ADVERTISEMENT

ജീവിതകാലത്തെ അധ്വാനം മുഴുവനും  അതിനുമുകളിൽ വായ്പയുമെടുത്താണ് ഭൂരിഭാഗം മലയാളികളും വീടുകൾ പണിയുന്നത്. എന്നാൽ  പെട്ടെന്നുള്ള പേമാരി, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ഭൂമികുലുക്കം  പോലുള്ള അപകടസാധ്യതകളെ മുൻകൂട്ടിക്കണ്ട് എത്രപേർ വീടിന്  ഇൻഷുറൻസ് എടുത്തിട്ടുണ്ട്?  2018 ലെ വെള്ളപ്പൊക്കത്തിൽ ഇൻഷുറൻസ് എടുത്തിരുന്നവർക്ക് കണ്ണീരൊഴുക്കേണ്ടിവന്നില്ല എന്നതും നാം കണ്ടതാണ്. എന്നിട്ടും  നമ്മൾ വീടുകൾ ഇൻഷുർ ചെയ്തില്ലെങ്കിൽ, ഇതുവരെയുണ്ടാക്കിയ സമ്പാദ്യം മാത്രമല്ല ഭാവിയിലേക്ക് സ്വരുക്കൂട്ടി വച്ചിരിക്കുന്നത് കൂടി ഒറ്റ രാത്രിയിൽ അപ്രത്യക്ഷമായേക്കാം. അത് നമ്മുടെ സാമ്പത്തികസ്ഥിതിയെ മാത്രമല്ല അടുത്ത തലമുറയുടെ സാമ്പത്തിക അടിത്തറയെയും ഉലയ്ക്കുവാൻ പോന്നതാണ്.    

ഇൻഷുറൻസ് എന്തെല്ലാം കവറേജ് നൽകും?

എന്നാൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ, സാധാരണ രീതിയിൽ നമുക്കുണ്ടായ സാമ്പത്തിക നഷ്ടങ്ങളെങ്കിലും നികത്തുവാൻ  സാധിക്കും.  വീടിനു മാത്രമായോ, വീടിനുള്ളിലെ വസ്തുക്കൾക്കോ, അല്ലെങ്കിൽ വസ്തുക്കൾ ഉൾപ്പെടെ വീടിനും നമുക്ക് ഇൻഷുറൻസ് എടുക്കാവുന്നതാണ്. ഓരോ വസ്തുക്കളുടെയും മൂല്യമനുസരിച്ചുള്ള ഇൻഷുറൻസും ഉണ്ട്. ദീർഘകാലത്തേക്കു ഒരുമിച്ചോ അതല്ലെങ്കിൽ ഒരു വർഷത്തേക്ക് മാത്രമോ ആയി വീട് ഇൻഷുർ ചെയ്യാവുന്നതാണ്. കളവ്, തീപിടുത്തം, വെള്ളപൊക്കം, ഇടിമിന്നൽ എന്നിവയെല്ലാം ഇൻഷുറൻസ് കവറേജിൽപെടുത്താവുന്നതാണ്. എന്തെങ്കിലും അത്യാഹിതം വന്നാൽ പണമായി ഇൻഷുറൻസ് തുക ലഭിക്കുന്നതിനാൽ വീടിനോ, മറ്റ് വസ്തുക്കൾക്കോ പറ്റിയ അറ്റകുറ്റപണികൾ പെട്ടെന്ന് ചെയ്യുവാൻ സാധിക്കും. നമ്മുടെ വീട് മറ്റൊരാളുടെ വസ്തുവിലേക്കു വീണുപോയാൽ പോലും വീടിന്  ഇൻഷുറൻസ് ഉണ്ടെങ്കിൽ അത് നമുക്ക് നിയമപരമായ സംരക്ഷണവും തരും. 

