വീട്ടില്‍ കിടന്നുള്ള കോവിഡ് ചികില്‍സയ്ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കുമോ?

HIGHLIGHTS
  • കോവിഡ് ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ നിർന്ധമായും അറിയണം
Covid Delhi
REUTERS/Adnan Abidi
SHARE

കോവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ അതുമായി ബന്ധപ്പെട്ട ഇന്‍ഷൂറന്‍സ് ക്ലെയിമുകളും വര്‍ധിക്കുകയാണ്. ഇതിനിടെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കോവിഡ് ചികില്‍സയ്ക്കായുള്ള ഇന്‍ഷൂറന്‍സ് ക്ലെയിം വേഗത്തില്‍ നേടിയെടുക്കാം. 

പരിശോധിക്കേണ്ടത് സര്‍ക്കാര്‍ അംഗീകാരമുള്ള ലാബില്‍

കോവിഡ് ചികില്‍സയ്ക്കായി ഇന്‍ഷൂറന്‍സ് ലഭിക്കണമെങ്കില്‍ കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഈ സര്‍ട്ടിഫിക്കറ്റില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള ലാബില്‍ നിന്നുള്ള കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ഇന്‍ഷൂറന്‍സ് കമ്പനികള്‍ അംഗീകരിക്കു. നിങ്ങള്‍ കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത് ഇത്തരത്തില്‍ അംഗീകാരമില്ലാത്ത ലാബിലാണെങ്കില്‍ ചികില്‍സ ആരംഭിക്കും മുന്‍പ് അംഗീകാരമുള്ള മറ്റൊരു ലാബില്‍ നിന്നു കൂടി സര്‍ട്ടിഫിക്കറ്റ് വാങ്ങിയില്ലെങ്കില്‍ ഇന്‍ഷൂറന്‍സ് ക്ലെയിം പരിഗണിക്കുക പോലും ചെയ്യാതെ നിരസിച്ചേക്കാം. 

ഇതുകൊണ്ടു മാത്രമായില്ല. മിക്കവാറും പോളിസികളുടെ വ്യവസ്ഥ അനുസരിച്ച് ആര്‍ടി പിസിആര്‍ പരിശോധനകള്‍ മാത്രമേ അംഗീകരിക്കുകയുള്ളു. അതുകൊണ്ട് ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയതെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന കൂടി നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഇങ്ങനെ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണോ എന്ന് പോളിസി പരിശോധിച്ചാല്‍ അറിയാന്‍ സാധിക്കും. ഇന്‍ഷൂറന്‍സ് കമ്പനിയുടെ വെബ്‌സൈറ്റ് പരിശോധിച്ചും ഇക്കാര്യം മനസിലാക്കാം. 

വീട്ടിലെ ചികില്‍സയ്ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കുമോ?

ഇപ്പോള്‍ കോവിഡ് പോസിറ്റീവ് ആകുന്നവരില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നത്. അല്ലാത്ത ഭൂരിപക്ഷം പേരോടും വീട്ടില്‍ ക്വാറന്റീനില്‍ കഴിയുവാനാണ് നിര്‍ദ്ദേശിക്കുന്നത്. മിക്കവാറും പോളിസികളില്‍ കുറഞ്ഞത് 24 മണിക്കൂറെങ്കിലും ആശുപത്രിയില്‍ കഴിഞ്ഞാല്‍ മാത്രമാണ് ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കുക. ഇങ്ങനെ ആശുപത്രിയില്‍ കഴിയുമ്പോള്‍ അതിനു മുന്‍പുള്ള ചികില്‍സാ ചെലവുകളും ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷമുള്ള ചികില്‍സാ ചെലവുകളുമെല്ലാം ക്ലെയിം ചെയ്യാനാവും. 

