ADVERTISEMENT

ഒരു വര്‍ഷം മുമ്പ് നമ്മുടെ ജീവിതത്തിലേക്ക് വലിയ ഭീഷണിയുമായെത്തിയ കോവിഡ് 19 വലിയ സാമ്പത്തിക ബാധ്യതയാണ് വീണ്ടും ഒരോ കുടുംബങ്ങള്‍ക്കുമുണ്ടാക്കുന്നത്. പലപ്പോഴും ഇത്തരം ബാധ്യതയില്‍ ആശ്വാസമാകുന്നത് ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികളാണ്. എന്നാല്‍  കോവിഡ് രോഗികള്‍ക്ക് അങ്ങനെയൊരാശ്വാസവുമില്ല. ചികിത്സാ ചെലവുകള്‍ മുഴുവന്‍ ക്ലെയിമായി ലഭിക്കുന്നില്ല എന്നതാണ് ഇവിടെ ദുരന്തം. കാരണം പോളിസികള്‍ എടുക്കുമ്പോഴോ അത് രൂപപ്പെടുത്തുമ്പോഴോ ഇല്ലാത്ത പല ചെലവുകളും കോവിഡ് ചികിത്സാ-പരിരക്ഷയുടെ ഭാഗമായി ഉള്‍പ്പെടുന്നു. ഇത് പലപ്പോഴും ഇന്‍ഷൂറന്‍സ് കമ്പനികളും പോളിസി ഉടമകളും തമ്മിലുള്ള തര്‍ക്കത്തിലാണ് കലാശിക്കുന്നത്.

ചെലവിന്റ പകുതി മാത്രം

നിലവിലെ കണക്കനുസരിച്ച് രാജ്യത്ത് ആകെ കോവിഡ് ചികിത്സാ ചെലവിന്റെ ശരാശരി പകുതി തുകയേ  ഇന്‍ഷൂറന്‍സ് ക്ലെയിം ആയി പോളിസി ഉടമയ്ക്ക് ലഭിക്കുന്നുള്ളു. 50-55 ശതമാനം എന്നതാണ് കൃത്യമായ കണക്ക്. അതായത് ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടെങ്കിലും ചികിത്സാ ചെലവിന്റെ പകുതി കൈയില്‍ നിന്ന് മുടക്കേണ്ടി വരും. ഇതിന് കാരണം നിരവധിയാണ്.

പിപിഇ കിറ്റിന് നിയന്ത്രണം

കോവിഡ് തുടക്കകാലത്ത് കമ്പനികളും പോളിസി ഉടമകളും തമ്മിലുള്ള പ്രധാന തര്‍ക്കം പി പി ഇ കിറ്റിന്റെ കാര്യത്തിലായിരുന്നു. പോളിസിയില്‍ ഇങ്ങനെ ഒന്നില്ല. തന്നെയുമല്ല ഇതെല്ലാം ഉപഭോക്തൃ ഉത്പന്നങ്ങളുടെ ശ്രേണിയിലുള്ളതുമാണ്. ഈ സാഹചര്യത്തില്‍ കമ്പനികള്‍ പി പി ഇ കിറ്റുകളുടെ വില നല്‍കാന്‍ തയ്യാറായിരുന്നില്ല. കോവിഡ് രോഗികള്‍ക്ക് ഡസന്‍ കണക്കിന് കിറ്റില്ലാതെ പറ്റുകയും ഇല്ല. തുടക്കത്തില്‍ 1,000 രൂപയ്ക്ക് മുകളിലായിരുന്നു ഇതിന്റെ വില. പിന്നീട് കമ്പനികളുടെ നിലപാടില്‍ മാറ്റം വന്നു. പക്ഷേ ഉപയോഗിക്കാവുന്ന പി പി ഇ കിറ്റിന് പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട് ഇപ്പോള്‍. പല കമ്പനികളും ദിവസം ഉപയോഗിക്കാവുന്ന പി പി ഇ കിററുകളുടെ വില പരമാവധി 1500-2000 ആക്കിയിട്ടുണ്ട്. പോളിസി ഉടമകള്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ പിന്നീടുള്ള തര്‍ക്കം ഒഴിവാക്കാം.

റുംബില്ലില്‍ ഉള്‍പ്പെടുത്തണം

മറ്റുള്ള അസുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശുചിത്വവും അണുനാശകവും കോവിഡ് ചികിത്സയില്‍ നിര്‍ണായക ഘടകമാണ്. ഹൗസ് കീപ്പിങിന് സ്വകാര്യ ആളുകളെ വച്ചാല്‍ ആ തുക ക്ലെയിം ചെയ്യാനാവില്ല. റും വൃത്തിയാക്കല്‍, അണുവിമുക്തമാക്കല്‍, ഹൗസ് കീപ്പിങ് ചെലവുകള്‍ ഇവ പ്രത്യേക ബില്ല് ആക്കാതെ ശ്രദ്ധിക്കണം. റൂം ബില്ലിന്റെ ഭാഗമാണെങ്കില്‍ ഇതിന് കവറേജ് ലഭിക്കും.

ആവിപാത്രത്തിന് കിട്ടില്ല

കോവിഡ് ചികിത്സയുടെ ഭാഗമായി മറ്റ് അനേകം ഉത്പന്നങ്ങള്‍ വേണ്ടതുണ്ട്. ഇവയും കവറേജില്‍ പെടില്ല. ഉദാഹരണത്തിന് കോവിഡ് രോഗികള്‍ ദിവസം മൂന്ന് നേരമെങ്കിലും ആവി പിടിക്കേണ്ടതുണ്ട്. ഇതിനായി വാങ്ങുന്ന ഉപകരണങ്ങള്‍, നെബുലൈസര്‍ കിററുകള്‍, തെര്‍മോ മീറ്ററുകള്‍, പള്‍സ് ഓക്‌സി മീറ്റര്‍ ഇവയ്ക്ക് ക്ലെയിം ലഭിക്കില്ല. അതുപോലെ തന്നെ വീട്ടില്‍ സ്വകാര്യ നേഴ്‌സിങ് സേവനം തേടിയാല്‍ അതും കവറേജിന് പുറത്തായിരിക്കും. തൊഴിലുടമയും മറ്റും നല്‍കുന്ന ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പോളിസി ഉടമകള്‍ക്ക് ഇതില്‍ ചെറിയ അപവാദമുണ്ട്. കോവിഡ് പെരുകുമ്പോള്‍ ആശുപത്രി വാസം പലര്‍ക്കും അത്യാവശ്യമായി വരുന്നു. ഈ സാഹചര്യത്തില്‍ ഇന്‍ഷൂറന്‍സ് പോളിസി ഉടമകള്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ പിന്നീടുള്ള ആശയക്കുഴപ്പവും തര്‍ക്കവും ഒഴിവാക്കാം.

English Summary : Covid Claim will Get only Selective Expenses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com