളും ടേം പോളിസി എടുക്കേണ്ടതുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വരുമാനമുണ്ടാക്കുന്ന ചെറുപ്പക്കാർ, കടബാധ്യതയുള്ളവർ, ഏക വരുമാനമുള്ളവർ, അപകട സാധ്യതയുള്ള ജോലി ചെയ്യുന്നവർ എന്നിവർക്ക് ഏറ്റവും അനുയോജ്യമായ പോളിസിയാണിത്.

സംരക്ഷണം എത്രത്തോളം 

മനുഷ്യ ജീവന്‍ വിലമതിക്കാനാവാത്ത ഒന്നാണ്. നമ്മുടെ ഭാവി ആവശ്യങ്ങളാണ് നമ്മൾ എത്രമാത്രം സംരക്ഷണമുറപ്പാക്കണമെന്നതിന്റെ ഒരു പ്രധാന മാനദണ്ഡം. മാത്രമല്ല, നമ്മുടെ വരുമാനവും, കടബാധ്യതകളും ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരാളുടെ പ്രായം, വരുമാനം, ജോലി, ആശ്രിതരായ കുടുംബാംഗങ്ങൾ, ആരോഗ്യ സ്‌ഥിതി, ചിലവ്, എന്നിവയെ അടിസ്‌ഥാനപ്പെടുത്തി വേണം ഇൻഷുറൻസ് തുക നിശ്‌ചയിക്കുവാൻ. ഏകദേശ കണക്ക് ഇങ്ങിനെയാണ്. പ്രതിമാസ വരുമാനത്തിന്റെ 120/150 ഇരട്ടി തുകക്കെങ്കിലും ഏറ്റവും ചുരുങ്ങിയ സംരക്ഷണം ചെയ്തിരിക്കണം. ഭൂരിഭാഗവും അണുകുടുംബ വ്യവസ്‌ഥിതിയിൽ ജീവിക്കുന്ന നാം സംരക്ഷണ കാര്യത്തിലും സ്വയം പര്യാപ്തത നേടിയിരിക്കണം.

കുറഞ്ഞ പ്രീമിയം നിരക്ക് 

ലൈഫ് ഇൻഷുറൻസ് കമ്പനികളെല്ലാം ടേം ഇൻഷുറൻസ് പോളിസികൾ വിപണനം ചെയ്യുന്നുണ്ട്. ഇൻഷുറൻസ് കമ്പനികളുടെ സോൾവൻസി മാർജിൻ കുറച്ചതും, കമ്പനികൾ തമ്മിലുള്ള മത്സരവും പ്രീമിയത്തിൽ ഗണ്യമായ കുറവുണ്ടാവാൻ കാരണമായി. ആയുർ ദൈർഘ്യം കൂടി വരുന്നതും, പ്രീമിയം കുറയാനുള്ള കാരണമായി കരുതാം. ഒരു വ്യക്തിയുടെ പ്രായം, ആരോഗ്യ സ്‌ഥിതി, ഇൻഷുർ ചെയ്യുന്ന തുക, ഇൻഷുർ ചെയ്യേണ്ട കാലാവധി എന്നിവയെ ആശ്രയിച്ചാണ് പ്രീമിയം നിശ്‌ചയിക്കുന്നത്. 

വിവിധ തരം പോളിസികൾ 

ഒരു നിശ്‌ചിത തുകയ്ക്ക് നിശ്‌ചിത കാലയളവിലേക്ക് ഇൻഷുർ ചെയ്യുന്ന ടേം പോളിസിയാണ് ഇതിൽ പ്രധാനം. ഭാവിയിലെ ആവശ്യങ്ങൾ കൂടുന്നതനുസരിച്ച് ഇൻഷുർ ചെയ്യുന്ന തുക ഓരോ വർഷവും കൂടി വരുന്ന ടേം പോളിസിയാണ് മറ്റൊന്ന്. ഇത് കൂടാതെ വായ്പ എടുക്കുന്നവർക്ക് ഓരോ വർഷവും തിരിച്ചടക്കുന്ന സംഖ്യയുടെ ആനുപാതികമായി ഇൻഷുർ ചെയ്യാനാകും. വായ്പ എടുക്കുന്ന സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിട്ട് മൈക്രോ ടേം ഇൻഷുറൻസ് പോളിസികളുമുണ്ട്. ചില കമ്പനികളിൽ അധിക പ്രീമിയം അടച്ചാൽ പോളിസി കാലാവധിക്കുള്ളിൽ ക്ലെയിം ഉണ്ടായില്ലെങ്കിൽ അടച്ച തുക തിരികെ നൽകുന്ന ടേം പോളിസിയും നിലവിലുണ്ട്. മേൽപറഞ്ഞവയെല്ലാം ഓരോരുത്തരുടെയും ആവശ്യങ്ങള്‍ മനസ്സിലാക്കി വേണം തിരഞ്ഞെടുക്കാൻ.