ചുരുക്കം ചില പോളിസികളില്‍  വീട്ടില്‍ കിടന്നുള്ള ചികില്‍സയ്ക്കും കവറേജ് ലഭിക്കും. ഇത്തരം അവസരങ്ങളില്‍ വീട്ടില്‍ താമസിച്ചു ചികില്‍സ നേടാനായി ഡോക്ടര്‍ നല്‍കിയ പ്രിസ്‌ക്രിപ്ഷന്‍ ആവശ്യമാണ്. ഇതു ഡോക്ടറില്‍ നിന്ന് എഴുതി വാങ്ങി വെക്കുന്നത് പിന്നീടു ക്ലെയിം ചെയ്യുമ്പോള്‍ ഗുണകരമാകും. വീട്ടിലെ ചികില്‍സയുടെ പ്രതിദിന മോണിറ്ററിങ് ചാര്‍ട്ട് അടക്കമുള്ള രേഖകളും ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാനായി ആവശ്യമായി വരും. ഇവയെല്ലാം കൃത്യമായി സൂക്ഷിച്ചു വെക്കണം. വീട്ടിലെ ചികില്‍സ പൂര്‍ത്തിയായതായുള്ള സര്‍ട്ടിഫിക്കറ്റും വാങ്ങേണ്ടി വരും 

ക്ലെയിമിനു വേണ്ടി ആശുപത്രിയില്‍ കിടക്കരുത്

മിക്കവാറും പോളിസികളില്‍ 24 മണിക്കൂറെങ്കിലും ആശുപത്രിയില്‍ കിടന്നാല്‍ മാത്രമേ ക്ലെയിം നേടാനാവു എന്നു പറഞ്ഞല്ലോ. അതുകൊണ്ട് എന്തായാലും കോവിഡ് പോസിറ്റീവ് ആയി. ഇനി ആശുപത്രിയില്‍ കിടന്നാല്‍ ചികില്‍സയും നടക്കും ക്ലെയിമും നേടാം എന്നൊരു മനോഭാവം ഒരിക്കലും പുലര്‍ത്തരുത്. നിര്‍ബന്ധമായും ആശുപത്രിയില്‍ കിടക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന സാഹചര്യത്തില്‍ മാത്രമേ ഇതേക്കുറിച്ചു ചിന്തിക്കാവു. ഏതെങ്കിലും വളഞ്ഞ വഴിയില്‍ ആശുപത്രി വാസം സംഘടിപ്പിക്കുക എന്നത് ഇക്കാലത്ത് സമൂഹത്തോടു ചെയ്യുന്ന വലിയ ക്രൂരതയായിരിക്കും. യഥാര്‍ത്ഥത്തില്‍ ആശുപത്രിയിലെ ചികില്‍സ ആവശ്യമായ മറ്റൊരാളുടെ അവസരം തട്ടിപ്പറിക്കുകയാവും അതിലൂടെ ചെയ്യുന്നത്.

മറ്റു രോഗങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് ലഭിക്കുകയില്ല

കോവിഡിനായുള്ള പ്രത്യേക ഇന്‍ഷൂറന്‍സ് പദ്ധതികളില്‍ പിപിഇ കിറ്റ് അടക്കം ആവശ്യമായി വരുന്ന പല കാര്യങ്ങള്‍ക്കും ക്ലെയിം ലഭിക്കും. പക്ഷേ, കോവിഡിനു മാത്രമേ ഈ പോളിസികള്‍ പ്രകാരം ക്ലെയിം ലഭിക്കൂ. മറ്റു രോഗങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ ചികില്‍സയ്ക്ക് ഈ പോളിസികള്‍ പ്രകാരം ക്ലെയിം നേടാനാവില്ല. 

ഏതു പോളിസി ഉപയോഗിക്കണം?

കോവിഡിനായുള്ള പ്രത്യേക പോളിസികളും പൊതുവായ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പോളിസികളും ജോലി ചെയ്യുന്ന സ്ഥാപനം നല്‍കുന്ന ഇന്‍ഷൂറന്‍സ് പോളിസികളും അടക്കം ഒന്നിലേറെ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ പലര്‍ക്കുമുണ്ടാകും. ഇതില്‍ ഏറ്റവും ഗുണകരമായ പോളിസി ഏതാണോ അത് പ്രയോജനപ്പടുത്തുകയാണ് വേണ്ടത്. ഇതിനായി ആശുപത്രിയിലേക്കു പോകുമ്പോഴല്ല തീരുമാനം എടുക്കേണ്ടത്. വിവിധ പോളിസികളുടെ വിവരങ്ങള്‍ നേരത്തെ തന്നെ താരതമ്യം ചെയ്തു ധാരണ ഉണ്ടാക്കിയിരിക്കണം. 