30 വർഷത്തേക്ക് ഒരുമിച്ചുള്ള ഇൻഷുറൻസ്

വീടിനു മാത്രമായാണ്  ഇൻഷുറൻസ് എടുക്കുന്നതെങ്കിൽ   30 വർഷത്തേക്ക് വരെ ഒരുമിച്ചുള്ള ഇൻഷുറൻസ് എടുക്കുവാനാകും(വർഷാവർഷം പുതുക്കാവുന്ന ഇൻഷുറൻസും ഉണ്ട്). വീട്ടിലെ സാധനങ്ങൾക്ക്  5 വർഷം വരെയും ഇൻഷുറൻസ് എടുക്കാം. ഇൻഷുറൻസ് കമ്പനികൾ തീവ്രവാദ ആക്രമണത്തിന് പോലും ഇൻഷുറൻസ് നൽകുന്നുണ്ട്. വീട് ഇൻഷുറൻസിന് പ്രീമിയം തുക കുറവാണ്. അതുകൂടാതെ നഷ്ടപരിഹാരം ലഭിക്കുവാനുള്ള നടപടിക്രമങ്ങൾ താരതമ്യേന ലളിതവുമാണ്. വീടിന്റെ മൂല്യവും,  പഴക്കവുമനുസരിച്ച് ഇൻഷുറൻസ് വ്യത്യാസപ്പെട്ടിരിക്കും. വീട്ടുടമക്ക് മാത്രമല്ല, വാടകക്കാരനും എടുക്കാവുന്ന തരത്തിലുള്ള ഇൻഷുറൻസുകളുണ്ട്. ബജാജ് അലയൻസ്, ഭാരതി എ എക്സ്  എ , ചോളമണ്ഡലം, ഫ്യൂച്ചർ ജനറലി, ഇഫ്‌കോ ടോക്കിയോ, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയന്റൽ , റിലയൻസ്, റോയൽ സുന്ദരം, എസ് ബി ഐ, ശ്രീറാം ജനറൽ തുടങ്ങിയ കമ്പനികളെല്ലാം ഹോം ഇൻഷുറൻസ് നൽകുന്നുണ്ട്. 

ഈ താരതമ്യങ്ങൾ നടത്തുക

ഏത് കമ്പനിയുടെ ഇൻഷുറൻസ് തിരഞ്ഞെടുക്കണമെന്നത് തീരുമാനിക്കാനായി ചില താരതമ്യങ്ങൾ നടത്തേണ്ടതുണ്ട്. പ്രീമിയം അടക്കേണ്ട തുക ആദ്യം പരിശോധിക്കണം. എന്തിനൊക്കെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നുള്ളതും നോക്കണം. മുൻപ് വെള്ളപൊക്കം പോലുള്ള ദുരന്തങ്ങൾ വന്നപ്പോൾ യഥാസമയം കൃത്യമായി ഇൻഷുറൻസ് നൽകിയ കമ്പനികളെ തിരഞ്ഞെടുക്കുക. അറിയപ്പെടുന്ന, വിശ്വാസ്യതയുള്ള കമ്പനിയാണോയെന്ന് പരിശോധിക്കണം. എന്തൊക്കെ കാര്യങ്ങൾ അവർ ഒഴിവാക്കുന്നുണ്ടെന്ന് പരിശോധിക്കണം. വീടിന്റെ പഴക്കം കൊണ്ടുണ്ടാകുന്ന തേയ്മാനത്തിനും, യുദ്ധം പോലുള്ള സമയങ്ങളിലും പൊതുവെ പല  കമ്പനികളും ഇൻഷുറൻസ് നൽകാറില്ല. 

home-insurance

എങ്ങനെ ഇൻഷുറൻസ് എടുക്കാം? 

നേരിട്ട് ഓഫീസിൽ പോയോ, ഓൺലൈൻ ആയോ  ഹോം ഇൻഷുറൻസ് എടുക്കുവാനാകും. അതിനായുള്ള വിവരങ്ങൾ നൽകുവാനുള്ള കാല്‍കുലേറ്ററുകൾ ഓൺലൈനിൽ ലഭ്യമാണ്. ഓൺലൈൻ ആയി എടുക്കുന്നതിനു തിരഞ്ഞെടുത്ത കമ്പനിയുടെ വെബ്സൈറ്റിൽ പോയി 

∙ ഓൺലൈൻ ആയി വാങ്ങുക എന്ന ലിങ്കിൽ അമർത്തുക 

∙സ്വന്തമായുള്ള വീടാണോ, വാടക വീടാണോ എന്നത് കൊടുക്കുക 

∙വീടിനു മാത്രമാണോ, അല്ലെങ്കിൽ സാധനങ്ങൾക്കുകൂടെ ഇൻഷുറൻസ് വേണമോയെന്ന് തീരുമാനിക്കുക. 

∙വീടിരിക്കുന്ന സ്ഥലം ഏതാണെന്ന വിവരങ്ങൾ കൊടുക്കുക 

∙എത്ര വർഷം  പഴക്കമുള്ള വീടാണെന്നത് കൊടുക്കുക 

∙പേഴ്സണൽ വിവരങ്ങളും, ഫോൺ നമ്പറും നൽകുക

ഇത്രയും വിവരങ്ങൾ നൽകിയാൽ പ്രീമിയം എത്രയാണെന്ന് കാണിക്കും. വീണ്ടും കൊടുത്ത വിവരങ്ങൾ ശരിയാണോയെന്ന് പരിശോധിച്ചശേഷം, പണമടക്കുക. 

നഷ്ടപരിഹാരത്തിന് അപേക്ഷിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? 

വീടിന് ഉണ്ടായ കൃത്യമായ നഷ്ടങ്ങൾ തിട്ടപ്പെടുത്തി കഴിയുമെങ്കിൽ ഫോട്ടോ സഹിതം വിവരങ്ങൾ രേഖപ്പെടുത്തണം. കള്ളൻ കയറിയതുമായി ബന്ധപ്പെട്ടുള്ള  ഇൻഷുറൻസിന്  അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എഫ് ഐ ർ രജിസ്റ്റർ ചെയ്തിരിക്കണം. പല ഇൻഷുറൻസ് കമ്പനികളും, അപകടമുണ്ടായശേഷമുള്ള  വീഡിയോ വേണമെന്ന് ഇപ്പോൾ അവകാശപ്പെടുന്നുണ്ട്.  ഇൻഷുറൻസ് അവകാശപ്പെടുമ്പോൾ, കെട്ടിടം ശരിയാക്കാനാകുന്ന കൂലികൂടെ ഉൾപ്പെടുത്തുക. പ്രശ്നങ്ങൾ ഉണ്ടായാൽ ഒരു നിശ്ചിത സമയ പരിധിക്കുള്ളിൽ തന്നെ ഇൻഷുറൻസ് ഓഫീസിൽ റിപ്പോർട് ചെയ്യണം. ക്ലെയിം ഫോറം തരം തിരിച്ചു പൂരിപ്പിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക കുറയുവാൻ സാധ്യതയുണ്ട്.  

ഇൻഷുറൻസ് കമ്പനിയിൽ ക്ലെയിം ഫോറം സമർപ്പിച്ചാൽ അവർ നഷ്ടം തിട്ടപ്പെടുത്തുവാൻ ഒരു ഓഫീസറെ അനേഷണത്തിനായി വിടും.  അയാളുടെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും കമ്പനി ഇൻഷുറൻസ് നൽകുക. സുരക്ഷിതമായല്ല  വീട്ടുകാർ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെങ്കിൽ അതുമൂലമുണ്ടാകുന്ന  തീപിടുത്തത്തിന് ഇൻഷുറൻസ് ലഭിക്കുകയില്ല. 

എങ്കിൽപ്പിന്നെ മനഃസമാധാനമാണ് ജീവിതത്തിൽ ഏറ്റവും വലുതെന്ന് മേനിപറയുന്ന നമുക്ക് അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽനിന്നും മറ്റു അത്യാഹിതങ്ങളിൽനിന്നും  രക്ഷപ്പെടുവാൻ  ഇനിയെങ്കിലും വീടിന് വേണ്ടി ഒരു  ഇൻഷുറൻസ് എടുത്ത് ഭാവി സുരക്ഷിതമാക്കികൂടെ?

English Summary : All the Details of How to Take a Home Loan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com