ADVERTISEMENT

ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐ പി ഒ വരുന്നതിന് നോക്കിയിരിക്കുകയാണ് ചെറുകിട നിക്ഷേപകരും, എൽ ഐ സി പോളിസിയുള്ളവരും. 53,500 കോടി മുതൽ 93,625 കോടിവരെയാണ് ഐ പി ഒയിലൂടെ  സമാഹരിക്കുവാൻ ഉദ്ദേശിക്കുന്ന തുക. പോളിസി ഉടമകൾക്ക് ഐ പി ഓയിൽ പങ്കെടുക്കാൻ സാധിക്കും. കാലഹരണപ്പെട്ട  പോളിസി ഉടമകൾക്കും (പോളിസി ലാപ്സായവർക്കും) എൽ ഐ സി ഐ പി ഓയിൽ പങ്കെടുക്കാൻ സാധിക്കും. പോളിസി ഉടമകൾക്ക് ഡിസ്‌കൗണ്ട് വിലക്ക് ഐ പി ഓകൾ  ലഭിക്കുമെന്നും സ്ഥിരീകരിക്കപ്പെടാത്ത വാർത്തകളുണ്ട്. 316 ദശലക്ഷം ഓഹരികളാണ് വിറ്റഴിക്കുവാൻ ഉദ്ദേശിക്കുന്നത്. ആഗോള തലത്തിൽ തന്നെ ഇൻഷുറൻസ് വ്യവസായത്തിലെ രണ്ടാമത്തെ വലിയ ഐ പി ഒ ആയിരിക്കും ഇത്. ഉയർന്നു നിൽക്കുന്ന ബജറ്റ് കമ്മി കുറക്കുക എന്നതാണ്  എൽ ഐ സി യുടെ വിൽപ്പനയിൽ നിന്നും കേന്ദ്ര സർക്കാർ ലക്‌ഷ്യം വക്കുന്നത്. എന്നാൽ ദശലക്ഷക്കണക്കിന് പോളിസികൾ വിറ്റഴിച്ചിട്ടുള്ള എൽ ഐ സി യുടെ മൂല്യം കണക്കാക്കുകയെന്നത് കേന്ദ്ര സർക്കാരിന് തലവേദനയുണ്ടാക്കുന്ന  ഒരു പണിയാണ്.അതു കൂടാതെ എൽ ഐ സി - ഐ പി ഓയുമായി വരുമ്പോൾ ചില  കോണുകളിൽനിന്നും വിമർശങ്ങൾ  ഉയരുന്നുണ്ട്.  ആഗോളതലത്തിലെ പ്രശ്നങ്ങൾ  മൂലം ഓഹരി വിപണി താഴ്ന്നിരിക്കുന്ന സമയത്ത് അവതരിപ്പിക്കുന്ന ഐ പി ഒയുടെ വിജയ സാധ്യതയും പലരും ചോദ്യം ചെയ്യുന്നുണ്ട്. പ്രധാനമായും ഉയരുന്ന ആരോപണങ്ങൾ ഇവയാണ്ഛ 

ഐ പി ഒ പങ്കാളിത്തം 

ഇന്ത്യയിലെ ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രം പേർക്കാണ്  ഓഹരിവിപണിയിൽ പങ്കാളിത്തമുള്ളത് . അതായതു ബഹുഭൂരിപക്ഷത്തിനും എൽ ഐ സി ഓഹരികൾ കിട്ടില്ലായെന്നർത്ഥം. സമ്പന്നരെ വീണ്ടും സമ്പന്നരാക്കുന്ന ഇതിന്റെ ധാർമികത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പോളിസി ഉടമകൾക്ക് ഓഹരികൾ നീക്കിവച്ചിട്ടുണ്ടെന്നു പറയുമ്പോഴും അതും കൂടുതൽ പണം മുടക്കാൻ തയ്യാറാകുന്ന  പണക്കാരായ പോളിസി ഉടമകളുടെ  പോക്കറ്റിലേക്ക് തന്നെയായിരിക്കും ഒഴുകുക. പാവപ്പെട്ടവർക്ക് ഇപ്പോഴും ഓഹരി വിപണിയും ഡീമാറ്റ് അക്കൗണ്ട് എടുക്കലും 'അന്യഗ്രഹത്തിലെ' കാര്യങ്ങളാണ്. 

