ADVERTISEMENT

കോവിഡ് രണ്ടാം തരംഗം അവസാനിക്കും മുമ്പേ നാം മൂന്നാം തരംഗത്തിന്റെ ഭീഷണിയിലാണ്. ഈ സാഹചര്യത്തില്‍ വ്യക്തിഗത ഹെല്‍ത്ത് ഇന്‍ഷൂറന്‍സിനേക്കാള്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തുന്ന ഫാമിലി ഫ്‌ളോട്ടര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന് പ്രാധാന്യമേറുകയാണ്. 

ഡിസ്‌പോസിബിള്‍ വസ്തുക്കള്‍, ഭക്ഷണം എന്നിവ ഒഴിവാക്കിയുള്ള ആശുപത്രി ചെലവുകള്‍ക്കാണ് ഇന്‍ഷൂറന്‍സിന്റെ പരിരക്ഷ മിക്കവാറും ലഭിക്കുക. മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കേ, കുട്ടികളെ കൂടി ഉള്‍പ്പെടുത്തുന്ന ഫാമിലി ഫ്‌ളോട്ടര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുക്കുന്നതാണ് അഭികാമ്യം. നിലവിൽ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുത്തവര്‍ അതേ പോളിസി തന്നെ ഫാമിലി ഫ്‌ളോട്ടര്‍ പ്ലാനിലേക്ക് മാറാനുള്ള അവസരമുപയോഗപ്പെടുത്തണം.

എന്തൊക്കെ ശ്രദ്ധിക്കണം?

കോവിഡ് ചികിത്സയ്ക്ക് ഇന്‍ഷൂറന്‍സ് നല്‍കുന്ന മുഴുവന്‍ മാർഗ നിര്‍ദ്ദേശങ്ങളും അറിയേണ്ടത് അത്യാവശ്യമാണ്. ഡിസ്‌പോസിബിള്‍ വസ്തുക്കളും ഭക്ഷണവും ഒഴിവാക്കിയ ശേഷം ചെലവാകുന്ന തുകയ്ക്ക് മുഴുവനും ഇന്‍ഷൂറന്‍സ് പരിരക്ഷ കിട്ടുമോയെന്നും അതിന്റെ പരിധിയും മനസിലാക്കണം. കുടുംബത്തിനൊന്നാകെ കോവിഡ് ബാധിച്ചാല്‍ പരമാവധി പരിരക്ഷ ലഭിക്കുന്ന തുക എത്രയാണെന്നും ഏതെങ്കിലും ഘട്ടത്തില്‍ ചെലവഴിക്കുന്ന തുക ഉയരാനിടയായാല്‍ പോളിസി ടോപ് അപ്പ് ചെയ്യാനുള്ള അവസരം ഉണ്ടോയെന്നും ഉറപ്പാക്കേണ്ടതുണ്ട്.  

അതുപോലെ കോവിഡ് സ്ഥിരീകരിക്കാനായി നടത്തുന്ന പരിശോധനകള്‍, ആശുപത്രിയില്‍ കഴിയാതെ വീടുകളില്‍ ചികിത്സയുമായി കഴിയുമ്പോള്‍ വരുന്ന മരുന്നുകള്‍ ഉള്‍പ്പടെയുള്ള ചെലവുകള്‍, കോവിഡാന്തര ചികിത്സയ്ക്കുള്ള ചെലവുകള്‍ എന്നിവ പോളിസിയില്‍ കവര്‍ ചെയ്യുന്നുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണം. കൂടാതെ പോളിസി ആജീവനാന്തം പുതുക്കാന്‍ കഴിയുന്നതുമായിരിക്കണം. 

കമ്പനി ക്ലെയിം തീര്‍പ്പാക്കിയതിന്റെ കണക്കുകള്‍ പരിശോധിച്ച ശേഷമേ ഏതു കമ്പനിയുടെ പോളിസി എടുക്കണമെന്ന് തീരുമാനിക്കാവൂ. മാത്രമല്ല ആരോഗ്യസ്ഥിതിയെ കുറിച്ചുളള വിവരങ്ങള്‍ മറച്ചുവെക്കരുത്. നിലവിലുള്ള അസുഖങ്ങള്‍ മറച്ചുവെച്ച് പോളിസി എടുത്താല്‍ പിന്നീട് ആനുകൂല്യങ്ങൾ നഷ്ടപ്പെടും.

കോവിഡാനന്തര ചികിത്സയ്ക്കും പരിരക്ഷ

കോവിഡാനന്തര ചികിത്സയ്ക്കും മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുമോയെന്നത് പോളിസി എടുക്കും മുമ്പ് ഉറപ്പാക്കണം.  ഇക്കാര്യത്തില്‍ ഡിസ്ചാര്‍ജ് ഷീറ്റ് നിര്‍ണായക രേഖയായിരിക്കും. മരുന്നുകളുടെയും തുടര്‍നടപടികളുടെയും വിശദാംശങ്ങളെല്ലാം ഈ രേഖയിലായിരിക്കും. റീ ഇംബേഴ്‌സ്‌മെന്റ് ക്ലെയിമായി അധികം വൈകാതെ ഇത് ഫയല്‍ ചെയ്യേണ്ടി വരും. ചെറിയ തുകയുടെ പരിരക്ഷയാണ് ലഭിക്കുന്നതെങ്കില്‍ നിലവിലെ ഇന്‍ഷൂറന്‍സ് ടോപ് അപ്പ് ചെയ്യുകയോ അധിക പരിരക്ഷയ്ക്കായി ഓരോരുത്തര്‍ക്കും ഇണങ്ങുന്ന കോവിഡ് ഇന്‍ഷൂറന്‍സ് അധികമായി എടുക്കുകയോ ആവാം.

പുതിയ പോളിസികള്‍

ഐആര്‍ഡിഎഐയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ലളിതമായ നിരവധി കൊറോണ ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ പോളിസികള്‍ പുതുതായി നിലവില്‍ വന്നിട്ടുണ്ട്. സര്‍ക്കാര്‍ ഐസോലേഷന്‍ സൗകര്യങ്ങളില്‍ കഴിയേണ്ടി വന്നാല്‍ ഇന്‍ഷുറന്‍സ് തുകയുടെ ഒരു ഭാഗം മുന്‍കൂര്‍ ലഭിക്കും. കൊറോണ ടെസ്റ്റ് ഫലം പോസിറ്റീവ് ആണെങ്കില്‍ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും ക്ലെയിം ചെയ്യാം. ഇന്‍ഷുറന്‍സ് കമ്പനികളുടെ വെബ്സൈറ്റുകളിലൂടെയും യുപിഐ പെയ്‌മെന്റ് ആപ്പിലൂടെയും ഓണ്‍ലൈനായി പോളിസി എടുക്കാവുന്നതാണ്.

English Summary : Know the Details Before Taking Health Insurance Policy for Covid Protection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com