ADVERTISEMENT

ഇന്‍ഷൂറന്‍സ് മേഖലയില്‍ ഐ ആര്‍ ഡി എ ഐ സമഗ്ര ഇടപെടല്‍ നടത്തിയ വര്‍ഷമാണ് കടന്നു പോകുന്നത്. ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയിലാണ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിരന്തര ഇടപെടലുണ്ടായത്. അനിയന്ത്രിതമായ ചികിത്സാചെലവും സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളുടെ തള്ളിക്കയറ്റവുമെല്ലാം ഇതിന് കാരണമായി. ഇതിന്റെ ഫലമായി പല പോളിസികളും ചട്ടങ്ങളും മുമ്പില്ലാത്ത വിധം ഉപഭോക്താക്കള്‍ക്ക് അനുകൂലമായി തിരുത്തേണ്ടി വന്നു.

മാറ്റങ്ങള്‍ അറിയണം


പുതിയ വര്‍ഷം പോളിസി തിരഞ്ഞെടുക്കുമ്പോള്‍ ചട്ടങ്ങളിലും ക്ലെയിം സെറ്റില്‍മെന്റ് അടക്കമുള്ള മറ്റ് കാര്യങ്ങളിലും വരുത്തിയ മാറ്റം അറിയേണ്ടതുണ്ട്. ഇത് കൂടുതല്‍ ഫലപ്രദമായ പോളിസികള്‍ തിരഞ്ഞെടുക്കുവാന്‍ ഉപഭോക്താവിനെ സഹായിക്കും.
പോളിസികളെടുക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്താതിരുന്ന പൂര്‍വ്വകാല രോഗങ്ങള്‍ സംബന്ധിച്ച മാനദണ്ഡം കര്‍ശനമാക്കി എന്നതാണ് പ്രധാന കാര്യം. അതായത് ഇപ്പോള്‍ ഒരാളുടെ ഹെല്‍ത്ത് റിസ്‌ക് മുഴുവന്‍ കവര്‍ ചെയ്യുന്ന വിധത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളില്‍ പരിഷ്‌കാരം വരുത്തിയിട്ടുണ്ട്. നേരത്തെ റിസ്‌ക് കൂടുതലാണ് എന്ന ന്യായത്തില്‍  പുറത്ത് നിര്‍ത്തിയിരിക്കുന്ന രോഗങ്ങളെ പ്രത്യേകിച്ച് വാര്‍ധക്യകാല അസുഖങ്ങളെ ഐ ആര്‍ ഡി എ ഐ  ഇപ്പോള്‍ ഇന്‍ഷൂറന്‍സ് പരിധിയിലാക്കി.

ഈ രോഗങ്ങള്‍ പരിധിയിലായി

മുട്ടു മാറ്റ ശസ്ത്രക്രിയ, മാനസിക രോഗാവസ്ഥ,പാര്‍ക്കിന്‍സണ്‍സ്, തിമിര ശസ്ത്രക്രിയ,അള്‍ഷിമേഴ്‌സ് തുടങ്ങിയ വാര്‍ധക്യകാല രോഗങ്ങളെല്ലാം ഇപ്പോള്‍ പരിധിയില്‍ വരും. ആധുനിക ലോകത്ത് മാനസികനില വലിയ വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ ഇതും എല്ലാ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളിലും ഐ ആര്‍ ഡി എ ഐ  നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. മുന്‍പ് ആന്റി ഡിപ്രസന്റ് മരുന്ന് കഴിച്ചിരുന്നു എന്നുള്ളതുകൊണ്് ഇന്‍ഷൂറന്‍സ് കവറേജ് ഇനി കമ്പനികള്‍ക്ക് ഒഴിവാക്കാനാവില്ല. അതുപോലെ ക്ലിനിക്കല്‍ ഡിപ്രഷന്‍,സൈക്കോപതി, പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ തുടങ്ങയിവയെ കവറേജില്‍ നിന്ന് മാറ്റി നിര്‍ത്താനാവില്ല.

എന്താണ് പൂര്‍വ്വകാല രോഗങ്ങള്‍

പോളിസി എടുക്കുന്നതിന് നാലു വര്‍ഷം മുമ്പ് ഫിസിഷ്യന്‍ തിരിച്ചറിഞ്ഞ രോഗങ്ങളെയാണ് പൂര്‍വ്വകാല അസൂഖങ്ങളായി കണക്കാക്കുന്നത്. പോളിസി എടുക്കുന്നതിന് നാലു വര്‍ഷം മുമ്പ പരിശോധനയ്‌ക്കോ, മെഡിക്കല്‍ ഉപദേശത്തിനോ ശുപാര്‍ശ ചെയ്ത രോഗങ്ങളും പൂര്‍വ്വ കാല അസുഖത്തിന്റെ ഗണത്തിലാണ് വരുന്നത്. പോളിസി എടുക്കുന്നതിന് മൂന്ന് മാസം മുമ്പുണ്ടായിരുന്ന എന്തെങ്കിലും കണ്ടീഷന്‍ പിന്നീട് ഗുരുതര രോഗാവസ്ഥയ്ക്ക് കാരണമായിട്ടുണ്ടെങ്കില്‍ അതും പൂര്‍വ്വ കാല രോഗമെന്ന രീതിയിലായിരിക്കും പരിഗണിക്കുന്നത്.

കവറേജില്‍ ഇവയും ഉള്‍പ്പെടും

വ്യക്തികള്‍ക്ക് പോളിസി എടുക്കുമ്പോഴും ക്ലെയിം സെറ്റില്‍മെന്റിനും ടി പി എ(തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍) തിരഞ്ഞെടുക്കുവാനുള്ള അനുവാദവും ഐ ആര്‍ ഡി എ നല്‍കിയിട്ടുണ്ട്.
കൂടാതെ ആശൂപത്രിയിലെത്തുന്നതിന് മുമ്പും പിമ്പുമുള്ള ചെലവുകള്‍ ഉള്‍പ്പെടുത്തി എല്ലാ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളെയും ഐ ആര്‍ ഡി എ ഐ സ്റ്റാന്‍ഡേഡൈസ് ചെയ്തതും കഴിഞ്ഞ വര്‍ഷമാണ്.  ആയുഷ് പദ്ധതിയില്‍ പെടുത്തിയുള്ള ചികിത്സ തിരഞ്ഞെടുക്കുന്നതിനും ഉപഭോക്താവിന് സ്വാതന്ത്യമുണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com