ADVERTISEMENT

തൊഴിലുടമ നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം ജീവനക്കാരന്റെ അവസാന പ്രവൃത്തി ദിവസത്തിൽ അവസാനിക്കും. എന്നാൽ, തൊഴിലുടമയുടെ ഗ്രൂപ്പ് പോളിസിയിൽനിന്ന് വ്യക്തിഗത ഇൻഷുറൻസിലേക്കു മാറുന്നതിനുള്ള ഓപ്ഷൻ കുറച്ച് ഇൻഷുറൻസ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, ഇവിടെ പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും തീരുമാനിക്കുന്നതിനുള്ള പൂർണ അധികാരം ഇൻഷുറൻസ് ദാതാവിനായിരിക്കും. അതിനാൽ, വ്യക്തിഗത പ്ലാനിലേക്കു മാറാൻ സൗകര്യം ലഭിച്ചാൽ അക്കാര്യം നിങ്ങളുടെ തൊഴിലുടമയുമായി സംസാരിച്ചു തീരുമാനിക്കണം. അധിക പ്രീമിയം അടയ്‌ക്കേണ്ടി വന്നേക്കാം. കൂടാതെ, ഗ്രൂപ്പിൽനിന്നു വ്യക്തിഗത പ്ലാനിലേക്കു മാറുന്നതിനു മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകേണ്ടിയും വരാം. 

ജോലി പോകുമ്പോൾ ആരോഗ്യ ഇൻഷുറൻസ് എങ്ങനെ പുതുക്കിയെടുക്കാം എന്നത് അറിയാത്തതിനാൽ പലരും കുടുംബത്തിനായി പുതിയ പോളിസി എടുക്കും. ഇടത്തരക്കാരെ സംബന്ധിച്ച് ഇത് അധികച്ചെലവുണ്ടാക്കും. ആ പോളിസിയിൽ മാതാപിതാക്കളെ ഉൾപ്പെടുത്താനാകാതെയും വരാം. മാത്രമല്ല, നിങ്ങളുടെ പ്രായവും കൂടിയതിനാൽ വലിയ തുക പ്രീമിയമായി വരും. പുതിയ പോളിസിയിൽ നിലവിലുള്ള രോഗങ്ങൾക്കു കവറേജ് കിട്ടാൻ വർഷങ്ങൾ കാത്തിരിക്കണം. അതുകൊണ്ട് ജോലി പോയാൽ പോക്കറ്റ് ചോർച്ച കുറയ്ക്കാൻ നിലവിലെ ജോലിയിലെ ഗ്രൂപ്പ് ഇൻഷുറൻസിനെ വ്യക്തിഗത ഇൻഷുറൻസാക്കി മാറ്റുക.

Photo:shutterstock/Kaiphotography
Photo:shutterstock/Kaiphotography

ഗ്രൂപ്പിൽനിന്ന് എങ്ങനെ മാറാം?

സ്ഥാപനത്തിന്റെ ഗ്രൂപ്പ് പോളിസിയിൽ പ്രീമിയം പൂർണമായോ ഭാഗികമായോ തൊഴിലുടമ അടയ്ക്കും. ഇവിടെ ജോലി ചെയ്യുന്നിടത്തോളം കാലം ചികിത്സ സൗജന്യമാണല്ലോ എന്നു ജീവനക്കാർക്ക് ആശ്വസിക്കാം. എന്നാൽ, ആ സ്ഥാപനം മാറിയാൽ പോളിസി സ്വന്തം പേരിൽ മാറ്റിയെടുക്കാം എന്നത് പലർക്കും അറിയില്ല. ഹെൽത്ത് കവറേജ് നഷ്ടപ്പെടും എന്നതുകൊണ്ടു മാത്രം ഒരേ കമ്പനിയിൽ തുടരുന്ന പലരുമുണ്ട്. അറിയുക ‘ഗ്രൂപ്പ് പോളിസി’ വ്യക്തിഗത പോളിസിയായി പോർട്ട് ചെയ്യാം. സ്വന്തമായി പ്രീമിയം അടച്ചു ജീവിതകാലം മുഴുവൻ കവറേജ് തുടരാം. 

ഗ്രൂപ്പ് പോളിസിയുടെ പോരായ്മകൾ

∙ജീവനക്കാരനു വ്യക്തിഗത കവറേജിൽ നിയന്ത്രണമില്ല.

∙ജോലി ഇല്ലാതായാൽ കവറേജ് അവസാനിക്കും. 

∙ഗ്രൂപ്പിൽ ആരോഗ്യമുള്ളവർക്കും ഇല്ലാത്തവർക്കും പ്രീമിയം തുല്യമായതിനാൽ തൊഴിലാളി പ്രീമിയം അടയ്ക്കുന്ന പോളിസികളിൽ ഉയർന്ന തുക അടയ്ക്കേണ്ടിവരും. എന്നാൽ, വ്യക്തിഗത പോളിസിയിൽ, രോഗമില്ലാത്ത ആളുകൾക്കു പ്രീമിയം കുറവാണ്.

 പോളിസി പോർട്ട് ചെയ്യുമ്പോൾ 

∙ഇൻഷുറൻസ് റെഗുലേറ്ററായ ഐആർഡിഎയുടെ നിർദേശം അനുസരിച്ചുള്ള നടപടികൾ പൂർത്തിയാക്കി ഗ്രൂപ്പ് പ്ലാന്‍ അതേ കമ്പനിയുടെ വ്യക്തിഗത പ്ലാനാക്കാം. 

∙വ്യക്തിഗത പ്ലാനാക്കാൻ ചില കമ്പനികൾ പ്രീ-മെഡിക്കൽ ചെക്കപ്പ് ആവശ്യപ്പെട്ടേക്കാം. 

∙പോർട്ട് ചെയ്താൽ നിശ്ചിത ദിവസങ്ങൾക്കു ശേഷമേ കവറേജ് ലഭിക്കുകയുള്ളൂ.

എങ്ങനെ മാറ്റാം ? 

∙ആദ്യം കവറേജ് തുക, ഒഴിവാക്കലുകൾ, ആനുകൂല്യങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ മുതലായവ വിലയിരുത്തി നിങ്ങൾക്ക് അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കുക. 

∙വ്യക്തിഗത പ്ലാനായി പോർട്ട് ചെയ്യാനുള്ള ഫോം പൂരിപ്പിക്കുക. നിലവിലെ പോളിസിയുടെ വിശദാംശങ്ങൾ, പ്രായത്തെളിവ്, ക്ലെയിം ചരിത്രം, മെഡിക്കൽ ചരിത്രം, മറ്റ് ഡിക്ലറേഷനുകൾ എന്നിവ കൃത്യമായി നൽകുക. 

∙കാലാവധി തീരുന്നതിന് / പുതുക്കുന്നതിന് 45 ദിവസം മുൻപ് രേഖകൾ സമർപ്പിക്കണം. 

∙ അംഗീകരിച്ചാൽ ഇൻഷുറർ പുതിയ പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും അടങ്ങിയ രേഖ നൽകും. പുതിയ പ്രീമിയം അടയ്ക്കാൻ 15 ദിവസം വരെ എടുക്കും.

വ്യക്തിഗത പ്ലാനിലേക്ക് പോർട്ട് ചെയ്താൽ 

∙നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മികച്ച പ്ലാൻ തിരഞ്ഞെടുത്താൽ ഗ്രൂപ്പ് കവറിലെക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ നേടാനാകും. 

∙ പോർട്ട് ചെയ്യുമ്പോൾ, കവറേജ് തുക വർധിപ്പിക്കാനാകും. എന്നാൽ, പ്രീമിയവും ഇതിനനുസരിച്ചു വർധിക്കാം

Photo:shutterstock/StockImageFactory.com
Photo:shutterstock/StockImageFactory.com

വിദേശത്തേക്കു  പോകുമ്പോൾ പോളിസി തുടരണോ?

ജോലിക്കോ പഠനത്തിനോ വിദേശത്തു  പോകുമ്പോൾ ഇന്ത്യയിലുള്ള  ഹെൽത്ത് പോളിസി  തുടരണമോയെന്നതു  പലർക്കും സംശയമാണ്. വിദേശത്ത് എത്ര നാൾ താമസിക്കാൻ ഉദ്ദേശിക്കുന്നു, നിലവിലെ ആരോഗ്യ‌നില, പുതിയ രാജ്യത്തു ലഭ്യമായ  ഇൻഷുറൻസ് ഓപ്ഷനുകൾ തുടങ്ങിയവ പരിഗണിച്ചു വേണം നിലവിലെ പോളിസി തുടരണോ പുതിയത് എടുക്കണോ എന്നു തീരുമാനിക്കാൻ. ഏതാനും മാസങ്ങൾ/ വർഷങ്ങൾക്കുശേഷം  മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിലവിലെ പോളിസി സൂക്ഷിക്കുന്നതാണു നല്ലത്. ഇന്ത്യയിൽ ഗ്ലോബൽ മെഡിക്കൽ ഇൻഷുറൻസ് നേടാനും വിദേശയാത്രയിൽ  കവറേജ്  ലഭിക്കാനുമുള്ള അവസരം ഉണ്ട്. പല രാജ്യങ്ങളിലും സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഗവൺമെന്റ് തന്നെ കവറേജ് നൽകും. അതുണ്ടെങ്കിൽ സ്വന്തം കവറേജിനു നിങ്ങൾ പണം മുടക്കേണ്ട.

English Summary: All About Health Insurance When Changing Jobs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com