ADVERTISEMENT

കേരളത്തില്‍ നിന്ന് വിദേശ വിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുകയാണ്. അക്കാദമിക മികവിനൊപ്പം മികച്ച തൊഴില്‍ സാധ്യതയും ജീവിത നിലവാരവും ഉറപ്പാക്കാനാകുമെന്നതാണ് നേട്ടം. സ്‌കോളര്‍ഷിപ്പുകള്‍ക്കൊപ്പം  ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പയും പ്രയോജനപ്പെടുത്തിയാണ് സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ ഈ സ്വപ്‌നം സാക്ഷാത്കരിക്കുന്നത്. 

വിവിധ രാജ്യങ്ങളില്‍ വിദേശ വിദ്യാഭ്യാസം നേടുന്നതിനായി പുതിയ സ്‌കീമുകള്‍ക്ക് കീഴില്‍ 1.5  കോടി രൂപ വരെ ബാങ്കുകള്‍ ഇപ്പോള്‍ വായ്പ നല്‍കുന്നുണ്ട്.മറ്റു വിദ്യാഭ്യാസ വായ്പകളെ അപേക്ഷിച്ച് വായ്പാ തുക താരതമ്യേന കൂടുതല്‍ ആയിരിക്കും. അതുകൊണ്ട് വിദേശ വിദ്യാഭ്യാസ വായ്പ എടുക്കുമ്പോഴും തിരിച്ചടയ്ക്കുമ്പോഴും ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.

∙അംഗീകൃത അണ്ടര്‍ ഗ്രാജ്യേൂറ്റ്, പോസ്റ്റ് ഗ്രാജ്യേൂറ്റ്, ഡോക്ടറല്‍ (പി.എച്ച്.ഡി) കോഴ്‌സുകള്‍ക്കും ഡിപ്ലോമകള്‍ക്കുമാണ് പ്രധാനമായും വായ്പ ലഭിക്കുക.യുഎസ്എ, യു കെ, കാനഡ, ആസ്‌ട്രേലിയ, സിങ്കപ്പൂര്‍, യൂറോപ്പ്, ജപ്പാന്‍, ഹോങ്കോങ് എന്നിവിടങ്ങളിലെ പഠനത്തിനും തിരഞ്ഞെടുക്കുന്ന പഠനകേന്ദ്രങ്ങളുടെ മികവിന് അനുസൃതമായി മറ്റു രാജ്യങ്ങളിലെ പഠനത്തിനും ബാങ്കുകള്‍ സാമ്പത്തിക സഹായം നല്‍കും. 

‌∙വായ്പയ്ക്ക് അപേക്ഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ പഠനത്തിനായി തെരഞ്ഞെടുക്കുന്ന  കോഴ്‌സിന് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും മികച്ച ജോലി സാധ്യത ഉണ്ടോ എന്നത് ഉറപ്പാക്കണം. ഒപ്പം ഉദ്ദേശിക്കുന്ന തുക വായ്പയായി ലഭ്യമാകുമോ എന്നതും അറിഞ്ഞിരിക്കണം. 

∙സാധാരണയായി അഡ്മിഷന്‍ ഫീസ്,ട്യൂഷന്‍ ഫീസ്, ജീവിതച്ചെലവുകള്‍, പഠനോപകരണങ്ങള്‍ തുടങ്ങി മൊത്തം ചെലവിന്റെ 90 ശതമാനം വരെയാണ് വായ്പ ലഭിക്കുക. ബാങ്കുകള്‍ക്കനുസൃതമായി ഇതില്‍ വ്യത്യാസം വരാം. എങ്കിലും 5 ശതമാനം മുതല്‍ 15 ശതമാനം വരെ തുക സ്വയം കണ്ടെത്തേണ്ടതായി വരും. 

∙സ്‌കോളര്‍ഷിപ്പുകളും മറ്റു സാമ്പത്തിക സഹായങ്ങളും ഇതിനായി പ്രയോജനപ്പെടുത്താം. പഠനം പൂര്‍ത്തീകരിക്കുന്നതിനായി പൂര്‍ണമായും വായ്പയെ മാത്രം ആശ്രയിക്കാതിരിക്കാനാകുമെങ്കില്‍ നല്ലത്.

∙ബാങ്കുകള്‍ക്കും സ്‌കീമുകള്‍ക്കും അനുസരിച്ച്  വായ്പകളുടെ തിരിച്ചടവ് കാലാവധിയില്‍ വ്യത്യാസം വരാം എങ്കിലും പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനു ശേഷമാണ് സാധാരണയായി തിരിച്ചടവ് തുടങ്ങേണ്ടത്. പരമാവധി 15 വര്‍ഷം വരെയാണ് കാലാവധി.

∙പഠന സമയത്ത് തന്നെ പാര്‍ട്ട് ടൈം ജോലി ലഭ്യത ഉള്‍പ്പെടെയുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തി വായ്പാ തുക തിരിച്ചടയ്ക്കാന്‍ പറ്റിയാല്‍ ഭീമമായ പലിശയില്‍ നിന്ന് രക്ഷ നേടാനാകും. ഇത്തരം സാധ്യതകളും വായ്പ എടുക്കുന്നതിന് മുമ്പ് തന്നെ അന്വേഷിച്ചിരിക്കണം.

∙കൃത്യമായി തിരിച്ചടവ് നടത്തുന്നവര്‍ക്ക് എന്തെങ്കിലും ഇളവുകള്‍ ലഭ്യമാണെങ്കില്‍ അത് പ്രയോജനപ്പെടുത്തുക. 

∙ഏകദേശം 8.40 ശതമാനം മുതല്‍ 13.50 ശതമാനം വരെ പലിശ നിരക്കാണ് 7.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വിദേശ വിദ്യാഭ്യാസ വായ്പയ്ക്ക്  ബാങ്കുകള്‍ ഈടാക്കുന്നത്. ചില ബാങ്കുകള്‍ പ്രോസസ്സിങ് ഫീസും ഈടാക്കാറുണ്ട്. 

∙വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് വിവിധ ബാങ്കുകളുടെ പലിശ നിരക്കും പ്രോസസ്സിങ് ചാര്‍ജുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് നിരക്കുകളും താരതമ്യം ചെയ്തിരിക്കണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com