lic-1

നഷ്ടപരിഹാര നയങ്ങൾ 

പല ഇൻഷുറൻസ് കമ്പനികളും നഷ്ടപരിഹാരം നിസാര കാരണകൾ കൊണ്ട് പോലും കൊടുക്കാതിരിക്കുമ്പോഴും എൽ ഐ സി പോളിസികൾ പരമാവധി നഷ്ടപരിഹാരം പ്രകൃതി ദുരന്തങ്ങളുടെ സമയത്തു പോലും  നൽകിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ കോർപ്പറേറ്റ് ഭരണ മികവും എല്ലാ വർഷവും എൽ ഐ സി കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ പല സ്വകാര്യ കമ്പനികളും നിസാര കാരണങ്ങൾ വരെ ഉയർത്തി നഷ്ടപരിഹാരം പോലും നൽകാറില്ല. എൽ ഐ സിയുടെ നയങ്ങൾ ഐ പി ഒക്കുശേഷം മാറില്ല എന്ന് പറയുമ്പോഴും, പൊതുമേഖലയിൽ നിന്നും പതുക്കെ മാറുന്നതുകൊണ്ടു സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ വഴിയേ പോകുമോയെന്ന് കണ്ടറിയാം. 

പ്രതിച്ഛായ 

ആദായ നികുതി, ജി എസ് ടി, ബോണസ് വരുമാനം എന്നിവ കേന്ദ്ര സർക്കാരിന് കൈമാറുന്ന കാര്യത്തിലും എൽ ഐ സി എന്നും മുൻപന്തിയിലായിരുന്നു. അതുകൊണ്ടുതന്നെ ലാഭത്തിലോടുന്ന എൽ ഐ സിയുടെ ഓഹരികൾ മറ്റുള്ളവർക്ക് കൈമാറുന്ന പ്രവർത്തിയെ  ജീവനക്കാരും എതിർക്കുന്നുണ്ട്. 

'ജനങ്ങളുടെ ക്ഷേമത്തിനായി ജനങ്ങളുടെ പണം' എന്ന ആശയം മുൻ നിറുത്തി വന്ന ഒരു സ്ഥാപനം ഇപ്പോൾ എങ്ങനെ ഇതിനോട് ധാർമികത പുലത്തുമെന്നതും ഇതിനോടനുബന്ധിച്ച് ഉയരുന്ന  മറ്റൊരു ചോദ്യമാണ്. സ്വകാര്യ ഇൻഷുറൻസ് പോളിസികൾക്ക് ഇപ്പോഴും വിലകൂടിയിരിക്കുന്ന ഇന്ത്യ പോലുള്ള  രാജ്യത്ത് ഒരു ബദൽ സംവിധാനം പോലുമില്ലാതെ പെട്ടെന്നുള്ള പൊതുമേഖലാ ഭീമന്റെ വിറ്റൊഴിയൽ ഉണ്ടാക്കിയേക്കാവുന്ന സാങ്കേതിക പ്രശ്നങ്ങൾ  സംബന്ധിച്ചുള്ള പഠനങ്ങൾ നടത്തിയിട്ടില്ല. രാജ്യത്തിന്റെ വികസനത്തിനായി എൽ ഐ സി  ഓരോ വർഷവും, നല്ലൊരു തുക  കേന്ദ്ര സർക്കാരിന് കൈമാറുന്നുണ്ട്. അതിന്റെ ഭാവിയും ഇപ്പോൾ ചോദ്യംചെയ്യപ്പെടുന്നു. സർക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതികൾ  കാര്യക്ഷമമായി നടത്തുന്ന രാജ്യമാണെങ്കിൽ പൊതുമേഖലാ കമ്പനിയുടെ ഐ പി ഒ ഇത്തരമൊരു പ്രശ്നവും ഉയർത്തില്ലായിരുന്നു.ഐ പി ഓക്ക് ശേഷം  കേന്ദ്ര സർക്കാരിന് വർഷാവർഷം എൽ ഐ സി യില്‍ നിന്നു  ലഭിക്കുന്ന വിഹിതം കുറയാനേ  ഇത് ഇടയാക്കുകയുളളൂ .

