ADVERTISEMENT

എൽഐസി പോളിസി ഉടമകൾക്കു സന്തോഷിക്കാം. വരാനിരിക്കുന്ന എൽഐസി പ്രാഥമിക ഓഹരി വിൽപന (IPO) യിൽ പത്തു ശതമാനം വരെ ഓഹരികൾ എൽഐസി പോളിസി എടുത്തവർക്കായി നീക്കിവെക്കാനിടയുണ്ട്. സഹധനമന്ത്രി അനുരാഗ് ഠാക്കൂർ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. പ്രാഥമിക ഓഹരി വിൽപനയ്ക്കുശേഷവും ഭൂരിഭാഗം ഓഹരികൾ സർക്കാരിന്റെ കൈവശമായിരിക്കുമെന്നും അതുവഴി പോളിസി ഉടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020–’21 ലെ ധനകാര്യ ബില്ലിന്റെ ഭാഗമായി ഈ നിർദേശങ്ങൾ ഉൾപ്പെടുത്തുമെന്നും മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി. 

വിൽപന അടുത്ത ദീപാവലിയോടെ

എൽഐസിയുടെ പ്രാഥമിക ഓഹരി വിൽപന അടുത്ത സാമ്പത്തിക വർഷത്തിൽ ഉണ്ടാകുമെന്നു ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. ബജറ്റിൽ ഇൻഷുറൻസ് മേഖലയിലെ വിദേശ ഓഹരി പങ്കാളിത്തം (FDI) 49 ശതമാനത്തിൽനിന്ന് 74 ശതമാനമായി ഉയർത്തിയിട്ടുമുണ്ട്. അടുത്ത സാമ്പത്തികവർഷം ബാങ്ക്–പൊതുമേഖലാ ഓഹരി വിൽപനയിലൂടെ 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണു കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

ഒരു കോടി പുതിയ ഡീമാറ്റ് അക്കൗണ്ടുകൾ

എൽഐസി പ്രാഥമിക ഓഹരി വിൽപന പ്രതീക്ഷയോടെയാണ് നിക്ഷേപകർ കാത്തിരിക്കുന്നത്. വിപണി കണ്ട ഏറ്റവും വലിയ ഐപിഒകളിൽ ഒന്നായിരിക്കും ഇത്. ഈ അവസരം ആഘോഷമാക്കി മാറ്റാനാണ് സർക്കാരിന്റെ ശ്രമം. നിലവിൽ 25–28 കോടി ഓഹരി ഉടമകളാണ് എൽഐസിക്കുള്ളത്. ഇവരിൽനിന്ന് ഐപിഒയുടെ മുന്നോടിയായി ഒരുകോടി പുതിയ ഡീമാറ്റ് അക്കൗണ്ടുകൾ തുറപ്പിക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. ഇത് ഓഹരി വിപണിയിലും വൻ ചലനങ്ങൾ സൃഷ്ടിച്ചേക്കാം. സെക്യൂരിറ്റി ട്രാൻസാക്‌ഷൻ (STT)  ടാക്സ് ഇനത്തിൽ സർക്കാരിന്റെ വരുമാനം പതിൻമടങ്ങ് വർധിക്കുകയും ചെയ്യും.  

രണ്ടാമത്തെ വലിയ കമ്പനി?

12.85–15 ലക്ഷം കോടിയാണ് എൽഐസിയുടെ ഏകദേശ മതിപ്പുമൂല്യമായി വിപണി വിദഗ്ധർ വിലയിരുത്തുന്നത്. അങ്ങനെയെങ്കിൽ വിപണിമൂല്യം അനുസരിച്ച് റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞാൽ ഏറ്റവും വലിയ കമ്പനിയായിരിക്കും ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. 

English Summary : LIC Policy Holders may get LIC Shares during IPO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com