ഒന്നിലധികം ആരോഗ്യ ഇൻഷുറൻസ് പോളിസിയുണ്ടെങ്കിൽ ഇങ്ങനെ ക്ലെയിം ചെയ്യാം

health
SHARE

ഇന്ന് ഒരു ആരോഗ്യ ഇന്‍ഷൂറന്‍സ് പരിധിയില്‍ മാത്രമൊതുങ്ങുന്നവരായിരിക്കില്ല കൂടുതൽ പേരും. ജോലി ചെയ്യുന്ന സ്ഥാപനം നല്‍കുന്ന ഗ്രൂപ്പ് ആരോഗ്യ ഇന്‍ഷൂറന്‍സ്, കൂടാതെ കുടുംബത്തെ മുഴുവന്‍ ഉള്‍പ്പെടുത്തി വ്യക്തിപരമായി എടുത്തിട്ടുള്ളവ എന്നിങ്ങനെ പല തരത്തിലുള്ള പോളിസികളുടെ ഗുണഭോക്താവായിരിക്കും ഒരാള്‍. സര്‍ക്കാര്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഭാര്യാ ഭര്‍ത്താക്കന്‍മാരാണെങ്കില്‍ വീണ്ടും എണ്ണം കൂടും.

എങ്ങനെ ചെയ്യാം ക്ലെയിം

ഇത്തരം സന്ദര്‍ഭങ്ങളില്‍ ചികിത്സയ്ക്ക് ഏത് പോളിസിയില്‍ നിന്ന് ക്ലെയിം ചെയ്യും? ഇനി ഒരു പോളിസിയുടെ ക്ലെയിം തുകയില്‍ ഒതുങ്ങുന്നില്ല ചികിത്സാ ചെലവെങ്കില്‍ അടുത്ത പോളിസിയിലേക്ക് ഈ ബാധ്യത എങ്ങനെ വ്യാപിപ്പിക്കും? ഇത് പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കും. ഏത് പോളിസിയിലും ക്ലെയിം സാധ്യമാണെങ്കിലും സാധാരണ നിലയില്‍ ഗ്രൂപ്പ് പോളിസികളില്‍ ക്ലെയിം സെറ്റില്‍മെന്റ് താരതമ്യേന എളുപ്പമായതിനാല്‍ ആദ്യം സ്ഥാപനം നല്‍കുന്ന പോളിസി ക്ലെയിം പരിഗണിക്കുകയാണ് നല്ലത്. കോവിഡ് കാലത്ത് പ്രത്യേകിച്ചും.

രണ്ട് ലക്ഷം കവറേജില്‍ രണ്ട് പോളിസി

രണ്ട് ലക്ഷം രൂപ വരെ കവറേജുള്ള ഗ്രൂപ്പ് പോളിസിയാണെന്ന് കരുതുക. കൂടാതെ വ്യക്തിഗത ആരോഗ്യ പരിരക്ഷ പോളിസിയില്‍ മറ്റൊരു രണ്ട് ലക്ഷത്തിന്റെ കവറേജുണ്ടെന്നും കരുതുക. ഈ കേസില്‍ നിങ്ങളുടെ ചികിത്സാ ചെലവ് 1.6 ലക്ഷമാണെങ്കില്‍ ഏത് പോളിസിയിലും ക്ലെയിം ചെയ്യാം. ഇവിടെ ഗ്രൂപ്പ് പോളിസികളില്‍ സെറ്റില്‍മെന്റിന് വേഗം കൂടും എന്നതിനാല്‍ ഓഫീസ് പോളിസിയില്‍ അപേക്ഷിക്കുന്നതാണ് നല്ലത്്. നാലു ലക്ഷത്തിന്റെ കവറേജുണ്ടെങ്കിലും രണ്ട് പോളിസികളിലും കൂടി രണ്ട് ലക്ഷം വീതം ക്ലെയിം ചെയ്യാനാവില്ല.

ആശുപത്രി ബില്‍ കൂടുതല്‍

ഇനി മറ്റൊരു ഉദാഹരണം. ഇവിടെ ആശുപത്രി ബില്‍ മൂന്ന് ലക്ഷം രൂപയാണെന്ന് കരുതുക. ഇത്തരം സാഹചര്യത്തില്‍ ആദ്യം ഓഫീസ് പോളിസിയില്‍ രണ്ട് ലക്ഷം വരെയുള്ള ക്ലെയിമിന് അപേക്ഷിക്കുക. ബാക്കി ഒരു ലക്ഷം വ്യക്തിഗത പോളിസിയില്‍ മറ്റൊരു അപേക്ഷ നല്‍കുക. ഇവിടെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചില പോളിസികള്‍ ചികിത്സയുടെ ഭാഗമായ ചില ചെലവുകള്‍ പൂര്‍ണമായും പരിഗണിക്കില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ അങ്ങനെയുള്ളവ അടുത്ത പോളിസി വഴി ക്ലെയിം ചെയ്യാം. ഉദാഹരണത്തിന് മുറി വാടക, ബൈസ്റ്റാന്‍ഡര്‍ ചെലവ് ഇവയ്ക്ക്് ചില പോളിസികളില്‍ പരമാവധി പരിധിയുണ്ടാകും. അങ്ങനെ വരുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ രണ്ടാം പോളിസിയുടെ പരിധിയിലേക്ക് മാറ്റുക. അവിടെ ഉയര്‍ന്ന തുകയാവും ഇത്തരം കാര്യങ്ങള്‍ക്ക് വകയിരുത്തിയിട്ടുണ്ടാവുക.

രണ്ട് കമ്പനികള്‍ക്ക് ഒരേ ബില്‍

ശരിയായ ബില്‍ സമര്‍പ്പിക്കാതെ കമ്പനികള്‍ ക്ലെയിം സെറ്റില്‍മെന്റിന് തയ്യാറാവില്ല. ബില്ലുകളുടെ കോപ്പി പറ്റില്ല. അങ്ങനെ വരുമ്പോള്‍ രണ്ട് കമ്പനികള്‍ക്ക് എങ്ങനെ ഒരേ ഒറിജിനല്‍ ബില്ല് നല്‍കും. ഇവിടെ ചെയ്യേണ്ടതിതാണ്. ആദ്യം ഏത് ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നാണോ ക്ലെയിം ചെയ്യാനാഗ്രഹിക്കുന്നത് അവര്‍ക്ക് സെറ്റില്‍മെന്റ് ഫോമും ബില്ലുകളും സമര്‍പ്പിക്കുക. ഒപ്പം ബില്ലുകളുടെ സര്‍ട്ടിഫൈ ചെയ്ത കോപ്പി ആവശ്യപ്പെടുക. ഇവിടെ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം തീര്‍പ്പാക്കി വൗച്ചറും ബില്ലിന്റെ വിശദവിവരങ്ങളും നല്‍കും. സര്‍ട്ടിഫൈ ചെയ്ത ഈ ബില്ലുകളുടെ കോപ്പിയും വൗച്ചറുമായി പുതിയ ക്ലെയിം സെറ്റില്‍മെന്റ് ഫോം രണ്ടാം ഇന്‍ഷൂറന്‍സ് കമ്പനിയുടെ ടി പി എ (തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്‌ട്രേറ്റര്‍) യ്ക്ക് നല്‍കുക. രണ്ട് പോളിസികളും ഒരേ കമ്പനികളുടെയാണെങ്കിലോ ഒരേ ടി പി എയ്ക്ക് കീഴിലാണെങ്കിലോ ഇവിടെ നടപടി എളുപ്പമാകും.

English Summery: How to Claim in TwoInsurance Companies for Same Settlement.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA