രാജ്യത്തെ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം ജൂലൈയില്‍ 91 ശതമാനം ഉയര്‍ന്ന് 39,078.91 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 20,434.72 കോടി രൂപയായിരുന്നു.
എല്‍ഐസി
രാജ്യത്ത് മൊത്തം 24 ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളാണ് സേവനം ലഭ്യമാക്കുന്നത്. പൊതുമേഖലയില്‍ നിന്നുള്ള ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയാണ് ഇതില്‍ ഏറ്റവും വലുത്. എല്‍ഐസിയുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം ജൂലൈയില്‍ 29,116.68 കോടി രൂപയായി ഉയര്‍ന്നതായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ എല്‍ഐസിയുടെ പുതിയ ബിസിനസ് പ്രീമിയം12,030.93 കോടി രൂപ ആയിരുന്നു. ലൈഫ് ഇന്‍ഷുറന്‍സ് വിപണിയിലെ എല്‍ഐസിയുടെ വിഹിതം 68.6 ശതമാനം ആണ്. ശേഷിക്കുന്ന 23 കമ്പനികള്‍ സ്വകാര്യ മേഖലയില്‍ നിന്നാണ്. ജൂലൈയില്‍ ഈ കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം 19 ശതമാനം ഉയര്‍ന്ന് 9,962.22 കോടി രൂപയായി. 2021 ജൂലൈയില്‍ വരുമാനം 8,403.79 കോടി രൂപയായിരുന്നു.
ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍ എല്‍ഐസിയുടെ പുതിയ പ്രീമിയം 62 ശതമാനം ഉയര്‍ന്ന് 77,317.69 കോടി രൂപയായി. സ്വകാര്യ മേഖലാ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം 39 ശതമാനം ഉയര്‍ന്ന് 35,435.75 കോടി രൂപയായി.
English Summary : New Business Premium of Life Insurance Companies Increased