ADVERTISEMENT

ആരോഗ്യ സഞ്‌ജീവനി പോളിസിയുടെ പരിരക്ഷ ഇനി വ്യക്തികൾക്കു പുറമേ വിവിധ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ലഭ്യമാകും. വ്യക്തിഗത ഇന്‍ഷൂറന്‍സ്‌ പോളിസിയായി ലഭ്യമാക്കിയിരുന്ന ആരോഗ്യ സഞ്‌ജീവനി ഗ്രൂപ്പ്‌ ഇന്‍ഷൂറന്‍സ്‌ ഉത്‌പന്നമായി ലഭ്യമാക്കാന്‍ ഐആര്‍ഡിഎഐ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ക്ക്‌ അനുവാദം നല്‍കി. വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക്‌ കൂടി ഗുണകരമാകുന്ന തരത്തില്‍ ഇന്‍ഷൂറന്‍സ്‌ പരിരക്ഷ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഈ നീക്കം. ആരോഗ്യ സഞ്‌ജീവനി പോളിസി വ്യക്തിഗതമായാലും ഗ്രൂപ്പ്‌ രൂപത്തിലായാലും കൊവിഡ്‌ - 19 ന്റെ ചികിത്സയും ഉള്‍പ്പെടുത്തണമെന്നാണ്‌ ഐആര്‍ഡിഎഐയുടെ നിര്‍ദ്ദേശം.

ഗ്രൂപ്പ്‌ പോളിസി

ഉത്‌പാദനം, സേവനം, ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ , കുടിയേറ്റ തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ള നിരവധി ജീവനക്കാര്‍ക്ക്‌ അവരുടെ ചികിത്സാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഗ്രൂപ്പ്‌ പോളിസിയുടെ പരിരക്ഷ ഉറപ്പാക്കാം.

ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ നിശ്ചയിക്കേണ്ട പ്രീമിയം ഒഴികെ ആരോഗ്യ സഞ്‌ജീവനി ഗ്രൂപ്പ്‌ പോളിസിയുടെ വ്യവസ്ഥകളും നിബന്ധനകളും സ്റ്റാന്‍ഡേര്‍ഡ്‌ പോളിസിയുടേതിന്‌ സമാനമായിരിക്കും. സ്റ്റാന്‍ഡേര്‍ഡ്‌ ആരോഗ്യ സഞ്‌ജീവനി പോളിസിയില്‍ നിന്നും വ്യത്യസ്‌തമായി ഗ്രൂപ്പ്‌ പോളിസിയില്‍ ഇന്‍ഷൂറന്‍സ്‌ കമ്പനികളെ അവരുടെ പരിരക്ഷ തുകയുടെ കുറഞ്ഞതും കൂടിയതുമായ പരിധി നിശ്ചയിക്കാന്‍ അനുവദിക്കും. സം അഷ്വേര്‍ഡ്‌ 50,000 രൂപയുടെ ഗുണിതങ്ങളില്‍ ലഭ്യമാക്കണം എന്ന നിബന്ധന ഗ്രൂപ്പ്‌ പോളിസിയ്‌ക്ക്‌ ആവശ്യമില്ല.

ഐആര്‍ഡിഐ അടുത്തിടെ വ്യക്തിഗത ആരോഗ്യ സഞ്‌ജീവനി പോളിസിയുടെ വ്യവസ്ഥകള്‍ പരിഷ്‌കരിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ചികിത്സാ ചെലവുകള്‍ ഉയരുന്നത്‌ കണക്കിലെടുത്ത്‌ പരിരക്ഷ തുകയുടെ ഉയര്‍ന്ന പരിധി 5 ലക്ഷത്തില്‍ നിന്ന്‌ ഉയര്‍ത്താനും കുറഞ്ഞ പരിധി ഒരു ലക്ഷത്തില്‍ നിന്ന്‌ 50,000 ആക്കാനും കമ്പനികള്‍ക്ക്‌ അനുമതി നല്‍കി.

അടിസ്ഥാനപരമായ ചികിത്സാ ചെലവുകള്‍

പോളിസി ഉടമയുടെ അടിസ്ഥാനപരമായ ചികിത്സാ ചെലവുകള്‍ നിറവേറ്റുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ്‌ ഇന്‍ഷൂറന്‍സ്‌ പദ്ധതി എന്ന നിലയില്‍ കഴിഞ്ഞ ഏപ്രിലില്‍ ആണ്‌ ആരോഗ്യ സഞ്‌ജീവനി പോളിസികള്‍ അവതരിപ്പിച്ചത്‌.സ്വകാര്യ , പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മറ്റ്‌ ബിസിനസ്‌ സ്ഥാപനങ്ങള്‍ക്കും അവരുടെ ജീവനക്കാര്‍ക്ക്‌ ഇന്‍ഷൂറന്‍സ്‌ പരരിക്ഷ ലഭ്യമാക്കുന്നതിനായി ഹ്രസ്വകാല കൊവിഡ്‌ പ്രത്യേക പോളിസിയായ കൊറോണ കവച്‌ സ്‌റ്റാന്‍ഡേര്‍ഡ്‌ ഗ്രൂപ്പ്‌ ഇന്‍ഷൂറന്‍സ്‌ പോളിസിയായി ലഭ്യമാക്കുന്നതിനും അടുത്തിടെ ഐആര്‍ഡിഎഐ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ക്ക്‌ അനുമതി നല്‍കിയിരുന്നു.

English Summery: Arogya Sanjeevani Insurance Coverage

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com