ADVERTISEMENT

എന്‍ഡിഎ സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പായതോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ച്ചയിലേക്ക്‌ വിപണി എത്തി.  സര്‍ക്കാര്‍ പരിഷ്‌കരണ നയങ്ങള്‍ തുടരുമെന്ന പ്രതീക്ഷയില്‍ ബുള്ളിഷ്‌ തരംഗം തുടരും.

ഇപ്പോഴത്തെ ഈ റാലിക്കു ശേഷം രണ്ടു മൂന്നു മാസത്തേക്ക് വിപണി സ്ഥിരതയാർജിക്കാനാണ് സാധ്യത. അതിനുശേഷം വീണ്ടും ബുൾ റാലി തുടരും. വ്യാപാര യുദ്ധം ശക്തമായതും എന്‍ഡിഎയുടെ ഭൂരിപക്ഷം കുറയുമെന്ന അഭ്യൂഹങ്ങളും കാരണം മേയ്‌ 16 വരെ വിപണിയില്‍ ചാഞ്ചാട്ടം തുടര്‍ന്നു. എല്ലാ മേഖലകളിലും വിൽപന സമ്മർദം ഉണ്ടായി, റിയാലിറ്റി, പവര്‍, എനര്‍ജി, എണ്ണ, വാതകം തുടങ്ങിയവ വലിയ നഷ്ടം രേഖപ്പെടുത്തി. ഐടി മേഖല മാത്രമാണ് ഒഴുക്കിനെതിരെ നീന്തിയത്. ചൈനയില്‍നിന്നുള്ള ഇറക്കുമതിക്കുള്ള തീരുവ 10 ല്‍ നിന്നു 25 ശതമാനമാക്കാനുള്ള ട്രംപിന്റെ ഉത്തരവ്‌ യുഎസ്‌-ചൈന വ്യാപാര യുദ്ധത്തിന്റെ ആക്കം കൂട്ടി. ഇതെ തുടര്‍ന്ന്‌ ചൈനീസ്‌ ബഞ്ച്‌ മാര്‍ക്ക് സിഎസ്‌ഐ, ഹാങ്‌ സെങ്‌ ഉള്‍പ്പടെയുള്ള ആഗോള സൂചികകൾ ഇടിഞ്ഞു. ഇപ്പോൾ കൂടുതൽ ചൈനീസ്‌ ഉൽപന്നങ്ങള്‍ക്കു കൂടി അധിക തീരുവ ചുമത്താന്‍ ട്രംപ്‌ ഉത്തരവിട്ടിരിക്കുകയാണ്‌. ചൈനീസ്‌ കറന്‍സിയായ യുവാന്റെ മൂല്യം കുറയുന്നത് ഡോളറിനെ ശക്തമാക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള എമര്‍ജിങ്‌ മാര്‍ക്കറ്റുകളിലെ കറന്‍സിയെ ദുര്‍ബലമാക്കുകയും ചെയ്യും.

പലിശയിൽ മാറ്റം വരുത്തേണ്ടെന്ന യുഎസ്‌ ഫെഡ്‌ തീരുമാനം ഇന്ത്യ ഉള്‍പ്പെടെയുള്ള എമര്‍ജിങ്‌ വിപണിയിലേക്ക്‌ നിക്ഷേപം പ്രവഹിപ്പിക്കാം. 7.5% വളര്‍ച്ചയാണ്‌ പ്രതീക്ഷ. രൂപയുടെ മൂല്യം 69.62 എന്നതിൽനിന്ന് വര്‍ഷാവസാനത്തോടെ 65-66 വരെ എത്തിയേക്കാം.

ജൂണിൽ 11,040 - 12,430 പരിധിയിൽ

യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തിരുത്തല്‍ ഉണ്ടായി നിഫ്‌റ്റി 11,108 ലേക്ക്‌ എത്തി. എന്നിരുന്നാലും എക്‌സിറ്റ്‌ പോളിനു മുൻപായി 11,400 ലേക്കു മടങ്ങിയ നിഫ്റ്റി ഫലപ്രഖ്യാപന ദിവസം 12,041 ന്റെ പുതിയ ഉയരം കുറിച്ച ശേഷം ഇപ്പോൾ ലാഭമെടുപ്പിന്റെ പാതയിലാണ്. സമീപഭാവിയില്‍ വിപണി ബുള്ളിഷ്‌ തരംഗം തുടരുമെന്നു പ്രതീക്ഷിക്കാം.

ജൂണ്‍ മാസത്തില്‍ നിഫ്റ്റി 12,210 ലേക്കും 12,430 ലേക്കും
എത്തുമെന്നാണു പ്രതീക്ഷ. പുതിയ സര്‍ക്കാരില്‍ നിന്നു വിപണിക്ക്‌ അനുകൂലമായി ഉണ്ടാകുന്ന ഏത്‌ പ്രഖ്യാപനവും നിഫ്‌റ്റിയെ ഇടക്കാല ലക്ഷ്യമായ 12,845 ലേക്ക്‌ എത്തിക്കാം. തിരുത്തല്‍ ഉണ്ടായാലും 11,482 ലും 11,040 ത്തിലും സപ്പോര്‍ട്ട്‌ ലഭിക്കും

ഇനിയും മുന്നേറ്റം

നാലാംപാദ ഫലപ്രഖ്യാപനങ്ങളുടെയും തിരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിന്റെയും പശ്ചാത്തലത്തില്‍ വിപണിയിലെ മുന്നേറ്റം വരും ദിനങ്ങളില്‍ തുടരുമെന്നാണു പ്രതീക്ഷ. യുഎസ്‌-ചൈന വ്യാപാര ചര്‍ച്ചകളിലെ പുരോഗതി, അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടാകുന്ന മാറ്റം, കറന്‍സിയുടെ ചാഞ്ചാട്ടങ്ങള്‍ എന്നിവയും ശ്രദ്ധയോടെ നിരീക്ഷിക്കണം.

ശക്തമായ മുന്നേറ്റം പ്രകടമാക്കിയതിനാല്‍ ഐടി മേഖലയില്‍ നേരിയ ഇടിവു പ്രതീക്ഷിക്കുന്നുണ്ട്‌. സ്വകാര്യ ബാങ്കുകള്‍, അള്‍ട്രാടെക്‌, ശ്രീ സിമന്റ്‌ പോലുള്ള സിമന്റ്‌ കമ്പനികള്‍ എന്നിവയില്‍ ലാഭമെടുപ്പ്‌ പ്രതീക്ഷിക്കാം അതേസമയം എസ്‌ബിഐ നേതൃത്വം നല്‍കുന്ന പൊതുമേഖലാ ബാങ്കുകള്‍ തിരിച്ചു കയറും.

ലേഖകൻ  എഎഎ പ്രോഫിറ്റ് അനലിറ്റിക്സിന്റെ ചീഫ് എക്സിക്യൂട്ടുവ് ഓഫീസറും സെബി അംഗീകൃത റിസർച് അനലിസ്റ്റുമാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com