ADVERTISEMENT

1. ഇപ്പോൾ ഓഹരി നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാനാകുമോ?

ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ ഒട്ടേറെപ്പേർ താൽപ്പര്യപ്പെട്ട് മുന്നോട്ടു വരുന്നുണ്ട്. എന്നാൽ അവർക്കൊക്കെയുള്ള ആശങ്ക ഇപ്പോൾ വിപണിയിൽ നിക്ഷേപിക്കാൻ അനുകൂലമായ സമയമാണോ എന്നതാണ്. ഓഹരിയിൽനിന്നു നേട്ടമുണ്ടാക്കാൻ ഇപ്പോഴും സാധിക്കും. 2–3 വർഷത്തെ കാഴ്ചപ്പാടിൽ സുരക്ഷിതമായി നിക്ഷേപിക്കാവുന്ന മേഖലയാണിത്. കാരണം സൂചികകളായ നിഫ്റ്റിയും സെൻസെക്സും പുതിയ ഉയരങ്ങൾ തൊടുമ്പോഴും അതിൽ പെടാത്ത അതേ സമയം നല്ല വിപണിമൂല്യമുള്ള ഒട്ടേറെ ഓഹരികൾ വേറെയുണ്ട്. ചെറുകിട, ഇടത്തരം ഓഹരികൾ 2018ലെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് 18 ശതമാനം താഴെയാണിപ്പോൾ. അതായത് വിപണിയിൽ കുതിപ്പിന് ഇനിയും അവസരമുണ്ടെന്നാണിത് കാണിക്കുന്നത്.

2. വിപണിക്ക് അനുകൂലമായ ഘടകങ്ങളെന്തൊക്കെയാണ്?

അടുത്ത 5 വർഷത്തേക്ക് സ്ഥിരതയുള്ള ഒരു സർക്കാരാണ് നയിക്കാനുള്ളതെന്നത് വളരെ അനുകൂലമായ ഘ‍ടകമാണ്.സാമ്പത്തിക സൂചകങ്ങളൊക്കെ ഇപ്പോൾ താഴെയാണെങ്കിലും അതിന്റെ പ്രത്യഘാതങ്ങൾ താമസിക്കാതെ വിപണി മറികടക്കുക തന്നെ ചെയ്യും. നിർത്തി വച്ചിരുന്ന സാമ്പത്തിക മുന്നേറ്റ നടപടികളൊക്കെ തുടരും. 2019–20 സാമ്പത്തിക വർഷത്തിന്റെ 3–4 പാദങ്ങളാകുമ്പോൾ സമ്പദ്ഘടന തിരിച്ചു കയറുമെന്നാണ് പ്രതീക്ഷ. 

3. കരുതൽ എടുക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്?

നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ഒട്ടേറെ ഘടകങ്ങളുണ്ട്. ആഗോളതലത്തിൽ മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അമേരിക്ക– ചൈന വ്യാപാരയുദ്ധം, അസംസ്കൃത എണ്ണവില ഇനിയും ഉയരാനുള്ള സാധ്യത, ഇതൊന്നും തള്ളിക്കളയാനാകില്ല. എന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ വിപണിയിൽ നിക്ഷേപിച്ചാൽ 15 ശതമാനമെങ്കിലും വാർഷിക നേട്ടം കിട്ടാൻ സാധ്യത ഉണ്ട്. 2 മുതൽ 5 വർഷം വരെ എന്ന കാഴ്ചപ്പാടോടെ വിപണിയിൽ നിക്ഷേപിക്കുന്നത് തികച്ചും അനുകൂലമായ കാര്യമാണ്. ഈ അവസരം വേണ്ടെന്നു വെക്കരുത്.

4. ഇപ്പോൾ വിപണിയിൽ ആദ്യമായി നിക്ഷേപിക്കുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം?

ഓഹരി വിപണിയിൽ ഇറങ്ങിയാൽ പൈസ പോകുമോ എന്ന പേടിയാണ്  പലരെയും വിപണിയിൽ നിന്നു മാറ്റിനിർത്തുന്നത്.ഇതിനുള്ള പ്രധാന കാരണം വിപണിയെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ഓഹരിയെന്നത് നാം നിക്ഷേപിച്ച് ശീലിച്ചിട്ടുള്ള ബാങ്ക് സ്ഥിര നിക്ഷേപമോ, സ്വർണമോ പോലെയല്ല. ഇവിടെ എല്ലാവരും ആദ്യമായി ഓഹരിയിൽ നിക്ഷേപിക്കുന്നവരാണ്.അതുകൊണ്ടു തന്നെ ആരെങ്കിലും പറഞ്ഞതു കേട്ടിട്ടായിരിക്കരുത് നിക്ഷേപ തീരുമാനം എടുക്കേണ്ടത്. കൃത്യമായ വിവരങ്ങളുടെ, പഠനത്തിന്റെ, മാർഗനിർദ്ദേശത്തിന്റെ ഒക്കെ അടിസ്ഥാനത്തിൽ വേണം ഓഹരിയിൽ നിക്ഷേപിക്കാൻ. മികച്ച അടിസ്ഥാന ഘടകങ്ങളുള്ള ഓഹരികൾ കണ്ടെത്തുക. 5 വർഷം വരെയുള്ള കാലയളവിൽ അവയിൽ നിക്ഷേപിക്കുക. തൽക്കാലത്തേക്ക് വില കുറഞ്ഞാലും ക്ഷമാപൂർവം കാത്തിരുന്നാൽ  നേട്ടമുറപ്പാണ്.വിൽക്കാൻ തിരക്കു കൂട്ടാതെ നിക്ഷേപലക്ഷ്യത്തിലെത്തുന്നതു വരെ കാത്തിരിക്കുക. ഇവിടെ ശ്രദ്ധിക്കാനുള്ള ഒരു കാര്യം, തെറ്റായ നിക്ഷേപ തീരുമാനത്തിലൂടെ വാങ്ങിയ ഓഹരിയുടെ വില ഇടിയുകയാണെങ്കിൽ കൂടുതൽ റിസ്ക് എടുക്കാതെ അവ വിറ്റു മാറുകതന്നെ ചെയ്യണം. ഓഹരിയിൽ എപ്പോഴും നഷ്ടം കുറയ്ക്കാനും ലാഭം കൂട്ടാനും സഹായിക്കുന്ന തീരുമാനങ്ങളാകണം എടുക്കേണ്ടത്. 

