ADVERTISEMENT

സർക്കാർ ജീവനക്കാര്‍ക്കും പെൻഷൻകാർക്കും സർക്കാറിന്റെ നവവത്സര സമ്മാനമായി 'മെഡിസെപ്'.2022 ജനുവരി 1 മുതൽ തത്വത്തിൽ  പരിരക്ഷ ആരംഭിക്കും. മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നൽകി.

നിലവിലുള്ള രോഗങ്ങൾക്കുൾപ്പെടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള രോഗങ്ങൾക്ക് പണരഹിത ചികിത്സ ലഭിക്കും. അതേ സമയം ഒപി ചികിത്സ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ സർക്കാർ ജീവനക്കാർക്ക് നിലവിലുള്ള മെഡിക്കൽ റീ-ഇമ്പേഴ്സ്മെന്റ് സമ്പ്രദായം തുടരും.സർക്കാർ ആശുപത്രികളിലെയും തിരുവനന്തപുരം ആർസിസി, ശ്രീചിത്ര, മലബാർ ക്യാൻസർ സെന്റർ, കൊച്ചിൻ ക്യാൻസർ സെന്റർ ഉൾപ്പെടെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലെയും ചികിത്സയ്ക്ക് മെഡിക്കൽ റീ-ഇമ്പേഴ്സ്മെൻറ് ലഭിക്കും.

സംസ്ഥാന സർക്കാർ ജീവനക്കാർ, പാർട് ടൈം കണ്ടിജന്റ് ജീവനക്കാർ, എയ്ഡഡ് മേഖല ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലെ അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും അവരുടെ ആശ്രിതരും പദ്ധതിയുടെ പരിധിയിൽ വരും. മുൻ എംഎൽഎമാരും പദ്ധതിയുടെ ഭാഗമാകും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ / പെൻഷൻകാർ / കുടുംബപെൻഷൻകാർ എന്നിവരും പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ ,ധനകാര്യ കമ്മിറ്റികളിലെ ചെയർമാൻമാർ എന്നിവരുടെ പേഴ്സണൽ സ്റ്റാഫ് / പേഴ്സണൽ സ്റ്റാഫ് പെൻഷൻകാർ / കുടുംബ പെൻഷൻകാർ എന്നിവരും ഇവരുടെ ആശ്രിതരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.

ജീവനക്കാരുടെയും പെൻഷൻകാരുടെയും ഇൻഷൂറൻസ് പ്രീമിയം പ്രതിമാസം 500 രൂപയാണ്. എംപാനൽ ചെയ്യപ്പെട്ട പൊതു-സ്വകാര്യ ആശുപത്രികളിൽ മാത്രമേ പദ്ധതി പ്രകാരമുള്ള ചികിത്സ ലഭിക്കുകയുള്ളൂ. എന്നാൽ ജീവന് ഭീഷണി / അപകടം തുടങ്ങിയ  സാഹചര്യങ്ങളിൽ എംപാനൽ ചെയ്യപ്പെടാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും പരിരക്ഷ ലഭിക്കും.

ഓരോ കുടുംബത്തിനും മൂന്നുവർഷത്തെ പോളിസി പരിധിക്കകത്ത് പ്രതിവർഷം 3 ലക്ഷം രൂപ നിരക്കിലുള്ള അടിസ്ഥാന പരിരക്ഷ ലഭിക്കും.ഓരോ വർഷവും നിശ്ചയിച്ചിരിക്കുന്ന 1.5 ലക്ഷം രൂപ വിനിയോഗിക്കാതെ വന്നാൽ അതു നഷ്ടമാകും. ഫ്ളോട്ടർ തുകയായ 1.5 ലക്ഷം രൂപ തുടർന്നുള്ള വർഷങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. പൊതുമേഖലാ ഇൻഷൂറൻസ് കമ്പനിയായ ഓറിയന്റൽ ഇൻഷൂറൻസ് കമ്പനിയെയാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല ഏല്പിച്ചിരിക്കുന്നത്.

പെൻഷൻകാരുടെ ആശ്രിതരായി പങ്കാളിയെ മാത്രമേ ഉൾപ്പെടുത്താനാകൂ .ഈ തീരുമാനം പെൻഷൻകാർക്കിടയിൽ അമർഷത്തിനു കാരണമായിട്ടുണ്ട്. ജനുവരി 1 മുതൽ തത്വത്തിൽ പദ്ധതി ആരംഭിക്കുമെങ്കിലും നടപടി ക്രമങ്ങൾ വൈകുന്നതിനാൽ ആശുപത്രികളിൽ കാഷ് ലെസ്, റീ-ഇംബേഴ്സ്മെന്റ് സൗകര്യം ലഭിക്കാൻ രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വന്നേക്കും.

English Summary: Medisep will Launch in January

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com