ADVERTISEMENT

സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടീവായ ജയന് മാസം ഒരു ലക്ഷം രൂപ ശമ്പളമുണ്ട്. മുപ്പത്തിയഞ്ചാം വയസ്സിലാണ് ലൈഫ് പോളിസി എടുക്കുന്നത്. 100 വയസ്സുവരെ കവറേജ് ഉറപ്പു നൽകുന്ന മുൻനിര കമ്പനിയുടെ നല്ലൊരു പോളിസിയാണ് തിരഞ്ഞെടുത്തത്. ഒരു വർഷം മൂന്നു ലക്ഷം രൂപ വീതം 15 വർഷത്തേക്കു പ്രീമിയം അടയ്ക്കണം. അതായത്, മാസം ശമ്പളത്തിന്റെ 25 ശതമാനമായ 25,000 രൂപ പ്രീമിയം. വീട്ടുചെലവിനു 60,000 രൂപ നീക്കിവച്ചാൽ പിന്നെ നിക്ഷേപിക്കാൻ കാര്യമായൊന്നും ഇല്ല. ഇവിടെ മൂന്നു സാധ്യതകൾ നമുക്കൊന്നു പരിശോധിക്കാം

1. പോളിസി കാലയളവിൽ ജീവഹാനി 

പോളിസി കാലയളവിൽ ജയൻ മരിച്ചു എന്നിരിക്കട്ടെ. ഇൻഷുറൻസ് കമ്പനികൾ ലൈഫ് കവറേജായി വാർഷിക പ്രീമിയത്തിന്റെ 10 മടങ്ങാണ് സാധാരണയായി നൽകുക. അതിനാൽ, കുടുംബം ഇൻഷുറൻസ് കമ്പനിയെ സമീപിച്ചാൽ അദ്ദേഹത്തിന്റെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ വെറും 30 ലക്ഷം ആണെന്ന് അവർ അറിയിക്കും. ജയന്റെ മരണാനന്തരം ലഭിക്കുന്ന ഈ 30 ലക്ഷം രൂപ ജയന്റെ ഭാര്യ 7% റിട്ടേൺ ലഭിക്കുന്ന ഒരു സ്കീമിൽ നിക്ഷേപിച്ചു എന്നു കരുതുക. കാരണം, കുടുംബനാഥന്റെ അഭാവത്തിൽ കൂടുതൽ റിസ്കുള്ള പദ്ധതികളിൽ നിക്ഷേപിക്കാനാകില്ല.

ആരോഗ്യ പരിരക്ഷയിൽ ഒപിഡി കൂടിയുണ്ടോ? മനശാന്തി ഉറപ്പിക്കാം Read more ...

2. 15 വർഷത്തിനുശേഷം ജീവിച്ചിരുന്നാൽ 

മൂന്നു ലക്ഷം വീതം ജയൻ പോളിസി കാലയളവായ 15 വർഷവും പ്രീമിയം അടച്ചു എന്നിരിക്കട്ടെ. വർഷം‌ തോറും അടച്ച മൂന്നു ലക്ഷം രൂപ വീതം (മാസം 25,000) എങ്കിലും ജയന്റെ ജീവിതകാലം മുഴുവൻ തിരിച്ചു കിട്ടുമെന്നു കരുതുക. പക്ഷേ, ഈ തുക 15 വർഷത്തിനുശേഷമാണു കിട്ടുന്നത് എന്നതിനാൽ മൂന്നു ലക്ഷം രൂപയുടെ അന്നത്തെ യഥാർഥ മൂല്യം (മണി വാല്യു) 1.44 ലക്ഷം രൂപ (മാസം 12,000 രൂപ) മാത്രമായിരിക്കും. 5.5% വാർഷിക നിരക്കിൽ പണപ്പെരുപ്പം കണക്കാക്കുമ്പോഴാണിത്. 

∙സ്വന്തം വരുമാനത്തിന്റെ 25% ആയ 25,000 രൂപ നിക്ഷേപിച്ചിട്ടും ജയന് ആവശ്യമായ ലൈഫ് കവറേജ് കിട്ടുന്നില്ലെന്നു മാത്രമല്ല, ന്യായമായ രീതിയിൽപോലും സമ്പാദ്യം ഉറപ്പാക്കാനും കഴിയുന്നില്ല. 

3. 100 വയസ്സാകുമ്പോൾ 

നൂറു വയസ്സു വരെ ജീവിച്ചിരുന്നാൽ 3.93 കോടി രൂപ ബോണസ് ഇനത്തിൽ കിട്ടുമെന്നാണു വാഗ്ദാനം. ഇതു വളരെ വലിയ തുകയാണെന്നാണ് ഇൻഷുറൻസ് കമ്പനി പറയുന്നത്. പക്ഷേ, 65 വർഷത്തിനുശേഷം അന്നത്തെ മണി വാല്യു അനുസരിച്ച് വെറും 16.5 ലക്ഷം രൂപ മാത്രമേ ഈ 3.93 കോടി രൂപയ്ക്കു വിലയുണ്ടാകൂ. 

ജയന്റെ അനുഭവം പഠിപ്പിക്കുന്നത് 

1. ജയനു കുറഞ്ഞത് 1.5 കോടി രൂപയുടെ ലൈഫ് കവറേജ് ആവശ്യമാണ്. എങ്കിലേ നിർഭാഗ്യവശാൻ എന്തെങ്കിലും സംഭവിച്ചാലും കുടുംബത്തിന് ഇപ്പോഴത്തെ നിലവാരത്തിൽ ജീവിക്കാനാവശ്യമായ തുക ഉറപ്പാക്കാനാകൂ. 

2. നല്ലൊരു ടേം പ്ലാനാണ് ജയൻ എടുത്തിരുന്നതെങ്കിൽ 1.5 കോടി രൂപ കവറേജ് കിട്ടാനായി വർഷം 30,000 രൂപ (മാസം 2,500 രൂപ) പ്രീമിയം അടച്ചാൽ മതിയായിരുന്നു.

3. അങ്ങനെയെങ്കിൽ ലൈഫ് പോളിസിക്കായി നൽകിയ 25,000 രൂപയിൽനിന്ന് 2,500 രൂപ (ടേം പ്ലാൻ പ്രീമിയം) കുറച്ചശേഷമുള്ള 22,500 രൂപകൊണ്ട് നല്ലൊരു ഇക്വിറ്റി ഫണ്ടിൽ എസ്ഐപി ചേരാമായിരുന്നു. അതുവഴി 15–ാം വർഷം 1.15 കോടി രൂപ നേടാമായിരുന്നു.

ഈ തുക സുരക്ഷിതമായ ഒരു കൺസർവേറ്റീവ് ഹൈബ്രിഡ്  ഫണ്ടിലിട്ടാൽ ജീവിതകാലം മുഴുവൻ മാസം 83,600 രൂപ വച്ച് നേടാം. പണപ്പെരുപ്പം പരിഗണിച്ചാലും ഏതാണ്ട് 40,200 രൂപ. ഇൻഷുറൻസിൽ മാസം 12,000 രൂപ കിട്ടുന്ന സ്ഥാനത്താണിത്. അതായത് 1.15 കോടി രൂപ ഹൈബ്രിഡ് ഫണ്ടലിട്ടാൽ 

1. ഒരു വർഷത്തിനുശേഷം മാസം തോറും 83,600 രൂപ സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാനിലൂടെ (SWP) പിൻവലിക്കാം. 

2. ജീവിതകാലം മുഴുവനും അതിനുശേഷവും ഒരു കോടി രൂപയോളം അക്കൗണ്ടിൽ ഉണ്ടാകുകയും ചെയ്യും. 

റിട്ടയർമെന്റ് കിറ്റായും അപ്രതീക്ഷിതമായ ആവശ്യങ്ങൾ വന്നാൽ എമർജൻസി ഫണ്ടായും ഈ തുക ഉപയോഗിക്കാം. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഉയർന്ന സാമ്പത്തികസ്ഥിരതയും ഉറപ്പാക്കാം. താരതമ്യം കൂടുതൽ ന്യായമാക്കാൻ ജയൻ ഇൻഷുറൻസിൽ മാസം കിട്ടുന്ന 25,000 (വർഷം 3 ലക്ഷം) രൂപ തന്നെ SWP യിലൂടെ പിൻവലിക്കുന്നു എന്നു കണക്കാക്കാം. നല്ല ഫണ്ട് ആണെങ്കിൽ ഇവിടെ നൂറാം വയസ്സിൽ 350 കോടി രൂപയോളം അക്കൗണ്ടിൽ മിച്ചമുണ്ടാകും. ഇൻഷുറൻസ് കമ്പനി നൂറാം വയസ്സിൽ 3.93 കോടി രൂപ തരുമ്പോഴാണിത്. 

മലയാള മനോരമ സമ്പാദ്യം ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. 

സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറായ ലേഖകൻ വെൽത്ത് മെട്രിക്സിന്റെ സ്ഥാപകനും ചീഫ് എക്സ്ക്യൂട്ടീവ് ഓഫിസറുമാണ് 

English Summary: Things to know Before Investing in Insurance

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com