തൊഴിൽ നഷ്ടം 

ഐ പി ഓക്ക് മുന്നോടിയായി എൽ ഐ സിയുടെ പോളിസികൾ വിറ്റഴിക്കുന്നതിനായി പോളസി  ബസാറുമായി ചേർന്ന് ഓൺലൈൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കാലാകാലങ്ങളായി എൽ ഐ സി ഏജന്റുമാർ വീടുകൾ കേന്ദ്രീകരിച്ച് നടത്തിയിരുന്ന എൽ ഐ സി പോളിസികളുടെ വില്പന ഓൺലൈൻ ആകുന്നതോടെ ഏജന്റുമാരുടെ സ്ഥാനം ഓൺലൈൻ കമ്പനികൾ കൈയടക്കുകയാണ്.  ഗ്രാമങ്ങളിൽ പോലും നല്ല വേരുകളുള്ള എൽ ഐ സി ഏജന്റുമാർക്ക് കാലംമാറുന്നതിനനുസരിച്ച് പ്രവർത്തിക്കാനായില്ലെങ്കിൽ  നിലനിൽപ്പിനായുള്ള മറ്റു വഴികൾ തേടേണ്ടിവരും. 

lady-plan

നിക്ഷേപ നയങ്ങൾ 

ഇന്ത്യൻ ഓഹരിവിപണിയിലെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളിൽ അഗ്രഗണ്യരാണ് എൽ ഐ സി. 2019 -20 കാലഘട്ടത്തിൽ വിദേശ നിക്ഷേപക സ്ഥാപനങ്ങളെക്കാൾ കൂടുതൽ തുക  എൽ ഐ സി ഓഹരി വിപണിയിൽ നിക്ഷേപിച്ചുവെന്നു വാർത്തകളുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഓഹരി വിറ്റൊഴിച്ചാലും ആഭ്യന്തര  സ്ഥാപനങ്ങളുടെ പിന്തുണ മൂലം പലപ്പോഴും ഓഹരി വിപണി അത്ര താഴേക്ക് പോകാറില്ല. ഐ പി ഓക്ക് ശേഷം എൽ ഐ സി യുടെ ഇത്തരം നിക്ഷേപ നയങ്ങൾ പിന്തുടരുവാൻ പറ്റുമോയെന്നുള്ളതിൽ പലരും സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. 

ധാർമികത 

ഐ പി ഒയുടെ വിജയം ഉറപ്പാക്കാൻ വിദേശ നിക്ഷേപകരെ അനുവദിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ട്. ഇതിന്റെ പിന്നിലെ ധാർമികതയും  ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അമേരിക്കയിലെയും, ക്യാനഡയിലെയും, യൂറോപ്പിലെയും പെൻഷൻ ഫണ്ടുകൾ കൊഴുപ്പിക്കുന്നതിനായി നമ്മുടെ രാജ്യത്തു ചെലവഴിക്കേണ്ട പണം ഒഴുക്കുന്നതിലെ ധാർമികതയാണ് ചോദ്യം ചെയ്യുന്നത്. 

പാവപ്പെട്ടവർക്ക്പോലും താങ്ങാൻ പറ്റുന്ന വിധത്തിലുള്ള പോളിസികൾ നൽകിയിരുന്ന എൽ ഐ സി പോലുള്ള ഒരു സ്ഥാപനം സ്വകാര്യവൽക്കരിക്കപ്പെടുമ്പോൾ ഉണ്ടായേക്കാവുന്ന സാമൂഹ്യ പ്രശ്നങ്ങളും പല ചർച്ചകളിലും ഉയർന്നു വരുന്നുണ്ട്. അസമത്വം ഇത്ര കൂടുതലുള്ള ഒരു രാജ്യത്ത് വീണ്ടും എരിതീയിൽ എണ്ണയൊഴിക്കുന്ന ഒരു നടപടിയല്ലേ കേന്ദ്ര സർക്കാർ ബോധപൂർവം കൈകൊണ്ടത്  തോന്നും. എന്നാൽ ഓഹരി വിപണിയും, വിദേശ നിക്ഷേപകരും, ആഭ്യന്തര നിക്ഷേപകരും, മ്യൂച്ചൽഫണ്ടു ഹൗസുകളും, വലിയ ഓഹരി നിക്ഷേപകരും എൽ ഐ സിയുടെ ഐ പി ഒയെ സ്വാഗതം ചെയ്യുകയാണ്. സമ്പന്നരെ എപ്പോഴും ചേർത്തുപിടിക്കാൻ കേന്ദ്ര സർക്കാർ ബദ്ധശ്രദ്ധരാണ് എന്ന സന്ദേശം വീണ്ടും  ഇതിലൂടെ ഉദ്ഘോഷിക്കപ്പെടുന്നുണ്ട് 

വിപണി വിഹിതം

ഇൻഷുറൻസ് മേഖലയിലെ ഏറ്റവും മുന്തിയ കമ്പനിയാണ് എൽ ഐ സി യെങ്കിലും കഴിഞ്ഞ കുറെ വര്ഷങ്ങളായി വിപണി വിഹിതം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.പ്രീമിയം വരുമാനത്തിന്റെ അടിസ്ഥാനത്തിൽ എൽ ഐ സിയുടെ വിപണി വിഹിതം 68 ശതമാനത്തിൽനിന്ന് 61 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഐ പി ഒ പ്രഖ്യാപിച്ചശേഷമാണ് വിപണി വിഹിതം ഇത്ര കണ്ടു കുറഞ്ഞതെന്നതും ശ്രദ്ധേയമായ കാര്യമാണ്. പൊതുമേഖലയിൽനിന്നു ഐ പി ഒ വഴി  പതുക്കെ  മാറുന്നതുകൊണ്ടാണോ  വിപണി വിഹിതം കുറയുന്നത് എന്നതാണ് പ്രസക്തമായ   ചോദ്യം.

നിലവിലുള്ള പോളിസി ഉടമകളെ എങ്ങനെ ബാധിക്കും?

IPO

നിലവിലെ പോളിസികളെ എങ്ങനെ ഈ ഐ പി ഒ ബാധിക്കുമെന്നതിലും പൊതുജനങ്ങൾക്ക് ആശങ്കയുണ്ട്. എന്നാൽ ഇപ്പോഴുള്ള പോളിസികളെ ഐ പി ഓ ഒരുരീതിയിലും ബാധിക്കില്ലെന്ന് എൽ ഐ സി മേധാവി വ്യക്തമാക്കിയിട്ടുണ്ട്.  പൊതുമേഖലാ സ്ഥാപനമായ എൽ ഐ സി  വിറ്റഴിക്കുമ്പോൾ   പൊതുജനത്തിൽനിന്നും എംപ്ലോയീസ് യൂണിയനിൽനിന്നുമുള്ള  ആശയങ്ങൾ സ്വീകരിക്കാതെ കേന്ദ്ര സർക്കാർ  ഏകാധിപത്യപരമായി പെരുമാറുന്നുവെന്നുള്ളതും എതിർപ്പുകൾ വിളിച്ചു വരുത്തിയിരുന്നു. എൽ ഐ സി വിറ്റഴിക്കുന്നതിൽ കോടികൾ മൂല്യമുള്ള റിയൽ എസ്റ്റേറ്റ് ആസ്തികളും ഉൾപ്പെടുമോയെന്നുള്ളതിനും ഉറപ്പായിട്ടില്ല. അതുകൂടാതെ ഇപ്പോൾ എൽ ഐ സിക്ക് അധികം കിട്ടുന്ന വരുമാനത്തിൽനിന്നു 5 ശതമാനം സർക്കാരിനും, ബാക്കി 95 ശതമാനം പോളിസി എടുത്തിട്ടുള്ളവർക്കുമായാണ്  കൊടുക്കുന്നത്.അതുകാരണം ഇപ്പോൾ സ്വകാര്യ ഇൻഷുറൻസ് കമ്പനികളെക്കാൾ ഉയർന്ന ബോണസ് പോളിസി ഉടമകൾക്ക്  എൽ ഐ സി ക്ക് കൊടുക്കുവാൻ സാധിക്കുന്നുണ്ട്.  എന്നാൽ സെബിയുടെ നിയമങ്ങൾ അനുസരിക്കേണ്ടിവന്നാൽ മിച്ചം പിടിക്കുന്ന തുക ഓഹരി ഉടമകൾക്കുകൂടി വീതിച്ചു പോകും. വർഷങ്ങളായി ഇടത്തരക്കാരുടെയും മധ്യവർഗ്ഗത്തിന്റെയും ആവശ്യങ്ങളിൽ എന്നും കൂടെയുണ്ടായിരുന്ന കമ്പനി നയങ്ങൾ മാറ്റുമ്പോൾ അത് എത്രത്തോളം ജനകീയമായിരിക്കുമെന്ന ഭയവും ജനങ്ങൾക്കുണ്ട്.അതുകൊണ്ടുതന്നെ  പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിനു കൂട്ട് നിൽക്കരുത് എന്ന തരത്തിലുള്ള പ്രചരണങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമാണ്. ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ എൽ ഐ സി യുടെ ലാഭവിഹിതവും കൂടുതൽ ഓഹരികൾ കൈവശം വെക്കുന്ന  സമ്പന്നരുടെ മാത്രം  കൈകളിലേക്ക് ഒഴുകപ്പെടുന്ന ഒരു അവസ്ഥയുമുണ്ടാകും. 

ഇൻഷുറൻസ് രംഗത്തെ അതികായന്മാരെ വിറ്റൊഴിയുമ്പോൾ, സ്വകാര്യ കമ്പനികൾ ആ സ്ഥാനത്തു വൻ മരങ്ങളായി വളരുമോയെന്ന  ഭയവും ഉണ്ട്. ആർക്കും വേണ്ടാത്ത കടം കയറിയ പല കമ്പനികളെയും എൽ ഐ സി യുടെ തലയിൽ കെട്ടിവെച്ചു ബാധ്യതയിൽനിന്നും കരകയറ്റിയെടുക്കുന്ന കേന്ദ്ര  സർക്കാർ നയം ഐ പി ഒക്ക് ശേഷം എങ്ങിനെ നടപ്പാക്കും എന്നും കണ്ടറിയണം. കഴിഞ്ഞ ആറ് മാസമായി പല ഐ പി ഒകളും ഇന്ത്യൻ ഓഹരി വിപണിയിൽനിന്നും പണം സമാഹരിച്ചിട്ടുണ്ട്. ആദ്യ ദിവസങ്ങളിലെ ഉയർച്ചക്ക് ശേഷം പിന്നീട് കുത്തനെ മൂല്യം ഇടിയുന്ന സ്ഥിതിവിശേഷം പലതിലും ഉണ്ടായി. ആഗോളതലത്തിൽ പണപ്പെരുപ്പം കൂടിനിൽക്കുന്ന, എണ്ണവില റെക്കോർഡ് ഉയരത്തിലെത്തിയിരിക്കുന്ന, ഓഹരി വിപണികൾ കുത്തനെ താഴ്ന്ന ഈ സമയത്ത് എൽ ഐ സി- ഐ പി ഒയുടെ ഗതിയെന്താകുമെന്നു നോക്കിയിരുന്നു കാണണം.

English Summary : Some Truths Behind LIC IPO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com