ADVERTISEMENT

വീട് സുരക്ഷിതമായി വെക്കുക അത്ര എളുപ്പമല്ല ഇപ്പോൾ. പ്രകൃതി ക്ഷോഭങ്ങളുടെ എണ്ണം കൂടുന്നു. മോഷണവും ഭവനഭേദനവും പോലെയുള്ള അപകട സാധ്യതകൾ വേറെ. ഇവിടെയാണ് ഭവന ഇൻഷുറൻസിന്റെ പങ്ക്. ഇതു വീടിന്റെ ഘടനയ്ക്കും ഉള്ളിലുള്ള സാധാന സാമഗ്രികൾക്കും സംഭവിക്കുന്ന കേടുപാടുകൾ മൂലമുള്ള നഷ്ടത്തിന് പരിരക്ഷ നൽകുന്നു.

നിലവിൽ ഹൗസ് ഹോൾഡേഴ്‌സ് പോളിസി, ഓൾ റിസ്‌ക് ഹോം ഇൻഷുറൻസ് പോളിസി എന്നിവ പോലെ വിവിധതരം ഭവന ഇൻഷുറൻസ് പോളിസികൾ ഉണ്ട്, ഇവ വിവിധതരം പരിരക്ഷകൾ നൽകുന്നു. നിങ്ങളുടെ ആവശ്യത്തിന് ഏറ്റവും ഉത്തമമായതു തിരഞ്ഞെടുക്കുക മാത്രമേ വേണ്ടൂ. നിങ്ങൾ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ, പോളിസിയുടെ നിബന്ധനകൾ നോക്കി അതിലുള്ള പരിരക്ഷകളും ഒഴിവാക്കലുകളും മനസ്സിലാക്കുക. നിർഭാഗ്യകരമായ ഒരു സംഭവം ഉണ്ടായാൽ എന്താണു ചെയ്യേണ്ടതെന്നും എന്താണ് ആവശ്യമെന്നും മനസ്സിലാക്കിവയ്ക്കാൻ ക്ലെയിം നടപടിക്രമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്. തടസ്സമില്ലാതെ ക്ലെയിമുകൾ ലഭിക്കാൻ പാലിക്കേണ്ട ചില നടപടികൾ നോക്കാം.

∙ഡിജിറ്റൽ ക്ലെയിം നടപടിക്രമങ്ങളാണിപ്പോൾ കൂടുതലും, അതിനാൽ എപ്പോഴും പോളിസി ഡോക്യുമെന്റിന്റെ ഒരു സോഫ്റ്റ് കോപ്പി കരുതുക. അഥവാ അത് നഷ്ടപ്പെട്ടുപോയിട്ടുണ്ടെങ്കിൽ ആദ്യംതന്നെ മെയിൽ വഴിയോ ഫോൺ മുഖേനയോ ഇൻഷുററെ അറിയിക്കേണ്ടതും പോളിസിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള അപകടത്തെ അല്ലെങ്കിൽ സംഭവത്തെക്കുറിച്ച് ചെറിയൊരു വിവരണം നൽകേണ്ടതുമാണ്.

∙വീട്ടുപകരണങ്ങൾ /എടുത്തു നീക്കാവുന്ന വസ്തുക്കൾ എന്നിവയ്ക്കു കേടുപാടുകൾ ഉണ്ടായാൽ, അവ നിങ്ങളുടെ വീട്ടിൽനിന്ന് എടുത്തുകൊണ്ടുപോയി നന്നാക്കി തിരികെ കൊണ്ടുവരുവാനുള്ള കാഷ്‌ലെസ് റിപ്പയർ സർവീസ് ലഭ്യമാണോ എന്ന് നിങ്ങളുടെ ഇൻഷുററോട് അന്വേഷിക്കുക.

∙ക്ലെയിം ഫോം പൂരിപ്പിക്കുന്നതിനോടൊപ്പം ഇൻഷുറർ ആവശ്യപ്പെട്ടിട്ടുള്ള രേഖകളും തയ്യാറാക്കുക. നിങ്ങളുടെ ഇൻഷുറർക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉണ്ടെങ്കിൽ, ക്ലെയിം നോട്ടിഫിക്കേഷൻ മുതൽ ക്ലെയിം സബ്മിഷൻ വരെ ആവശ്യമായിട്ടുള്ള എല്ലാ രേഖകളും ഡിജിറ്റലായി ചെയ്യാവുന്നതാണ്.

ക്ലെയിം ഫയൽ ചെയ്യാൻ ആവശ്യമായ ഡോക്യുമെന്റുകൾ

∙ആകസ്മികമായ അപ്രതീക്ഷിത നാശനഷ്ടമുണ്ടായാൽ: നഷ്ടത്തെക്കുറിച്ചുള്ള വിവരണം, കേടായ സാധനത്തിന്റെ പർച്ചേസ് ഇൻവോയിസ്, റിപ്പയർ എസ്റ്റിമേറ്റ്, റിപ്പയർ ബിൽ, പണമടച്ച രസീത് തുടങ്ങിയവ.