പോളിസി ആർക്കൊക്കെ  

വ്യക്തികൾ, വരുമാനമുള്ളവർ എന്നിവർക്കു പുറമെ ധനകാര്യ സ്‌ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, മൈക്രോ ഫിനാൻസ് സ്‌ഥാപനങ്ങൾ, ചിട്ടിക്കമ്പനികൾ, സ്‌ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്ക് അനുയോജ്യമായ രീതിയിൽ ടേം പോളിസികൾ ചിട്ടപ്പെടുത്താം. റിസ്‌ക് കവർ മാത്രമുള്ള പോളിസിയായതിനാൽ ഐആർഡിഎ അംഗീകരിച്ച ഏത് ലൈഫ് ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഇത്തരം പോളിസികൾ വാങ്ങാം. മറ്റേത് ലൈഫ് ഇൻഷുറൻസിനേക്കാളും പ്രാധാന്യം നൽകേണ്ടത് ടേം കവറിനാണ്. പക്ഷെ നിർഭാഗ്യമെന്ന് പറയട്ടെ, നമ്മുടെ വിപണന മേഖലയിലുള്ളവരൊക്കെ സംരക്ഷണത്തേക്കാൾ കൂടുതൽ പ്രാധാന്യം സമ്പാദ്യത്തിനു നൽകുന്നു. അക്കാരണത്താൽ ടേം പോളിസികളെക്കുറിച്ച് ഇപ്പോഴും കാര്യമായ അവബോധമില്ല.

അപകട ഇൻഷുറൻസ് / ടേം ഇൻഷുറൻസ് 

അപകടം മൂലം മരണം, അംഗവൈകല്യം മുതലായവ സംഭവിച്ചാൽ നഷ്‌ടപരിഹാരം ലഭ്യമാവുന്ന ഒന്നാണ് വ്യക്തിഗത അപകട ഇൻഷുറൻസ് പോളിസികൾ. എന്നാൽ അപകടം മൂലവും അല്ലാതെയും (സ്വാഭാവിക മരണം) മരണം സംഭവിച്ചാൽ നഷ്‌ടപരിഹാരം ലഭ്യമാവുന്ന പോളിസിയാണ് ടേം കവർ പോളിസി. അപകട ഇൻഷുറൻസ് പോളിസികൾ ടേം കവർ പോളിസികളുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം വളരെ കുറച്ച് മാത്രം അടച്ചാൽ മതി. എന്നാൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ അധിക പ്രീമിയം അടച്ച് അപകട മരണത്തിനുള്ള റിസ്‌ക് കവർ ചെയ്യുകയാണെങ്കിൽ പ്രീമിയം  കൂടും. അതിനാൽ ടേം കവർ ലൈഫ് ഇൻഷുറൻസ് കമ്പനികളിൽ നിന്നും, വ്യക്തിഗത അപകട ഇൻഷുറൻസ് ജനറൽ ഇൻഷുറൻസ് കമ്പനികളിൽ നിന്നും വാങ്ങുന്നതാണ് ഉചിതം.

ക്ലെയിം നടപടിക്രമങ്ങൾ

ടേം കവർ പോളിസികളിൽ ക്ലെയിം ഉണ്ടായാൽ ആദ്യം വിവരം രേഖാമൂലം കമ്പനിയെ അറിയിക്കേണ്ടതാണ്. കമ്പനി നൽകുന്ന ക്ലെയിം ഫോം പൂരിപ്പിച്ചു കൊടുക്കുന്നതോടൊപ്പം മരിച്ചയാളിന്റെ ‘ഡെത്ത് സർട്ടിഫിക്കറ്റ്’ അപകടം മൂലം മരിച്ചാൽ പോസ്‌റ്റ് മോർട്ടം റിപ്പോർട്ട് എന്നിവകൂടി നൽകണം. എല്ലാ രേഖകളും പരിശോധിച്ച ശേഷം ഇൻഷുറൻസ് കമ്പനി അവകാശിക്ക് ഇൻഷുർ ചെയ്ത തുക നൽകുന്നതാണ്.

പോളിസി താരതമ്യ പഠനം 

ഇൻഡ്യയിൽ ഇന്ന് ഒട്ടനവധി ലൈഫ് ഇൻഷുറൻസ് കമ്പനികൾ നിലവിലുണ്ട്. പക്ഷെ അവയിൽ കുറഞ്ഞ പ്രീമിയം നിരക്കുള്ള ഏതാനും കമ്പനികളൂടെ പോളിസിയുടെ താരതമ്യ പഠനമാണ് ചുവടെ കൊടുത്തിരിക്കുന്നത്.

table term Insurance
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA