ADVERTISEMENT

വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം വരുമെന്ന ഭയം, ജോലി പോകുമോയെന്ന പേടി തുടങ്ങി പല കാരണങ്ങളാലും ഉറക്കം നഷ്ട്ടപ്പെടാറുണ്ടോ? ജോലി ഉണ്ടെങ്കിൽ പിന്നെ ബാക്കി കാര്യങ്ങളെല്ലാം കുഴപ്പമില്ലാതെ പോകുമെന്ന് കരുതുകയാണെങ്കിൽ ഇനി മുതൽ ജോലി പോയാലുള്ള പേടി വേണ്ട. 'ജോബ് ഇൻഷുറൻസ്' എടുത്ത് ആ പേടിയെ മാറ്റി നിർത്താം. 

എന്താണ് 'ജോബ് ഇൻഷുറൻസ്'?

ജോലി നഷ്ടപ്പെട്ടാൽ ഒരു നിശ്ചിത കാലയളവിൽ സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കുന്ന ഇൻഷുറൻസാണ് 'ജോബ് ഇൻഷുറൻസ്'. വിദേശ രാജ്യങ്ങളിൽ ജോലി നഷ്ടപ്പെട്ടാൽ 'ജോബ് ഇൻഷുറൻസ്' എടുത്തിട്ടുള്ളവർക്ക് സംരക്ഷണം അല്ലെങ്കിൽ സാമ്പത്തിക സഹായം ലഭിക്കുമെങ്കിലും, ഇന്ത്യയിൽ ഈ മേഖല ഇപ്പോഴും വികസിച്ചു വരുന്നതേയുള്ളൂ.അപകടങ്ങളോ, അസുഖങ്ങളോ മൂലം ജോലി നഷ്ടപ്പെടുന്നവർക്കായിരിക്കും ഇന്ത്യയിൽ പ്രധാനമായും 'ജോബ് ഇൻഷുറൻസിന്റെ' ആനുകൂല്യം ലഭിക്കുക. 

ജോലിയിൽ തിരിമറി കാണിച്ചു കമ്പനി പുറത്താക്കിയാലോ, സ്വന്തം തെറ്റ് കൊണ്ട് പിരിച്ചു വിട്ടാലോ ഈ ഇൻഷുറൻസ് ലഭിക്കുകയില്ല. ഇന്ത്യയിൽ 'ജോബ് ഇൻഷുറൻസ്' തന്നെയായി എടുക്കാനും പറ്റില്ല. മറ്റുള്ള ഇൻഷുറൻസുകളുടെ കൂടെ ചേർത്ത് മാത്രമേ ഇതിൽ  ചേരാനും പ്രീമിയം അടക്കാനും ഇപ്പോൾ സൗകര്യമുള്ളൂ. ഗുരുതരമായ രോഗങ്ങൾക്കുള്ള ഇൻഷുറൻസിന്റെ കൂടെയോ, അല്ലെങ്കിൽ 'ഹോം ലോൺ പ്രൊട്ടക്ഷൻ' പ്ലാനിന്റെ കൂടെയോ മാത്രമേ ഇപ്പോൾ 'ജോബ് ഇൻഷുറൻസ്' ഇന്ത്യയിൽ കമ്പനികൾ നൽകുന്നുള്ളൂ. ഇന്ത്യയിൽ പ്രധാനമായും ഐ ടി മേഖലയിലെ ജോലിക്കാർക്ക് ആയിരിക്കും ഈ ഇൻഷുറൻസ് ഏറ്റവും അനുയോജ്യമാകുക. കാരണം ഐ ടി കമ്പനികളിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്നവർക്ക് പെട്ടെന്ന് പിരിച്ചു വിടലുകളോ, ശമ്പളം വെട്ടികുറക്കുകയോ ചെയ്‌താൽ ഭരിച്ച വായ്പ തിരിച്ചടവ് ഉൾപ്പടെയുള്ളതിനാൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടായിരിക്കും. ജോലി നഷ്ടപ്പെട്ടാൽ അത് ഇൻഷുറൻസ് കമ്പനിയെ അറിയിച്ചാൽ അവർ ജോലി പോകാനിടയായ സാഹചര്യത്തെക്കുറിച്ചു അന്വേഷിച്ച് സാമ്പത്തിക സഹായം നൽകും. 

'ജോബ് ഇൻഷുറൻസ്' ആർക്കുവേണ്ടി?

മാസ ശമ്പളമുള്ള വ്യക്തികൾക്കാണ് ഈ ഇൻഷുറൻസ് നൽകുക. ഇൻഷുറൻസ് എടുക്കുന്ന വ്യക്തി ജോലി ചെയ്യുന്ന കമ്പനി റജിസ്റ്റർ ചെയ്ത് നിയമവിധേയമായി പ്രവർത്തിക്കുന്ന  കമ്പനി ആയിരിക്കണം. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഈ ഇൻഷുറൻസ് ലഭ്യമല്ല. അതുപോലെ പ്രൊബേഷൻ കാലയളവിൽ ജോലി നഷ്ടപ്പെട്ടാൽ ഈ ഇൻഷുറൻസ് ലഭിക്കുകയില്ല. നേരത്തെ വിരമിക്കുകയോ, സ്വമേധയാ രാജി വെക്കുകയോ ചെയ്‌താൽ 'ജോബ് ഇൻഷുറൻസ്'  ലഭിക്കില്ല. നിലവിലുള്ള അസുഖം മൂലം ജോലി നഷ്ടപ്പെട്ടാലും ഈ ഇൻഷുറൻസ് കവറേജ് ലഭിക്കുകയില്ല. സസ്‌പെൻഷൻ, പിരിച്ചുവിടൽ, മോശം പ്രകടനമോ, വഞ്ചനയോ നടത്തിയുണ്ടാകുന്ന ജോലി നഷ്ടത്തിനും 'ജോബ് ഇൻഷുറൻസ്' ലഭിക്കില്ല. 

രേഖകൾ 

'ജോബ് ഇൻഷുറൻസിനായി, താഴെ പറയുന്ന രേഖകൾ സമർപ്പിക്കണം. 

∙ശരിയായി പൂരിപ്പിച്ച ക്ലെയിം ഫോം 

∙ജോലി പോയതിന്റെ കാരണം തെളിയിക്കുന്ന രേഖകൾ 

∙കമ്പനിയിൽനിന്നുള്ള 'പിരിച്ചുവിടൽ' ഉത്തരവ് 

∙കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പള സ്ലിപ് 

∙ഫോം 16 

∙തൊഴിലുടമയുടെ വിവരങ്ങൾ 

∙തിരിച്ചറിയൽ കാർഡ്, പ്രായം തെളിയിക്കുന്ന രേഖകൾ 

ജോബ് ഇൻഷുറൻസ് നൽകുന്ന കമ്പനികൾ 

ഇന്ത്യയിൽ തൊഴിൽ ഇൻഷുറൻസ് എന്ന സങ്കൽപം വ്യാപകമായി പ്രചാരത്തിലില്ല. അതിനാൽ വളരെ കുറച്ചു കമ്പനികൾ മാത്രമേ ഇത് നൽകുന്നുള്ളൂ. അതും മറ്റ് ഇൻഷുറൻസുകളുടെ കൂടെയാണ് നൽകുന്നത്.

എച്ച്  ഡി എഫ് സി എർഗോയുടെ ഹോം സുരക്ഷ പ്ലാൻ 

റോയൽ സുന്ദരം സേഫ് ലോൺ ഷീൽഡ് 

ഐ സി ഐ സി ഐ ലൊംബാർഡ് സെക്യൂർ മൈൻഡ്

എന്നീ പദ്ധതികളുടെ കൂടെ 'ജോബ് ഇൻഷുറൻസ്' ഇന്ത്യയിൽ ലഭ്യമാണ്. തൊഴിൽ നഷ്ടപ്പെട്ടാലും ഇൻഷുറൻസ് ഉണ്ടെങ്കിൽ, വായ്പകളും, തിരിച്ചടവുകളും മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകാനാകും. ഇൻഷുറൻസ് മൂന്ന് മാസ കാലയളവിലാണ് ലഭിക്കുന്നതെങ്കിൽ ഈ സമയത്തിനുള്ളിൽ വേറൊരു ജോലി കണ്ടുപിടിക്കണം .അതിനാൽ ഈ ഇൻഷുറൻസ് എടുക്കുന്നതിനു മുൻപ് എത്ര കാലാവധിക്ക് ഇത് ലഭ്യമാകുമെന്ന വിവരങ്ങളും പരിശോധിച്ചു ഉറപ്പിക്കുക. 

ഇന്ത്യയിലെ 'തൊഴിൽ ഇൻഷുറൻസ്' പരിമിതമായ പരിരക്ഷയാണുള്ളതെങ്കിലും, നിലവിലുള്ള  ശമ്പളത്തിന്റെ 50  ശതമാനം വരെ ഇതിൽനിന്നു ലഭിക്കും.

English Summary : Know more About Job Insurance and its coverage

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com