∙മോഷണമോ ഭവനഭേദനമോ ആണെങ്കിൽ: പോളിസിയുടെ കീഴിൽ പരിരക്ഷയുള്ള നഷ്ടപ്പെട്ട സാധനങ്ങളുടെ വിവരങ്ങൾ,  നഷ്ടപ്പെട്ട സാധനങ്ങളുടെ പർച്ചേസ് ഇൻവോയിസ്, സംഭവത്തെക്കുറിച്ചുള്ള വിവരണം, ഫസ്റ്റ് ഇൻഫമേഷൻ റിപ്പോർട്ട്, ഫൈനൽ പോലീസ് റിപ്പോർട്ട് തുടങ്ങിയവ.

∙നഷ്ടം ഒരു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, നഷ്ടം സ്ഥിരീകരിക്കുന്നതിനും വിലയിരുത്തുന്നതിനും വേണ്ടി ഇൻഷുറർ സ്വതന്ത്ര സർവേയറെ നിയമിച്ചേക്കാം. സന്ദർശന വേളയിൽ, സർവേയറെ എല്ലാ നഷ്ടങ്ങളും കാണിക്കുന്നതിനോടൊപ്പം നഷ്ടപ്പെട്ട / കേടുപാടുപറ്റിയ സാധനങ്ങളുടെ ഒരു ലിസ്റ്റും തയാറാക്കേണ്ടതാണ്. ഈ സാധനങ്ങളുടെ രസീതുകൾ എന്തെങ്കിലും കൈവശമുണ്ടെങ്കിൽ, അവയും സർവേയറുമായി പങ്കുവയ്ക്കുക. ആവശ്യമായ വിവരങ്ങൾ സർവേയർക്കു നൽകിക്കഴിഞ്ഞാൽ,  പ്രസക്തമായ വിലയിരുത്തലിനൊപ്പം അന്തിമ റിപ്പോർട്ട് ഇൻഷുറർക്ക് സമർപ്പിക്കും.

∙കൂടുതൽ വിവരങ്ങളോ രേഖകളോ ആവശ്യമുണ്ടെങ്കിൽ പിന്നീട് ഇൻഷുറർ നിങ്ങളുമായി ബന്ധപ്പെടും. ഇൻഷ്വർ ചെയ്തിട്ടുള്ള വ്യക്തി എല്ലാ രേഖകളും നൽകിക്കഴിഞ്ഞാൽ, സാധാരണയായി ഒരു ലക്ഷം രൂപ വരെയുള്ള ചെറിയ ക്ലെയിമുകൾ 5-7 പ്രവൃത്തി ദിവസങ്ങളിലും അതിനു മുകളിലുള്ള വലിയ ക്ലെയിമുകൾ ഏതാണ്ട് 10 പ്രവൃത്തി ദിവസങ്ങളിലും തീർപ്പാക്കും.

∙പോളിസിയുടെ നിയമനിബന്ധനകൾക്ക് അനുസൃതമായി ഇൻഷുറൻസ് കമ്പനി ക്ലെയിം നൽകുമെങ്കിലും, കേടുപാടുകൾ കുറയ്ക്കാനുള്ള നടപടികൾ എടുക്കേണ്ടത് പോളിസി ഉടമയുടേയുംകൂടി ഉത്തരവാദിത്തമാണ്. ഉദാഹരണത്തിന്, ഉടനടി വെള്ളമൊഴിച്ച് തീ അണയ്ക്കുക, അല്ലെങ്കിൽ വെള്ളപ്പൊക്കമുണ്ടായാൽ വീട്ടിനുള്ളിലുള്ള പരമാവധി സാധനങ്ങൾ നനഞ്ഞു നശിച്ചുപോകാതെ നോക്കുക തുടങ്ങിയവ.

നിങ്ങൾ വീട്ടുടമയോ വാടകക്കാരനോ ആയിക്കോട്ടെ, ഹോം ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ അത് നിങ്ങളുടെ വീടിനും അല്ലെങ്കിൽ അതിന്റെ ഉള്ളിലുള്ള സാധന സാമഗ്രികൾക്കും എന്തെങ്കിലും നാശനഷ്ടമുണ്ടായാൽ നിങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്നു. ക്ലെയിം ഉണ്ടാകുന്ന സമയത്ത് നിങ്ങൾ എന്താണു ചെയ്യേണ്ടതെന്ന് അറിഞ്ഞിരിക്കുന്നതിനായി, പോളിസിയുടെ ക്ലെയിം നടപടിക്രമത്തോടൊപ്പം നിയമ നിബന്ധനകളും മനസ്സിലാക്കുന്നതാണ് നല്ലത്.

ലേഖകൻ ബജാജ് അലിയൻസ് ജനറൽ ഇൻഷുറൻസിന്റെ ചീഫ് ടെക്‌നിക്കൽ ഓഫിസർ ആണ്

English Summary: What to doWhen You have a Home Insurance Policy Claim

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com