ഹെല്‍ത്താണ് ഏറ്റവും വലിയ വെല്‍ത്തെന്നെല്ലാമാണ് ചൊല്ല്. എങ്കിലും പ്രായം കൂടുന്തോറും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ കൂടുകയാണ് പതിവ്. ആരോഗ്യം എത്ര പരിപാലിക്കാമെന്ന് വിചാരിച്ചാലും കാര്യങ്ങളൊന്നും നിശ്ചയിച്ച പോലെ നടക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ ഏറ്റവും പ്രധാനമാണ് വീട്ടിലെ മുതിര്‍ന്നവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്.
ചികില്‍സാചെലവുകള്‍ ഓരോ വര്‍ഷം തോറും റോക്കറ്റ് വേഗത്തില്‍ കൂടുമ്പോള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയില്ലെങ്കില്‍ കാര്യങ്ങളാകെ അവതാളത്തിലാകും. പലര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ പോലും കൈയില്‍ നിന്നും കാശ് ചെലവിടേണ്ട അവസ്ഥയും വരും. ഇത് എടുക്കുന്ന പോളിസിയെക്കുറിച്ച് വ്യക്തമായി മനസിലാക്കാത്തതിനാലാണ്. സീനിയര്‍ സിറ്റിസണ്‍സിനായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയെടുക്കും മുമ്പ് ഇക്കാര്യങ്ങളെല്ലാം നിര്‍ബന്ധമായും ശ്രദ്ധിക്കണം.

വയസും പോളിസി പുതുക്കലും
60 വയസെല്ലാം കഴിഞ്ഞ് പുതിയൊരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനാല്‍ തന്നെ നിലവില്‍ പോളിസിയുണ്ടെങ്കില്‍ അത് ലാപ്‌സാകാന്‍ അനുവദിക്കാതെ കൃത്യസമയത്ത് പുതുക്കണം. ചില കമ്പനികള്‍ പോളിസി പുതുക്കലിന് പരമാവധി പ്രായപരിധി വയ്ക്കാറുണ്ട്. അതിനാല്‍ ആജീവനാന്ത റിന്യൂവല്‍ ഓപ്ഷനുള്ള പോളിസി മാത്രമേ എടുക്കാവൂ. 60 കഴിഞ്ഞാണ് പോളിസി എടുക്കുന്നതെങ്കില്‍ പ്രായപരിധി പരമാവധിയുള്ള പോളിസികള്‍ തെരഞ്ഞെടുക്കുക.
ഒഴിവാക്കലുകള്‍ ശ്രദ്ധിക്കുക
ചികില്‍സാ ചെലവുകളില്‍ നിന്ന് ചില കാര്യങ്ങളെ സ്ഥിരമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ ഒഴിച്ചുനിര്‍ത്തിയിട്ടുണ്ടാകും. നിങ്ങള്‍ക്ക് നേരത്തെയുള്ള ആരോഗ്യപ്രശ്‌നങ്ങളായിരിക്കാം അത്. ഏതെല്ലാമാണ് ആ പട്ടികയിലുള്ളതെന്ന് മനസിലാക്കണം. നിങ്ങള്‍ക്ക് നിലവിലുള്ള അസുഖം ആ ലിസ്റ്റില്‍ ഇല്ലെന്ന് ഉറപ്പിക്കണം. ഒഴിവാക്കലുകളുടെ എണ്ണം തീരെ കുറവുള്ള പോളിസികള്‍ പരിഗണിക്കുക.
പോക്കറ്റില്‍ നിന്ന് പൈസ പോകരുത്
മൊത്തം ചികില്‍സാ ചെലവിന്റെ ഒരു ഭാഗം ഉപഭോക്താവും വഹിക്കണം എന്ന നിബന്ധനിയിലാകും ചില കമ്പനികള്‍ സീനിയര്‍ സിറ്റിസണ്‍സിന് ഹെല്‍ത്ത് പോളിസി നല്‍കുക. ഇതിനെ കോ-പേമെന്റ് എന്നാണ് വിളിക്കുക. ഇങ്ങനെ ഒരു ഓപ്ഷന്‍ ഇല്ലാത്ത ആരോഗ്യ പോളിസി മാത്രമേ നിങ്ങള്‍ തെരഞ്ഞെടുക്കാവൂ. ഇല്ലെങ്കില്‍ പോളിസിയെടുത്ത ശേഷവും പോക്കറ്റില്‍ നിന്ന് പൈസ പോകും.
English Summary: Health insurance for senior citizens things to know