ഒരു പോളിസിയില്‍ ചികില്‍സാ ചെലവ് മുഴുവന്‍ ക്ലെയിം ചെയ്യാനാവില്ലെങ്കില്‍ സൗകര്യപ്രദമായ ഒരു പോളിസിയില്‍ ആദ്യം ക്ലെയിം ചെയ്യുകയും അതിനായി രേഖകള്‍ മുഴുവന്‍ അവര്‍ക്കു നല്‍കുകയും ചെയ്യണം. അതിനു ശേഷം അതിന്റെ പകര്‍പ്പും ക്ലെയിം ലഭിച്ചതിന്റെ രേഖയുമായി അടുത്ത ഇന്‍ഷൂറന്‍സ് കമ്പനിക്ക് അപേക്ഷ നല്‍കണം. 

കാഷ്‌ലെസ് രീതി ഉപയോഗിക്കണം

ഇന്‍ഷൂറന്‍സ് കമ്പനിയുടെ നെറ്റ്‌വര്‍ക്കില്‍ ഉള്ള ആശുപത്രികളില്‍ കാഷ്‌ലെസ് രീതി ലഭ്യമാകും. പരമാവധി ഇത്തരത്തിലുള്ള ആശുപത്രികളില്‍ തന്നെ ചികില്‍സ തേടുന്നതാവും ഉചിതം. എന്നാല്‍ മികച്ച ചികില്‍സ മറ്റ് ആശുപത്രികളിലാണു ലഭിക്കുന്നതെങ്കില്‍ പ്രഥമ പരിഗണന ചികില്‍സാ സൗകര്യത്തിനു തന്നെ നല്‍കണം. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് പോളിസി നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കണം. ഇങ്ങനെ നല്‍കുമ്പോള്‍ ആശുപത്രി അധികൃതര്‍ ഇന്‍ഷൂറന്‍സ് കമ്പനിയെ വിവരം അറിയിക്കും. ഇക്കാര്യത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ കാഷ്‌ലെസ് ചികില്‍സയ്ക്ക് അനുമതി നല്‍കണം എന്നാണ് ഐആര്‍ഡിഎ നിര്‍ദ്ദേശിച്ചിട്ടുള്ളത്. അനുമതി ഇല്ലെങ്കില്‍ നിരസിച്ചു കൊണ്ടുള്ള കത്തും നല്‍കണം. കാഷ്‌ലെസിന് അനുമതി ലഭിക്കാതെ വന്നാലോ ഇത്തരം സൗകര്യം ഇല്ലാത്ത ആശുപത്രിയില്‍ ചികില്‍സ തേടേണ്ടി വന്നാലോ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളുമായി റീ ഇമ്പേഴ്‌സ്‌മെന്റ് അപേക്ഷ നല്‍കാനാവും. 

പോളിസി രേഖ കയ്യില്‍ കരുതിയാല്‍ സൗകര്യമാകും

ആശുപത്രിയിലേക്കു പോകുമ്പോള്‍ ഇന്‍ഷൂറന്‍സ് പോളിസിയും കാഷ്‌ലെസ് കാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കില്‍ അതും ആധാര്‍ കാര്‍ഡും കരുതുന്നത് നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കും. ഇന്‍ഷൂറന്‍സ് രേഖ കൈവശമില്ലാത്തത് ഇന്‍ഷൂറന്‍സ് കവറേജ് ഉണ്ടായിട്ടും അതിന്റെ ഗുണങ്ങള്‍ നേടാനാവാത്ത സ്ഥിതി പലര്‍ക്കും ഉണ്ടാക്കാറുണ്ട്. അതു പോലെ തന്നെ കാഷ്‌ലെസ് അല്ലാതെ പിന്നീട് ക്ലെയിം അപേക്ഷ നല്‍കേണ്ട സാഹചര്യത്തില്‍ ചികില്‍സയും ചെലവും സംബന്ധിച്ച രേഖകള്‍ കൃത്യമായി നല്‍കേണ്ടി വരും. ഇതിനായുള്ള രേഖകള്‍ ഡിസ്ചാര്‍ജ് സമ്മറിയോടൊപ്പം കൃത്യമായി വാങ്ങണം. ഇപ്പോഴത്തെ കോവിഡ് പശ്ചാത്തലത്തില്‍ പിന്നീട് അവ വാങ്ങാനായി ആശുപത്രിയില്‍ പോകുന്നതും രേഖകള്‍ നേടുന്നതുമെല്ലാം പ്രായോഗിക ബുദ്ധിമുട്ടുള്ളതായിരിക്കും.

English Summary : Insurance Claim for Covid Treatment in Home is Possible, Keep These Things in Mind

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA