ADVERTISEMENT

ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയിലേക്ക് പരമാവധി ആളുകളെ ഉള്‍പ്പെടുത്തുവാനുതകുന്ന അടിസ്ഥാന പോളിസിയായ ആരോഗ്യ സഞ്ജീവനിയുടെ പരമാവധി പരിരക്ഷ തുക ഇരട്ടിയാക്കി. നേരത്തെ ഇത് അഞ്ച് ലക്ഷമായിരുന്നതാണ് 10 ലക്ഷമാക്കി ഉയര്‍ത്തിയത്. ഇന്‍ഷൂറന്‍സ് എടുക്കുന്നയാളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന പോളിസികള്‍ ആരോഗ്യ സഞ്ജീവനി എന്ന പേരില്‍ എല്ലാ കമ്പനികളും തുടങ്ങിയിരിക്കണമെന്ന ഐ ആര്‍ ഡി എ ചട്ടമനുസരിച്ചാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ ഇത് നിലവില്‍ വന്നത്. 50,000 രൂപയില്‍ തുടങ്ങി 5 ലക്ഷം രൂപ വരെയായിരുന്നു ഇതിന്റെ കവറേജ്. ഇതാണ് ഇപ്പോള്‍ കൂട്ടി 10 ലക്ഷമാക്കിയിരിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ പരമാവധി 10 ലക്ഷം രൂപ വരെ കവറേജ് ലഭിക്കുമെന്നതിനാല്‍ ഇടത്തട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കുമിത്. മേയ് 1 മുതല്‍ പുതുക്കിയ ഉയര്‍ന്ന പരിധി നിലവില്‍ വരും. പ്രീമിയം തുകയില്‍ നേരിയ മാറ്റം ആകാമെന്ന് നേരത്തേ ഐ ആര്‍ ഡി എ ഐ കമ്പനികളോട് നിര്‍ദേശിച്ചിരുന്നു. വിവിധ ഉത്പന്നങ്ങളുടെ പ്രീമിയത്തില്‍ വലിയ വര്‍ധന വന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നിര്‍ദേശം നല്‍കിയത്.

നിലവില്‍ വിവിധ കമ്പനികള്‍ നല്‍കുന്ന വൈവിധ്യമാര്‍ന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളില്‍ ഒളിഞ്ഞിരിക്കുന്ന ക്ലോസുകളും മറ്റും ക്ലെയിം സെറ്റില്‍മെന്റ് അടക്കമുളള കാര്യങ്ങളില്‍ പിന്നീട് ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്. പലപ്പോഴും അടിസ്ഥാന കവറേജുകള്‍ എല്ലാം ഉള്‍പ്പെടുന്ന തരത്തിലായിരിക്കുകയുമില്ല ഇത് ചിട്ടപ്പെടുത്തിയിട്ടുള്ളതും.

പോളിസികള്‍ക്ക് ഒരേ സ്വഭാവം

നിലവില്‍  ഒരോ പോളിസിയും വ്യത്യസ്തമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വര്‍ധിച്ച തോതിലുള്ള ആശയകുഴപ്പമുണ്ടാകുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി എല്ലാ കമ്പനികളുടെയും അടിസ്ഥാന പോളിസികള്‍ക്ക് ഒരേ പേരും സ്വഭാവവുമായിരിക്കണമെന്ന് നിശ്ചയിച്ചത്. അതിന്റെ ഭാഗമായി 'ആരോഗ്യ സഞ്ജീവനി പോളിസി' എന്ന പൊതു നാമത്തോടൊപ്പം കമ്പനികളുടെ പേരും ചേര്‍ത്ത് അടിസ്ഥാന പോളിസികള്‍ വിതരണം ചെയ്യാം. വ്യക്തിഗത ഇന്‍ഷൂറന്‍സാണെങ്കില്‍ ഒരോ വ്യക്തിയ്ക്കും ഈ കവറേജ് ലഭിക്കും. അതല്ല ഫ്ളോട്ടര്‍ പ്ലാനാണെങ്കില്‍ കുടുംബത്തിന് മൊത്തമായിട്ടായിരിക്കും കവറേജ്. 18 നും 65 നും ഇടയിലുള്ളവര്‍ക്ക് ഇതില്‍ അംഗമാകാം.  

ഒരു വര്‍ഷമാണ് പോളിസി കാലാവധി. പ്രീമിയം വാര്‍ഷികമായോ മൂന്നു മാസം, ആറുമാസം തവണകളായോ അടയ്ക്കാം.അടിസ്ഥാന പോളിസിയായതിനാല്‍ ഇതിലെ പ്രീമിയം നിരക്ക് അഖിലേന്ത്യാ തലത്തില്‍ ഒന്നു തന്നെയായിരിക്കും. അടിസ്ഥാന പോളിസികളിലെ കവറേജുകള്‍ ഇതിനും ബാധകമാണ്. കൂടാതെ സര്‍വസാധാരണമായ തിമിര ശസ്ത്രക്രിയയ്ക്ക് ഒരു കണ്ണിന് സം ഇന്‍ഷ്വേര്‍ഡിന്റെ 25 ശതമാനം വരെ കവറേജ് ലഭിക്കും. ഇത് പരമാവധി 40000 രൂപ വരെയായി നിജപ്പെടുത്തിയിട്ടുണ്ട്.

ക്ലെയിമില്ലെങ്കില്‍ കവറേജ് കൂടും

ക്ലെയിം അവകാശപ്പെടാത്ത വര്‍ഷങ്ങളില്‍ സം ഇന്‍ഷ്വേര്‍ഡ് തുക അഞ്ച് ശതമാനം വര്‍ധിക്കും. എന്നാല്‍ കൃത്യമായ പോളിസി അടയ്ക്കുന്നവര്‍ക്കേ ഈ ആനുകുല്യം ലഭിക്കൂ. വര്‍ധനയ്ക്ക്  സം അഷ്വേര്‍ഡ് തുകയുടെ 50 ശതമാനം വരെ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്.

English Summary : Arogya Sanjeevani Insurance Coverage Doubled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com