ADVERTISEMENT

ഇന്ത്യയിൽ ഒരു കുട്ടിയെ ജനനം മുതൽ 21 വയസ്സ് വരെ വളർത്തി വലുതാക്കാൻ 1.2 കോടി രൂപ വേണമെന്നാണ് ഒരു പ്രമുഖ സാമ്പത്തിക ദിനപത്രം നടത്തിയ പഠനം സൂചിപ്പിക്കുന്നത്. എന്നാൽ കുട്ടി ഉണ്ടാകുന്നതിനു മുൻപുള്ള ചെലവുകളും കൈവിട്ടു പോകുകയാണോ? മെട്രോ നഗരങ്ങളിലെ പല ആശുപത്രികളും 'പ്രസവ പാക്കേജിന്'  2 മുതൽ 5 ലക്ഷം രൂപ വരെ ഈടാക്കുന്നുണ്ട്. വന്ധ്യതയ്ക്കുള്ള ഐ വി എഫ് പോലുള്ള ചികിത്സയ്ക്കും  ദിവസം  ചെല്ലുംതോറും  'ലക്ഷങ്ങൾ' കൂടുകയാണ്. ഗർഭധാരണം, പ്രസവം എന്നതിൽ മാത്രം  പ്രത്യേക സേവനങ്ങൾ നൽകുന്ന ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും എണ്ണവും ഇന്ത്യയിൽ കുത്തനെ കൂടുകയാണ്. ചിലർക്ക് പ്രസവത്തോടനുബന്ധിച്ച് സങ്കീർണതകൾ  ഉണ്ടാകുന്നതു കൂടി കണക്കിലെടുത്താൽ ഒരു മധ്യവർഗ കുടുംബത്തിന്റെ ബജറ്റ് തെറ്റാൻ  ഒരു പ്രസവം മതി. 

ഐ വി എഫ്

വൈകിയുള്ള വിവാഹങ്ങൾ, ഗർഭധാരണ പ്രായം കൂടുന്നത്, വർദ്ധിക്കുന്ന വന്ധ്യതാ നിരക്ക്, വരുമാനമുയരുന്നത്, വന്ധ്യതാ ചികിത്സകളെക്കുറിച്ചുള്ള കൂടുതൽ അവബോധം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളാൽ ഇൻവിട്രോ ഫെർട്ടിലൈസേഷൻ (IVF) സേവനങ്ങളിൽ ഇന്ത്യക്കാർ കാര്യമായി തന്നെ പണമൊഴുക്കുന്നുണ്ട്.  നിലവിൽ, ഇന്ത്യയിൽ ഓരോ വർഷവും ശരാശരി 2-2.5 ലക്ഷം IVF ചികിത്സകളാണ് നടക്കുന്നത്. ഇത് 5 മുതൽ 6 ലക്ഷം വരെ എത്തുമെന്നാണ് പ്രവചനങ്ങൾ.  2030-ഓടെ ഐ വി എഫ് ചികിത്സയുടെ  വിപണി മൂല്യം 372,100 കോടി ഡോളർ കവിയുമെന്നാണ് സൂചനകൾ.

വേദനയില്ലാ പ്രസവം

health-ins1

വലിയ നഗരങ്ങളിൽ 25 പ്രസവ കേസുകളെടുത്താൽ 10 പേരും വേദനയില്ലാതെ പ്രസവിക്കുന്ന രീതികളാണ് താൽപര്യപ്പെടുന്നത് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. പ്രസവസമയത്ത് അസഹനീയമായ വേദന നിയന്ത്രിക്കാനാകുന്നു,  ബിപി, പൾസ് നിരക്ക്, ഹൃദയമിടിപ്പ് എന്നിവ ഉൾപ്പെടെയുള്ള മറ്റ് ഘടകങ്ങളെ നിയന്ത്രണത്തിലാക്കാം, സുരക്ഷിതമാണ്, താരതമ്യേന  ചെലവ് കുറഞ്ഞതാണ് എന്നിവയാണ് പൊതുവെ സ്ത്രീകളെ ഈ മാർഗം അവലംബിക്കുന്നതിനു പ്രേരിപ്പിക്കുന്നത്. 5000 രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് ആശുപത്രികൾ ഇതിനു ഈടാക്കുന്നത്. ഇതുള്ള പ്രത്യേക പ്രസവ പാക്കേജ് പല ആശുപത്രികളും നൽകുന്നുണ്ട്. 

പ്രസവ പാക്കേജ് 

ഒരു ലക്ഷം മുതൽ 5 ലക്ഷത്തിന്റെ വരെ ഡെലിവറി പാക്കേജുകൾ പല വൻകിട ആശുപത്രികളും നൽകുന്നുണ്ട്. ചില കമ്പനികൾ അവരുടെ സ്ത്രീ ജീവനക്കാരെ സഹായിക്കുന്നതിനായി ഇത്തരം പാക്കേജുകൾ ഇൻഷുറൻസിനോട് ചേർത്ത്‌ കൊടുക്കുന്നു. ഇത്തരം പാക്കേജുകളിൽ അമ്മയുടെയും കുഞ്ഞിന്റെ താമസം, ഭക്ഷണം, മരുന്നുകൾ തുടങ്ങി കുഞ്ഞുടുപ്പുകളും, കളിപ്പാട്ടങ്ങളും, തൊട്ടിലുകളും വരെ ഉണ്ടാകും. പണത്തിനനുസരിച്ച്, മുറി വാടകയിലും വ്യത്യാസമുണ്ടാകും. സിസേറിയനും, സാധാരണ പ്രസവത്തിനും ഇത് പരിരക്ഷ നൽകും. കൂടുതൽ സ്ത്രീകൾ സാമ്പത്തികമായി സ്വയം പ്രാപ്തരാകുന്നത്തോടെ ഇത്തരം പാക്കേജുകൾക്കുള്ള പ്രാധാന്യവും, ഡിമാൻഡും കൂടുകയാണ്. 

മറ്റേർണിറ്റി ഇൻഷുറൻസ് 

ഓരോ ദിവസം ചെല്ലുന്തോറും ആരോഗ്യ സംരക്ഷണത്തിന്റെ ചിലവ് കുത്തനെ ഉയരുമ്പോൾ, മെറ്റേണിറ്റി കവറുള്ള ആരോഗ്യ പോളിസികൾ ആശുപത്രി  ചെലവ് ലാഭിക്കാൻ സഹായിക്കും. പണപ്പെരുപ്പം കൂടി  കണക്കിലെടുക്കുമ്പോൾ ഇപ്പോൾ  ചെലവുകൾ വളരെ ഉയർന്നതാണ്.  പ്രസവച്ചെലവുകളും നവജാത ശിശുവിന്റെ ചികിത്സാ ചെലവുകളും കണക്കിലെടുക്കുമ്പോൾ മറ്റേർണിറ്റി  പോളിസികൾ എടുക്കുന്നത് നല്ലതാണ്. എന്നാൽ പോളിസി എടുത്തു നിശ്ചിത സമയം കഴിഞ്ഞു മാത്രമേ ഇതിനു സാധുത ഉണ്ടാകുകയുള്ളൂ എന്നോർക്കണം. 9 മാസം മുതൽ 4 വർഷം വരെയാണ് ഇൻഷുറൻസ് കമ്പനികൾ ഈ കാലയളവ് നിശ്ചയിക്കുന്നത്.  

health

∙പ്രസവ പരിരക്ഷയുള്ള ആരോഗ്യ ഇൻഷുറൻസിൽ സാധാരണ പ്രസവവും സിസേറിയനും ഉൾപ്പെടുന്നു. 

∙അടിസ്ഥാന ആരോഗ്യ ഇൻഷുറൻസിനോടൊപ്പം  (കുറച്ച് അധിക തുക അടച്ചുകൊണ്ട്) ഇത് ഒരു സ്റ്റാൻഡ്-എലോൺ പോളിസിയായും ആഡ്-ഓൺ കവറായും ഇത് എടുക്കാം. 

∙സാധാരണഗതിയിൽ, പ്രസവത്തിന് മുമ്പും ശേഷവുമുള്ള ആശുപത്രി ചെലവുകൾ, നവജാതശിശുവിനുള്ള ചെലവുകൾ (90 ദിവസം വരെ), ഡേകെയർ ചികിത്സ, നവജാത ശിശുവിന്റെ വാക്സിനേഷൻ ചെലവുകൾ, ആംബുലൻസ് ചെലവുകൾ, പണരഹിത ക്ലെയിം സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പ്രസവ പരിരക്ഷയുള്ള ആരോഗ്യ ഇൻഷുറൻസ് പോളിസി. 

∙എന്നാൽ ഈ കവറേജ്  തിരഞ്ഞെടുക്കുന്ന പോളിസിയെയും,  ഇൻഷുറർമാരെയും ആശ്രയിച്ച്  വ്യത്യാസപ്പെടാം.

∙ഗർഭധാരണത്തെ ബാധിച്ചേക്കാവുന്ന മുൻകാല രോഗങ്ങൾ, വന്ധ്യതയുമായി ബന്ധപ്പെട്ട ചികിത്സാ ചെലവുകൾ, ചികിത്സയുടെ പരിധിക്ക് പുറത്തുള്ള ഏതെങ്കിലും ഔഷധച്ചെലവ് എന്നിവയാണ് ഇത്തരത്തിലുള്ള ആരോഗ്യ പരിരക്ഷയ്ക്ക് കീഴിലുള്ള പൊതുവായ ഒഴിവാക്കലുകളിൽ ചിലത് . 

∙ശരിയായ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നതാണ് ആശുപത്രി ചെലവ് കുറയ്ക്കുന്നതിനുള്ള ആദ്യപടി.  

∙പ്രസവ ഇൻഷുറൻസ്  വെവേറെ ഭർത്താവിനും ഭാര്യയ്ക്കും അവരുടെ പോളിസികളിൽ നിന്ന് ക്ലെയിം ചെയ്യാൻ കഴിയുന്നതിനാൽ കൂടുതൽ ലാഭിക്കാം. 

∙മാതാപിതാക്കൾക്ക് രണ്ടാൾക്കും അവരുടെ തൊഴിലുടമയുടെ പോളിസികളിൽ മെറ്റേണിറ്റി കവർ ഉണ്ടെങ്കിൽ, ഈ രണ്ട് പോളിസികളിൽ നിന്നും അവർക്ക് ക്ലെയിം ചെയ്യാൻ സാധിക്കും. എന്നാൽ ഒറിജിനൽ ബില്ലുകൾ ഒരു കമ്പനിയിലെ സമർപ്പിക്കാനാകൂ.

English Summary:

Insurance Protection for Pregnancy and Delivery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com