ADVERTISEMENT

നല്ലൊരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

1. ആരോഗ്യ ഇന്‍ഷുറന്‍സ് നേരത്തെ എടുക്കുക:

ആദ്യം തന്നെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിക്ഷേപിക്കുന്നത് മൂന്ന് കാര്യങ്ങള്‍ ഉറപ്പാക്കുന്നു.
* കുറഞ്ഞ പ്രീമിയം ലഭിക്കും.
* ആരോഗ്യവാനായിരിക്കുമ്പോള്‍ തന്നെ ഭാവി സുരക്ഷിതമാക്കാം.
* പോളിസി തള്ളിപോകാനുള്ള സാധ്യത കുറയും.
വിപുലമായ കവറേജ്, നോക്ലെയിം ബോണസ്, മികച്ച സാമ്പത്തിക പ്ലാനിങ് തുടങ്ങിയവയും ചെറുപ്പകാലത്ത് തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിന്റെ നേട്ടങ്ങളില്‍ പെടുന്നു.

2. കോര്‍പറേറ്റ് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സും വേണം:

കോര്‍പറേറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഉള്ളവരില്‍ പലര്‍ക്കും പ്രത്യേകമായി ആരോഗ്യ ഇന്‍ഷുറന്‍സ് കവര്‍ എടുക്കേണ്ടത്  അനിവാര്യമായി തോന്നാറില്ല. കമ്പനിയുടെ ഭാഗത്തു നിന്നും ഒരു പോളിസി ഉണ്ടെങ്കിലും അധികമായി ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് ജോലി വിടേണ്ടി വന്നാലും നിങ്ങളും കുടുംബവും ആരോഗ്യ പരിരക്ഷയിൽ തുടരും.

3. ശരിയായ കവറേജ് തെരഞ്ഞെടുക്കുക:

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി തെരയും മുമ്പ് നിങ്ങള്‍ക്കു വേണ്ട മെഡിക്കല്‍ ആവശ്യങ്ങള്‍ എന്തെല്ലാമായിരിക്കുമെന്ന് ഉറപ്പിക്കുക. വിപുലമായ മെഡിക്കല്‍ കവറേജും ആനുകൂല്യങ്ങളും ഉള്ള പ്ലാന്‍ അന്വേഷിക്കുക.
ആശുപത്രി പ്രവേശനം, ആശുപത്രി പ്രവേശനത്തിന് മുമ്പും ശേഷവും, ഡേ കെയര്‍ കവറേജ്, വീട്ടില്‍ തന്നെ ചികില്‍സ, അവയവ ദാതാവിന്റെ ചെലവ്, ആംബുലന്‍സ് കവര്‍, പ്രസവ ചെലവ്, നവജാത ശിശുവിന്റെ ചെലവ് തുടങ്ങിയവയെല്ലാം സാധാരണ ഗതിയില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളാണ്.
തെരഞ്ഞെടുത്ത പ്ലാനിന്റെ ആനുകൂല്യങ്ങള്‍ കുടുംബത്തിലെ ഓരോ അംഗത്തിന്റെ ആവശ്യങ്ങളുമായി താരതമ്യം ചെയ്യുക. ഇത് മറ്റൊരു പോളിസിയുമായി ഒത്തുനോക്കുക. പണത്തിന്റെ കാര്യം ഓര്‍ത്ത് നിങ്ങളുടെ ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഒടുവില്‍ ആവശ്യത്തിന് ഉപകരിക്കില്ല.

4. താങ്ങാവുന്നത് തെരഞ്ഞെടുക്കുക:

നിങ്ങളുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ആരോഗ്യ പ്ലാനായിരിക്കണം തെരഞ്ഞെടുക്കുന്നത് എന്ന പോലെ തന്നെ ബജറ്റിലും ഒതുങ്ങുന്നതായിരിക്കണം. നിങ്ങളും പ്രിയപ്പെട്ടവരും വേണ്ട രീതിയില്‍ കവര്‍ചെയ്യപ്പെടും എന്ന് ഉറപ്പുള്ള പരമാവധി ആനുകൂല്യങ്ങളുള്ള, എന്നാല്‍ ന്യായമായ വിലയിലുള്ള പ്ലാന്‍ വേണം. പിന്നീട് പ്ലാന്‍ പുനഃപരിശോധിക്കാം, കവറേജ് കൂട്ടാം, കൂടുതല്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്താം, നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റം വരുത്താം.

5. പോളിസി ടൈപ്പ് ഊന്നിപ്പറയുക:

കുടുംബത്തിന്റെ ഉത്തരവാദിത്തമൊന്നും ഇല്ലാത്ത വ്യക്തിയാണെങ്കില്‍ വ്യക്തിഗത ഇന്‍ഷുറന്‍സ് പ്ലാന്‍ തെരഞ്ഞെടുക്കുക. കുടുംബം ഉള്ളവരാണെങ്കില്‍ ഫാമിലി ഫ്‌ളോട്ടര്‍ പോളിസിയാണ് നല്ലത്. മെഡിക്കല്‍ പരിശോധനാ വേളയില്‍ ഓരോ അംഗത്തിനും പരമാവധി ആനൂകൂല്യങ്ങളുണ്ടെന്ന് ഉറപ്പിക്കണം.നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും ആവശ്യത്തിന് കവറേജ് പോരെന്ന് തോന്നുന്നുണ്ടെങ്കില്‍ ടോപ്-അപ്പ് അല്ലെങ്കില്‍ സൂപ്പര്‍ ടോപ്-അപ്പ് പ്ലാന്‍ മടിക്കരുത്. അതുവഴി, ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിക്കാം.

6. ആജീവനാന്ത പുതുക്കല്‍ സവിശേഷതയുള്ള പോളിസി തെരഞ്ഞെടുക്കുക:

ഇത് നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും കവറേജ് ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്താന്‍ സഹായിക്കും. ആരോഗ്യ രംഗത്തെ പണപ്പെരുപ്പം കണക്കിലെടുത്താല്‍ ആജീവനാന്തം പുതുക്കാവുന്ന പ്ലാന്‍ തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.

7. കവറേജുള്ള ആശുപത്രി നെറ്റ്‌വര്‍ക്ക് പരിശോധിക്കുക:

നിങ്ങളുടെ മുമ്പില്‍ ഒരുപാട് പ്ലാനുകളുടെ പട്ടികയുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിക്കുന്ന ആശുപത്രി നെറ്റ്‌വര്‍ക്ക് നോക്കുക.  വിപുലമായ ആശുപത്രി നെറ്റ്‌വര്‍ക്ക് ഉള്ള ഇന്‍ഷുറന്‍സ് ദാതാവിനെ പരിഗണിക്കുന്നത് വലിയ തുകകള്‍ ലാഭിക്കാനും ക്ലെയിം വേളയില്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ഉപകാരപ്പെടും.

8. ക്ലെയിം സെറ്റില്‍മെന്റ് അനുപാതം ശ്രദ്ധിക്കുക:

ക്ലെയിം സെറ്റില്‍മെന്റില്‍ ഉയര്‍ന്ന അനുപാതം ഉള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ക്ലെയിം സെറ്റില്‍മെന്റ് സാധ്യതയും കൂടുതലായിരിക്കും. ഇന്‍ഷുറന്‍സ് കമ്പനിയുടെ ക്ലെയിം സെറ്റില്‍മെന്റ് കാഷ്‌ലെസ് ആണോ റീഇംബേഴ്‌സ്‌മെന്റ് സൗകര്യമാണോ ഉള്ളതെന്ന് പരിശോധിക്കുക. അടിയന്തര ഘട്ടങ്ങളില്‍ വലിയ തുക ചെലവഴിക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ കാഷ്‌ലെസ് ക്ലെയിം ഉള്ള പോളിസികള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

9. നിയന്ത്രണങ്ങള്‍ ശ്രദ്ധിക്കുക:

പോളിസി എടുക്കും മുമ്പ് ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്:
∙നിലവിലുള്ള രോഗങ്ങള്‍ക്കായുള്ള കാത്തിരിപ്പ് കാലാവധി എത്രയെന്ന് പരിശോധിക്കണം. നിലവിലെ രോഗത്തിന് എത്രയും പെട്ടെന്ന് കവറേജ് ലഭിക്കാന്‍ ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് കാലാവധിയുള്ള പ്ലാന്‍ തെരഞ്ഞെടുക്കുക.
∙നിങ്ങളുടെ പ്ലാനില്‍ പരിധിയും ഉപ-പരിധിയും നിശ്ചയിച്ചിട്ടുണ്ടാകാം. അവസാന നിമിഷം ആശുപത്രി ബില്ലുകളില്‍ പലതും കവറേജിനു പുറത്താകാതിരിക്കാന്‍ ഏറ്റവും ഉയര്‍ന്ന ഉപ-പരിധിയുള്ള അല്ലെങ്കില്‍ ഉപ-പരിധിയില്ലാത്ത പ്ലാന്‍ തെരഞ്ഞെടുക്കുക.
∙കോ-പേയ്‌മെന്റ് നിബന്ധന. മുന്‍കൂട്ടി തുക വേണ്ടി വരുമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

10. ഒഴിവാക്കലുകള്‍ നോക്കുക:

എല്ലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഒഴിവാക്കലുകളുടെ ഒരു പട്ടികയുണ്ടായിരിക്കും. ശ്രദ്ധിച്ചു നോക്കിയാല്‍ ഭാവിയില്‍ കവറേജ് സംബന്ധിച്ച നിരാശ ഒഴിവാക്കാം.

11. ഇളവുകള്‍ പരിശോധിക്കുക:

ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ മുഴുവന്‍ പാക്കേജിന്റെയും നിര്‍ണായക ഭാഗമാണ്.  ഇങ്ങനെ വ്യത്യസ്തമായ ഇന്‍ഷുറന്‍സ് പ്ലാനുകളിലെ ഇളവുകള്‍ പരിശോധിച്ച് ഉചിതമായത് കണ്ടെത്തുക.

12. നിരക്കുകള്‍ ഓണ്‍ലൈനില്‍ താരതമ്യം ചെയ്യുക:

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് തെരഞ്ഞെടുക്കുന്നതിന് പോളിസികള്‍ താരതമ്യം ചെയ്യേണ്ടത് അനിവാര്യമാണ്. ഇന്‍ഷുറന്‍സ് ദേഖോ പോലുള്ള ഇന്‍ഷുറന്‍സ് ബ്രോക്കര്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ നിങ്ങളുടെ വിവരങ്ങള്‍ നല്‍കി ഓണ്‍ലൈനില്‍ നിരക്ക് ലഭ്യമാക്കാന്‍ ആവശ്യപ്പെടാം. അനുയോജ്യമായ പ്രീമിയത്തോടെയുള്ള പോളിസി വിവരങ്ങള്‍ ലഭ്യമാകും. ഈ വിവരങ്ങള്‍ താരതമ്യം ചെയ്ത് ഉചിതമായ തീരുമാനത്തിലെത്താം.

ഇൻഷുറൻസ് ദേഖോയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമാണ് ലേഖകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com