ADVERTISEMENT

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പണമില്ലാതെ ചികിത്സ അനുവദിക്കുന്നതിന് വേണ്ടിയുള്ള പോളിസി ഉടമകളുടെ അപേക്ഷയില്‍ രണ്ട് മണിക്കൂറിനകം തീരുമാനമെടുക്കണമെന്ന് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഐ ആര്‍ ഡി എ ഐ നിര്‍ദേശം. ആശുപത്രികളില്‍ നിന്നുള്ള ഡിസ്ചാര്‍ജ് അപേക്ഷകൾക്കും കാലതാമസമുണ്ടാകരുതെന്നും പരമാവധി രണ്ട് മണിക്കൂറിനകം തീരുമാനമെടുക്കണമെന്നും കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. പോളിസി ഉടമകള്‍ നല്‍കുന്ന ക്ലെയിം സെറ്റില്‍മെന്റ് അപേക്ഷകളും എത്രയും വേഗം തീര്‍പ്പാക്കണമെന്നും ഐ ആര്‍ ഡി എ ഐ കമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ സമ്മര്‍ദമുണ്ടാക്കുന്ന നടപടികളുണ്ടാകരുതെന്ന മുന്നറിയിപ്പുമുണ്ട്. അനാവശ്യമായ നൂലാമാലകളില്‍ കടിച്ചു തൂങ്ങി ക്ലെയിം താമസിപ്പിച്ചാല്‍ ഈ അടിയന്തര സാഹചര്യത്തില്‍ ആരോഗ്യമേഖല കൂടുതല്‍ സമ്മര്‍ദത്തിലായേക്കാം. അതുകൊണ്ട് നിര്‍ദേശിക്കപ്പെട്ട സമയ ക്ലിപ്തത കര്‍ശനമായി പാലിക്കണം.
രണ്ട് നിര്‍ദേശങ്ങളാണ് ഇക്കാര്യത്തില്‍ ഐ ആര്‍ ഡി എ ഐ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്.

പണമില്ലാതെ ചികിത്സയ്ക്ക് അധികാരപ്പെടുത്തല്‍

ബന്ധപ്പെട്ട വ്യക്തിയില്‍ നിന്ന് അപേക്ഷ ലഭിച്ചാല്‍ മൂന്‍കൂര്‍ പണം വാങ്ങാതെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം രണ്ട് മണിക്കൂറിനുള്ളില്‍ ആശുപത്രിയെ അറിയിച്ചിരിക്കണം.

ഡിസ്ചാര്‍ജ്

അന്തിമ ആശുപത്രി ബില്ല് ലഭിച്ച് രണ്ട് മണിക്കൂറിനകം തീരുമാനം ബന്ധപ്പെട്ട ആശുപത്രിയ്ക്ക് നല്‍കിയിരിക്കണം. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് ഇക്കാര്യത്തില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വരുമാനം നിലച്ചതോടെ ചികിത്സയ്ക്ക് ഇന്‍ഷൂറന്‍സ് ആണ് ആശ്രയം. ഈ സമയത്ത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ അനാവശ്യ നൂലാമാലകള്‍ ഉയര്‍ത്തി ക്ലെയിം വൈകിപ്പിക്കുന്നത് ആരോഗ്യരംഗത്തെ സുഗമമായ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുമെന്നാണ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com