5. ഓഹരി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

ഏറ്റവും ആദ്യം പരിഗണിക്കേണ്ടത് കമ്പനിയുടെ പ്രൊമോട്ടർ ആരെന്നതാണ്. നല്ല പേരുള്ള ഗ്രൂപ്പാണ് പ്രൊമോട്ടറെങ്കിൽ കമ്പനിയെക്കുറിച്ച് കാര്യമായ  ആശങ്ക വേണ്ട. കമ്പനിയുടെ പ്രവർത്തന ചരിത്രം, പ്രതിനിധാനം ചെയ്യുന്ന വ്യവസായത്തിന്റെ സാധ്യത എന്നിവ കൂടി പരിഗണിക്കണം. സമാനമായ മേഖലയിൽ കൂടുതൽ നല്ല കമ്പനിയുണ്ടെങ്കിൽ അതും പരിഗണിക്കാം. സ്ഥിരമായി വളർച്ച കാണിക്കുന്നുണ്ടോ, ലാഭവീതം, ബോണസ് ഇവ നൽകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ പരിഗണിക്കാം. 

6. നിലവിലുള്ള ചെറുകിട നിക്ഷേപകർ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

കൈവശമുള്ള മികച്ച ഓഹരികൾ വിറ്റു മാറരുത്. ഇപ്പോൾ വിപണിയിൽ നല്ല ഓഹരികൾ കുറഞ്ഞ വിലയ്ക്കു വാങ്ങാനുള്ള അവസരമുണ്ട്. അത് പരമാവധി ഉപയോഗപ്പെടുത്തുക. സൂചികയ്ക്കു പുറമേയുള്ള നല്ല ഓഹരികൾക്ക് അടുത്ത നാളുകളിൽ ഇടിവ് നേരിട്ടതിനാൽ നല്ല വിലക്കുറവിൽ വാങ്ങാനാകും. നല്ല ഓഹരിയാണ് കൈവശമുള്ളതെങ്കിൽ വിപണി ഇടിവുണ്ടായാലും ആശങ്കപ്പെടേണ്ടതില്ല. ട്രേഡർമാരായിട്ടുള്ളവർ കഴിയുന്നതും ഇന്നത്തെ അവസരം ഉപയോഗപ്പെടുത്തി നിക്ഷേപം നടത്താൻ ശ്രമിക്കുക. കാരണം ട്രേഡിങ് ചെയ്യുന്നവര്‍ക്ക് 90 ശതമാനവും പണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

7. ഈ അവസരത്തിൽ നിക്ഷേപയോഗ്യമായ 5 ഓഹരികൾ നിർദ്ദേശിക്കാമോ?

 

∙എച് ഡി‍ എഫ് സി ലൈഫ്  

വളർച്ചാസാധ്യതയുള്ള വ്യവസായമാണ് ഇൻഷുറൻസ് മേഖല.തന്നെയുമല്ല, ഈ രംഗത്തെ സ്വകാര്യ കമ്പനികൾ വിപണി വിഹിതം വർധിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഒന്നാം സ്ഥാനത്തുള്ള സ്വകാര്യ കമ്പനിയായ എച് ഡി‍ എഫ് സി ലൈഫിന് മികച്ച നാളുകളാണ് വരാനിരിക്കുന്നത്.

∙കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ്

 ഈ പൊതു മേഖലാ കമ്പനിയുടെ ഓർഡർ ബുക്ക് വളരെ ശക്തമാണ്. വാല്യുവേഷനും ആകർഷകമാണ്. പുതിയ സര്‍ക്കാർ വന്നതോടെ കൂടുതൽ ഓർഡറുകൾ ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

ക്രോംപ്ടൺ

നല്ല ബ്രാൻഡ് ഇമേജും ഒപ്പം തന്നെ പുതുമയാർന്ന ഉൽപ്പന്നനിരയുമാണ്  കമ്പനിയുടെ കരുത്ത്. 

∙കോട്ടക് മഹിന്ദ്ര ബാങ്ക് 

ബാങ്കിന്റെ കിട്ടാക്കടത്തിന്റെ തോത് ആശ്വാസകരമാണ്.സ്ഥിരമായ വളർച്ചയും പ്രകടിപ്പിക്കുന്നു.

∙ബജാജ് ഓട്ടോ 

 വാഹനവ്യവസായം പൊതുവെ മങ്ങലിലാണെങ്കിലും ബജാജ് ഓട്ടോ ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും സജീവമാണ്. പണമുള്ള കമ്പനിയുമാണ്.

ലേഖകൻ ക്യാപ്സ്റ്റോക്സ് സെക്യൂരിറ്റീസിന്റെ മാനേജിങ് ഡയറക്ടറാണ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com